തമിഴ് നടന്‍ ജയം രവിയുടെ (രവി മോഹന്‍) കുടുംബജീവിതത്തിലെ പ്രതിസന്ധികളും വാര്‍ത്താ സമ്മേളനത്തിലെ വിങ്ങിപ്പൊട്ടലും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കെ, ഈ വിഷയത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മിനിസ്‌ക്രീന്‍ താരം അമേയ നായര്‍. ജയം രവിയുടെ അവസ്ഥ കണ്ട് തനിക്ക് വിഷമം തോന്നിയെന്നും ഇന്നത്തെ കാലത്ത് പുരുഷന്മാരും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അമേയ വ്യക്തമാക്കി.
ജയം രവിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ കാണുമ്പോള്‍ തന്നെ അദ്ദേഹം കടുത്ത ഡിപ്രഷനിലാണെന്ന് വ്യക്തമാണെന്ന് അമേയ പറയുന്നു. 'അദ്ദേഹത്തിന്റെ മുഖത്തുനോക്കിയാല്‍ ആ മാനസിക വിഷമം മനസ്സിലാകും. ഗാര്‍ഹിക പീഡനങ്ങള്‍ ഇന്നത്തെ തലമുറയിലെ പുരുഷന്മാരും അനുഭവിക്കുന്നുണ്ട്. വിവാഹജീവിതത്തില്‍ മാനസികമായും വൈകാരികമായും സാമ്പത്തികമായും പുരുഷന്മാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങള്‍ ഇന്നുമുണ്ട്. തീര്‍ച്ചയായും ഇതിനെല്ലാമുള്ള കൃത്യമായ തെളിവുകള്‍ ഹാജരാക്കിയാല്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ നിയമപരമായി വിവാഹമോചനം ലഭിച്ചേക്കും,' അമേയ അഭിപ്രായപ്പെട്ടു.
തന്റെ വിവാഹമോചന കാലത്ത് താനൊരു സെലിബ്രിറ്റിയല്ലാതിരുന്നതിനാല്‍ അനുഭവിച്ച സങ്കടങ്ങള്‍ ആരും കണ്ടിട്ടില്ലെന്ന് അമേയ ഓര്‍ത്തെടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് താന്‍ മക്കളെ വളര്‍ത്തിയത്. വേറൊരാളുടെ ജീവിതത്തില്‍ പോയി ഒരു അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം തകര്‍ക്കേണ്ട കാര്യം തനിക്കില്ല. എല്ലാം തകര്‍ന്ന് തരിപ്പണമായി നിന്നൊരു വ്യക്തിക്കാണ് താന്‍ പിന്നീട് ജീവിതം കൊടുത്തതെന്ന ബോധ്യമുള്ളതിനാല്‍ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെയോ കല്ലേറുകളെയോ താന്‍ ഭയപ്പെടുന്നില്ലെന്നും അമേയ കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും മാനസിക സങ്കടങ്ങള്‍ അടക്കിവെക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അമേയ, തന്റെ പങ്കാളി ബിഗ് ബോസ് ഷോയില്‍ നേരിട്ട സമാനമായൊരു അനുഭവവും പങ്കുവെച്ചു. 'ജയം രവിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മക്കളുടെ കാര്യം പറഞ്ഞ് ആക്രോശിക്കേണ്ടി വന്നത് ഉള്ളിലെ വിഷമം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്.
ഇതേ അവസ്ഥയില്‍ ഞാന്‍ എന്റെ പാര്‍ട്ണറെയും കണ്ടിട്ടുണ്ട്. ബിഗ് ബോസ് പോലുള്ള വലിയൊരു ഷോയില്‍ വെച്ച് കുഞ്ഞിന്റെ കാര്യം എടുത്തിട്ട് എതിര്‍ മത്സരാര്‍ത്ഥി അദ്ദേഹത്തെ ബുള്ളി ചെയ്യാന്‍ (മാനസികമായി തളര്‍ത്താന്‍) ശ്രമിച്ചിരുന്നു. അന്ന് അദ്ദേഹം ഇതുപോലെ പൊട്ടിത്തെറിക്കുന്നത് ഞാന്‍ കണ്ടതാണ്. അവരവരുടെ ഉള്ളിലെ വിഷമങ്ങളും പ്രശ്‌നങ്ങളുമൊക്കെ അടക്കിപ്പിടിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്,' അമേയ നായര്‍ പറഞ്ഞു നിര്‍ത്തി.