ദിലീപും മഞ്ജു വാര്യർക്കുമിടയിൽ ഉണ്ടായ വിഷയത്തിൽ ഇടപെടുകയും അതിൽ മഞ്ജുവിനൊപ്പം നിൽക്കുകയും ചെയ്തതോടെയാണ് ആക്രമിക്കപ്പെട്ട നടിയുടെ കരിയറിൽ വലിയ ഡ്രോപ്പ് ഉണ്ടാകുന്നതെന്ന് നടി ശില്പ ബാല. മാതൃഭൂമി സ്റ്റാർ സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ശിൽപ്പ മനസ്സു തുറന്നത്. ദിലീപിനെ തിരിച്ചെടുത്തതുകൊണ്ടല്ല ആക്രമിക്കപ്പെട്ട നടി എ.എം.എം.എയിൽ നിന്ന് രാജിവച്ചതെന്ന് നടി ശിൽപ ബാല. അവൾക്ക് അർഹപ്പെട്ട പരിഗണന എ.എം.എം.എ നൽകാത്തതുകൊണ്ടാണ് രാജിയെന്നും അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുകൂടിയായ ശിൽപ ബാല പറഞ്ഞു.
ശിൽപ ബാലയുടെ വാക്കുകൾ:
'അവൾക്ക് അർഹപ്പെട്ട പരിഗണന എ.എം.എം.എ നൽകിയില്ല. തെലുഗിലും കന്നടയിലും തമിഴിലും മലയാളത്തിലുമായി എഴുപത്തെട്ടോളം സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ളവളാണ് അവൾ. അതായത് ദിലീപ്-മഞ്ജു വാര്യർ വിഷയത്തിൽ അവൾ മഞ്ജുവിനൊപ്പം നിന്നതാണ് കരിയറിൽ വലിയ ഡ്രോപ്പ് ഉണ്ടാകാൻ കാരണം. നന്നായി തൊഴിലെടുത്ത് കുടുംബം നോക്കിയ നടിക്കാണ് ഈ അപ്രഖ്യാപിത വിലക്കുകളെ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാൽ അതെല്ലാം അതിജീവിച്ച് അഭിനയം തുടരുന്ന അവസ്ഥയിലാണ് ഈ ആക്രമണം ഉണ്ടായത്. ആദ്യം ആരാണ് ചെയ്തതെന്ന് അറിയില്ലായിരുന്നു. പിന്നെ പല ഊഹാപോഹങ്ങൾ ഉണ്ടായി. തൽക്കാലം പൊലീസുകാരെ വിശ്വസിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.
ഈ നടനും നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. വെറും ചെറിയ പ്രശ്നത്തിന്റെ പേരിൽ ഇത്തരത്തിൽ പകരം വീട്ടുക എന്നത് വളരെ ഭീകരമാണ്. സത്യം പറഞ്ഞാൽ ദിലീപ് കുറ്റക്കാരനാകണം എന്ന് കരുതുന്ന ആളല്ല ഞാൻ. കുറ്റക്കാരനാണെങ്കിൽ ഏറ്റവും അധികം ഷോക്ക് ആവുന്ന ആളുകളിൽ ഒരാളാണ് ഞാൻ.'
മലയാള സിനിമയിലെ കാസ്റ്റിംങ് കൗച്ച് യാഥാർത്ഥ്യമാണെന്നും ശിൽപ പറഞ്ഞു. ഒരുപാട് സീനിയർ ആർട്ടിസ്റ്റുകൾ തന്നോട് ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും പലരും നിവൃത്തി കേടുകൊണ്ട് നോ പറയാൻ പറ്റാതെ പോയവരാണെന്നും ശിൽപ കൂട്ടിച്ചേർത്തു.