തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അതിഥി റാവു ഹൈദരി. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020 ല്‍ സൂഫിയും സുജാതയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. മണിരത്നത്തിന്റെ കാട്രു വെളിയിതെ, ചെക്കാ ചിവന്ത വാനം എന്നീ ചിത്രങ്ങളിലെ നായിക വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ അദിതി റാവു ഹൈദരി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുകയാണ്. സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍ കരിയറിന്റെ തുടക്കത്തില്‍ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളാണ് താരം അഭിമുഖത്തില്‍ പങ്കുവച്ചത്.
നല്ലവേഷങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചപ്പോള്‍ തനിക്കെതിരെ ചിലര്‍ തിരിഞ്ഞുവെന്നും അദിതി പറയുന്നു 'എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് ഞാന്‍ എന്നും സംസാരിക്കും. പക്ഷെ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമാണ്. എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്?
അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല. പക്ഷെ ആ തീരുമാനം എന്നെ കരുത്തയാക്കുകയും എനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെടുകയും ചെയ്തു. 2 ചിലപ്പോള്‍ നമ്മള്‍ക്ക് ഒരു പ്രതിസന്ധി നേരിടുകയും അതിനെ മറികടക്കുകയും വേണ്ടി വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്' അദിതി പറഞ്ഞു.