നടി അദിതി റാവു ഹൈദരിയും തമിഴ് താരം സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതും ഔട്ടിങിന് പോകുന്നതുമൊക്കെയായ ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് സിദ്ധാര്‍ത്ഥോ അദിതിയോ പ്രതികരിച്ചിരുന്നില്ല.
എന്നാലിപ്പോള്‍ ഇരുവരും വിവാഹിതരായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹൈദരാബാദിലെ പ്രശസ്ത രാജകുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. അതുകൊണ്ടാണ് താരവിവാഹം ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് നടത്തിയതെന്നാണ് വിവരം
2021മുതല്‍ സിദ്ധാര്‍ഥും അദിതി റാവുവും പ്രണയത്തിലാണ്. 2021ല്‍ 'മഹാസമുദ്രം' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. താരങ്ങള്‍ ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ലാണ് സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം.
ബാല്യകാല സുഹൃത്തായ മേഘ്‌നയെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. എന്നാല്‍ 2007ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞു.