സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടെ മുഖ്യാതിഥിയായെത്തിയ മോഹന്‍ലാലിന് നേരെ പ്രതീകാത്മക 'തോക്ക്' ചൂണ്ടി നടന്‍ അലന്‍സിയര്‍ പ്രതിഷേധിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വിമര്‍ശനത്തിന് ഇരയാകുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് അലന്‍സിയറിന്റെ പ്രവര്‍ത്തിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ താരസംഘടനയായ അമ്മയും അതൃപ്തി രേഖപ്പെടുത്തി.
എന്നാല്‍ വിവാദ വെടിവയ്ക്കല്‍ വിഷയത്തില്‍ അലന്‍സിയര്‍ പറയുന്നത് താന്‍ ഒരിക്കലും മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചിട്ടില്ലെന്നാണ്. മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അലന്‍സിയര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മുന്നിലേക്ക് വന്ന് കൈവിരലുകള്‍ തോക്കുപോലെയാക്കി മോഹന്‍ലാലിന് നേരെ ചൂണ്ടുകയായിരുന്നു. രണ്ടുവട്ടം കാഞ്ചി വലിക്കുന്നതായും കാണിച്ചു. മുഖ്യമന്ത്രി ഉള്‍പെടെയുള്ള മന്ത്രിമാര്‍ വേദിയിലിരിക്കെയായിരുന്നു സംഭവം.
മോഹന്‍ലാലിനോടുള്ള പ്രതിഷേധ സൂചകമായാണ് അലന്‍സിയര്‍ അങ്ങനെ ചെയ്തതെന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ താന്‍ പ്രതിഷേധിക്കുകയായിരുന്നില്ലെന്നാണ് അലന്‍സിയര്‍ വ്യക്തമാക്കിയത്. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹന്‍ലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. മൂത്ര ശങ്ക തോന്നിയപ്പോള്‍ അദ്ധേഹത്തോട് കൈ ഉയര്‍ത്തി ആംഗ്യം കാണിച്ചതെന്നുമാണ് അലന്‍സിയര്‍ വിശദീകരിച്ചത്. മോഹന്‍ലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ആംഗ്യം കാണിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാര പ്രഖ്യാപന വേളയില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുകയും മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചതിനും ശേഷമാണ് സ്റ്റേജില്‍ അലന്‍സിയര്‍ നിന്നിറങ്ങിയത്. അതേ സമയം അലന്‍സിയറിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. മോഹന്‍ ലാലിനെ അപമാനിച്ചതിന് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഫാന്‍സ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. അമ്മയിലെ അംഗങ്ങളും അതൃപ്തി രേഖപ്പെടുത്തി.