ഇന്ത്യന്‍ സിനിമാ രംഗത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ചും അനുചിതമായ ലൈംഗികച്ചുവയോടെയുള്ള സമീപനങ്ങളെക്കുറിച്ചും നടി സാക്ഷി അഗര്‍വാള്‍ വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് തെന്നിന്ത്യന്‍, ബോളിവുഡ് ചലച്ചിത്രങ്ങളിലും റിയാലിറ്റി ഷോകളിലും ശ്രദ്ധേയയായ സാക്ഷി തന്റെ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.
നോര്‍ത്ത് ഇന്ത്യന്‍ നായികയെപ്പോലെയാണ് സൗത്തില്‍ നിന്നുളളവര്‍ എന്നെ കാണുന്നത്. എന്നാല്‍ നോര്‍ത്തില്‍ പോകുമ്പോള്‍ സൗത്ത് ഇന്ത്യന്‍ നായികയായാണ് പരിഗണിക്കുന്നത്. ഞാന്‍ ഒരു ഇന്ത്യന്‍ നടിയാണ്, എന്റെ നാടല്ല, കലയാണ് പ്രധാനം,' സാക്ഷി പറഞ്ഞു. തന്റെ കരിയറില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ട്. അനുചിതമായ ആവശ്യങ്ങളുമായി പലരും സമീപിച്ചു. ഇതില്‍ നിന്നെല്ലാം താന്‍ ഒഴിഞ്ഞുമാറി. ഇത് തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചില്ലെന്നും, പകരം തന്റെ കഴിവുകളെ അംഗീകരിക്കുന്നവരിലേക്ക് തന്നെ എത്തിക്കുകയാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങള്‍ക്ക് പുറമെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സാക്ഷി അഗര്‍വാള്‍ സൂചിപ്പിച്ചു. ഒരു സിനിമാ വ്യവസായവും മറ്റൊന്നിനേക്കാള്‍ സുരക്ഷിതമാണെന്ന് പറയാനാവില്ലെന്നും എന്നാല്‍ തമിഴ് സിനിമാ വ്യവസായത്തിന് ശക്തമായ അച്ചടക്കവും തൊഴില്‍പരമായ അതിര്‍വരമ്പുകളും ഉണ്ടെന്ന് അവര്‍ നിരീക്ഷിച്ചു. മലയാളം സിനിമയില്‍ സംഭാഷണങ്ങളെക്കാള്‍ പ്രാധാന്യം നിശബ്ദതക്ക് (സൈലന്‍സിന്) നല്‍കുന്നത് എങ്ങനെ പഠിച്ചുവെന്നും, പലപ്പോഴും ഡയലോഗിനേക്കാള്‍ ശക്തമായ വികാരങ്ങള്‍ നിശബ്ദത പ്രകടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2013ല്‍ പുറത്തിറങ്ങിയ 'രാജാ റാണി' എന്ന ചിത്രത്തിലൂടെയാണ് സാക്ഷി അഗര്‍വാള്‍ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നഡ സിനിമകളില്‍ തിരക്കേറിയ നടിയായി. 'അരണ്‍മനൈ 3', 'കാലാ' തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടി. 'ഒരായിരം കിനാക്കള്‍', 'ബെസ്റ്റി' തുടങ്ങിയ മലയാള ചിത്രങ്ങളിലും സാക്ഷി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അവര്‍ സിനിമയില്‍ സജീവമാണ്.