തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അജിത്ത്. ഒരു ഫുള്‍-ടൈം റേസിംഗ് ഡ്രൈവര്‍ കൂടിയാണ് അജിത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ കരിയര്‍, പ്രശസ്തി, പ്രത്യാഘാതങ്ങള്‍, കുടുംബം എന്നിവയെക്കുറിച്ച് അജിത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന്‍ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നാണെന്നും, മാതാപിതാക്കളുടെ കാഴ്ചപ്പാടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെറുപ്പത്തിലേ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ പഠിച്ചുവെന്നും അജിത് കുമാര്‍ പറഞ്ഞു. ഇന്നത്തെ സിനിമാ മേഖലയില്‍, പ്രത്യേകിച്ച് ബോളിവുഡില്‍, താരങ്ങളുടെ സഹായികളുടെ എണ്ണവും ചെലവും വര്‍ധിക്കുന്നത് നിര്‍മ്മാണച്ചെലവ് കൂട്ടുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. തൊഴില്‍പരമായ കാര്യങ്ങളില്‍ മറ്റുള്ളവരുടെ സഹായം ജീവിതം എളുപ്പമാക്കുമെന്നും സമയം ലാഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അംഗീകരിച്ചു.
എന്നാല്‍, തുടക്കത്തില്‍ ലഭിക്കുന്ന സഹായം പിന്നീട് എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു ദുശ്ശീലമായി മാറാന്‍ സാധ്യതയുണ്ടെന്നും, ഇത് തന്നെ വഷളാക്കുമെന്ന് ഭയന്നാണ് താന്‍ ഈ ശീലങ്ങളില്‍ നിന്ന് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. 'തുടക്കത്തില്‍ ആളുകള്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ ഒരു കാലയളവിനുശേഷം നിങ്ങള്‍ അത് ചുറ്റുമുള്ള എല്ലാവരില്‍ നിന്നും പ്രതീക്ഷിച്ചു തുടങ്ങും. അത് മുമ്പ് എനിക്ക് സംഭവിച്ചിട്ടുണ്ട്. അതില്‍ എനിക്ക് ലജ്ജയുണ്ട്,' അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഈ കാരണങ്ങളാലാണ് താന്‍ ദുബായിലേക്ക് താമസം മാറിയതെന്നും, എല്ലാ ശബ്ദകോലാഹലങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും പ്രധാനമായും മോട്ടോര്‍ സ്പോര്‍ട്സിന് സമയം കണ്ടെത്താനും ഇത് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യേണ്ടി വരുന്നു, അത് താന്‍ ആസ്വദിക്കുന്നു. 20 വര്‍ഷം മുമ്പ് തന്നെ കണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ വെറുക്കുമായിരുന്നുവെന്നും, അന്ന് വലിയ സഹായിവൃന്ദം ഉണ്ടായിരുന്നതുകൊണ്ട് ജീവിതം ബുദ്ധിമുട്ടാകുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
സിനിമയിലെ തന്റെ തുടക്കക്കാലം അജിത് ഓര്‍ത്തെടുത്തു, ഒരുകാലത്ത് തനിക്ക് ശരിയായ രീതിയില്‍ തമിഴ് സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് അജിത് പറഞ്ഞു.എനിക്ക് ഭാഷ ശരിയായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ തമിഴ് സംസാരശൈലി വേറെയായിരുന്നു. പക്ഷേ പിന്നീട് ഞാനത് ശരിയാക്കിയെടുത്തു,' അജിത് ഓര്‍ക്കുന്നു.
പേര് മാറ്റാന്‍ ആളുകള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും അജിത് വെളിപ്പെടുത്തി. ''തുടക്കത്തില്‍ എന്റെ പേര് മാറ്റാന്‍ എന്നോട് പലരും ആവശ്യപ്പെട്ടിരുന്നു. കാരണം അതൊരു സാധാരണ പേരായി അവര്‍ക്ക് തോന്നി. പക്ഷേ, എനിക്ക് മറ്റൊരു പേരും വേണ്ടെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു.'
ശരിയായ ടീമിനെ ഉണ്ടാക്കിയതും വിജയിക്കാനുള്ള ആഗ്രഹവും തന്റെ അഭിനയ- റേസിംഗ് കരിയറുകള്‍ക്ക് ഒരുപോലെ പ്രധാനമാണെന്ന് അജിത് പറയുന്നു. ''ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാനെന്റെ ഹൃദയവും ആത്മാവും നല്‍കുന്നു. ധാരാളം വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഞാന്‍ എല്ലാം തരണം ചെയ്തു. റേസിംഗിന്റെ കാര്യത്തിലാണെങ്കില്‍ പോലും. ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന 19 വയസ്സുകാരനെപ്പോലെ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടാകാം. നിങ്ങള്‍ ശരിയായ ടീമിനെ ഒരുമിപ്പിക്കേണ്ടതുണ്ട്. ഞാന്‍ പ്രവര്‍ത്തിക്കുന്ന സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെയെല്ലാം ലഭിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. അവരില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിക്കുന്നു.''
സിനിമകളില്‍ വര്‍ക്ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടങ്ങളിലും മറ്റുമായി താന്‍ 29 ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ടെന്നും അജിത് വെളിപ്പെടുത്തി. തന്റെ എല്ലാ വിജയത്തിനും അജിത് ഭാര്യ ശാലിനിയോടാണ് കടപ്പെട്ടിരിക്കുന്നതെന്നും നടന്‍ പറയുന്നു.
'ഞാന്‍ ഒപ്പം ജീവിക്കാന്‍ എളുപ്പമുള്ള ഒരാളാണെന്ന് തോന്നുന്നില്ല. ഞാന്‍ അവളെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്, പക്ഷേ അവള്‍ വലിയ പിന്തുണ നല്‍കി. കുട്ടികള്‍ വരുന്നതുവരെ അവള്‍ എന്റെ റേസുകള്‍ക്കായി എന്നോടൊപ്പം യാത്ര ചെയ്യുമായിരുന്നു. അവളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.''പ്രശസ്തിയ്ക്കും വിജയങ്ങള്‍ക്കുമിടയില്‍, കുടുംബത്തോടൊപ്പമുള്ള പ്രധാനപ്പെട്ട സമയം ഉള്‍പ്പെടെ, പലതും ത്യജിക്കാന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നും അജിത് പറഞ്ഞു.
'ഞാന്‍ മിക്കപ്പോഴും എന്റെ വീട്ടില്‍ ഒതുങ്ങി കഴിയുകയാണ്. എനിക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹത്തിനും ആരാധകരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, എന്നാല്‍ ആ സ്‌നേഹം കാരണം എനിക്ക് കുടുംബത്തോടൊപ്പം പുറത്തു പോകാന്‍ കഴിയില്ല. മകനെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ എനിക്ക് കഴിയില്ല. വളരെ വിനയത്തോടെ എന്നോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ട സന്ദര്‍ഭങ്ങളുണ്ട്. സൗകര്യങ്ങളുടെയും നല്ല ജീവിതശൈലിയുടെയും കാര്യത്തില്‍, പ്രശസ്തി നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കുന്നു, പക്ഷേ നിങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങള്‍ അത് എടുത്തുമാറ്റുന്നു,'' അജിത് പറഞ്ഞു.