Latest News

മമ്മൂക്കയുടെ ഉള്ളില്‍ അപ്പോള്‍ 'ഭീഷ്മ പര്‍വ്വ'ത്തിലെ മൈക്കിളപ്പനാണോ അതോ 'സി.ബി.ഐ'യിലെ സേതുരാമയ്യരാണോ എന്ന് ആര്‍ക്കറിയാം; കേട്ട പാതി കേള്‍ക്കാത്ത പാതി വടിയുമെടുത്ത് കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്; ; മമ്മൂക്കയുടെ രീതി നമുക്കെല്ലാം അറിയാമല്ലോ; നടി സരിത ബാലകൃഷ്ണന്റെ കുറിപ്പ്

Malayalilife
 മമ്മൂക്കയുടെ ഉള്ളില്‍ അപ്പോള്‍ 'ഭീഷ്മ പര്‍വ്വ'ത്തിലെ മൈക്കിളപ്പനാണോ അതോ 'സി.ബി.ഐ'യിലെ സേതുരാമയ്യരാണോ എന്ന് ആര്‍ക്കറിയാം; കേട്ട പാതി കേള്‍ക്കാത്ത പാതി വടിയുമെടുത്ത് കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്; ; മമ്മൂക്കയുടെ രീതി നമുക്കെല്ലാം അറിയാമല്ലോ; നടി സരിത ബാലകൃഷ്ണന്റെ കുറിപ്പ്

പ്രമുഖ നടന്‍ മമ്മൂട്ടിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളില്‍ പ്രതികരിച്ച് നടി സരിത ബാലകൃഷ്ണന്‍ രംഗത്ത്. വയനാട്ടില്‍ മമ്മൂട്ടി പങ്കെടുത്ത ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങളുടെ തുടക്കം. നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത് എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ ആയിരുന്നതിനാല്‍ അത് വേഗത്തില്‍ വാര്‍ത്തയായി. മമ്മൂട്ടിയെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇരുവരുടെയും ഭാഗത്ത് നിന്ന് ചിന്തിക്കുകയാണ് നടി സരിത ബാലകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് സരിതയുടെ കുറിപ്പ്. 

വയനാടിന്റെ വേദനകളില്‍ സാന്ത്വനമായി എത്തിയ മമ്മൂക്കയും അദ്ദേഹത്തോടൊപ്പം സജീവമായി രംഗത്തുള്ള സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും തമ്മിലുള്ള ആ ചെറിയ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണല്ലോ. 'നിങ്ങളെന്തിനാണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത്?' എന്ന മമ്മൂക്കയുടെ ചോദ്യം പലരും പല രീതിയില്‍ വ്യാഖ്യാനിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി വടിയും എടുത്ത് ഇറങ്ങി കഴിഞ്ഞു.

ആരെ തല്ലണം എന്ന് അറിയാതെ പലരും പരസ്പരം തല്ലു തുടങ്ങിയിട്ടുണ്ട്. കെ റഫീഖിനെപ്പോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം, തന്റെ ജില്ലയിലേക്ക് എത്തുന്ന വിശിഷ്ട അതിഥികള്‍ക്ക് വഴികാട്ടുക എന്നതും അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുക എന്നതും കടമയാണ്. ആ ഉത്തരവാദിത്തം അദ്ദേഹം കൃത്യമായി നിര്‍വ്വഹിക്കുകയായിരുന്നു അവിടെ. 

തനിക്ക് തോന്നുന്ന കാര്യങ്ങള്‍ യാതൊരു മടിയും കൂടാതെ മുഖത്തുനോക്കി ചോദിക്കുന്ന മമ്മൂക്കയുടെ രീതി നമുക്കെല്ലാം പരിചിതമാണ്. ആ ഗൗരവത്തിന് പിന്നില്‍ പലപ്പോഴും സ്‌നേഹവും സ്വാതന്ത്ര്യവുമുണ്ടാകും. തന്റെ കൂടെയുള്ളവര്‍ അനുഭവിക്കുന്ന പ്രോട്ടോക്കോള്‍ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹം തമാശരൂപേണ ചോദിച്ചതാകാം ഇത്. ഇനിയിപ്പോള്‍ കുറച്ചു തമാശപൂര്‍വ്വം ചിന്തിക്കുക ആണെങ്കില്‍ മമ്മൂക്കയുടെ ഉള്ളില്‍ അപ്പോള്‍ 'ഭീഷ്മ പര്‍വ്വ'ത്തിലെ മൈക്കിളപ്പനാണോ അതോ 'സിബിഐ'യിലെ സേതുരാമയ്യരാണോ എന്ന് ആര്‍ക്കറിയാം? റഫീഖ്, ആതിഥേയ മര്യാദ കാണിച്ചതാണോ അതോ അറിയാതെ ഫ്രെയിമില്‍ കയറിയതാണോ എന്ന് പുള്ളിക്ക് മാത്രമേ അറിയൂ. 

വയനാട് നേരിട്ട വലിയൊരു ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം. അവിടെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനും കാര്യങ്ങള്‍ വേഗത്തിലാക്കാനും നേതാക്കളുടെ സാന്നിധ്യം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇതൊരു 'മൈലേജ്' രാഷ്ട്രീയമായി കാണേണ്ടതില്ല. അവര്‍ക്കിടയിലുള്ള പരസ്പര ബഹുമാനവും ആ സാഹചര്യത്തിന്റെ തീവ്രതയും പ്രിയപ്പെട്ട നടന്റെ സ്വതസിദ്ധമായ ശൈലിയും കര്‍മ്മനിരതനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജാഗ്രതയും കൂടിച്ചേര്‍ന്ന ഒരു നിമിഷം മാത്രമായിരുന്നു അത്. ഇതിനെ വിവാദമാക്കുന്നതിനേക്കാള്‍, വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ഇവര്‍ നല്‍കുന്ന പിന്തുണയെയാണ് നാം ചര്‍ച്ച ചെയ്യേണ്ടത്.ഏതായാലും വയനാടിനെ സ്‌നേഹിക്കാന്‍ ഇറങ്ങിത്തിരിച്ച നടനെയും അതിന് കൂടെ നിന്ന നേതാവിനെയും നമുക്ക് ബഹുമാനിക്കാം. ആ ചോദ്യത്തെ വെറും ഒരു 'വയനാടന്‍ തമാശ'യായി മാത്രം കാണുന്നതാണ് ബുദ്ധി.
 

actress saritha balakrishnan about mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES