ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഡിമാന്‍ഡുള്ള നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. 'പുഷ്പ' എന്ന നടന്റെ കരിയര്‍ ബ്രേക്കിങ്ങ് ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വാങ്ങിക്കൊണ്ട് പാന്‍ ഇന്ത്യന്‍ താരങ്ങളില്‍ മുന്‍ പന്തിയിലെത്തിയിരിക്കു കയാണ് അല്ലു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്, ലണ്ടനിലെ ലോക പ്രശസ്ത വാക്‌സ് മ്യൂസിയമായ മാഡം തുസാഡ്‌സില്‍ അല്ലുവിന്റെ പ്രതിമ ഒരുങ്ങുകയാണ്.
ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ നടനാണ് അല്ലു അര്‍ജുന്‍. ബാഹുബലി ലുക്കില്‍ പ്രഭാസ്, സ്‌പൈഡര്‍ ചിത്രത്തിലെ മഹേഷ് ബാബു എന്നിവരാണ് മ്യൂസിയത്തിലെ മറ്റ് തെന്നിന്ത്യന്‍ താരങ്ങള്‍. പുഷ്പ ലുക്കിലാണ് അല്ലു അര്‍ജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നത്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ മെഴുക് രൂപങ്ങളുടെ വിപുലമായ ശേഖരവും ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയം ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂള്‍' ഉള്‍പ്പടെ നിരവധി ചിത്രങ്ങളുമായി നിറഞ്ഞ ഷെഡ്യൂളാണ് അല്ലുവിന്റേത്. സുകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍-പാക്ക്ഡ് ത്രില്ലറായ പുഷ്പയില്‍ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, പ്രകാശ് രാജ്, സുനില്‍, കൂടാതെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. 2024 ഓഗസ്റ്റില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിവയുള്‍പ്പെടെയുള്ള ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക.