Latest News

ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി; 'ജിഹാദി' പരാമര്‍ശം തമാശയായി പറഞ്ഞതാണെന്ന പോലീസ് റിപ്പോര്‍ട്ടും ഗൗരവമായി കണ്ട് കോടതി; 'സത്യമേവ ജയതേ' എന്ന് കുറിപ്പിട്ട് ഹൈക്കോടതിയുടെ ചിത്രം പങ്കുവെച്ച് അന്‍സിബ; കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ കേസെടുക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍

Malayalilife
ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി; 'ജിഹാദി' പരാമര്‍ശം തമാശയായി പറഞ്ഞതാണെന്ന പോലീസ് റിപ്പോര്‍ട്ടും ഗൗരവമായി കണ്ട് കോടതി; 'സത്യമേവ ജയതേ' എന്ന് കുറിപ്പിട്ട് ഹൈക്കോടതിയുടെ ചിത്രം പങ്കുവെച്ച് അന്‍സിബ; കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ കേസെടുക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍

താരസംഘടനയിലെ തമ്മിലടിയുടെ ഭാഗമായി നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതി നിയമയുദ്ധത്തിന്റെ വഴിയിലാണ്. വര്‍ഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടുരുന്നു. കേസ് എടുക്കാന്‍ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിര്‍ണായക നീക്കം.

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഈ ഉത്തരവ്. അന്‍സിബ ഉന്നയിച്ച പരാതികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെയുള്ള കുറ്റം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഎന്‍എസ് 173-ാം വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താനാണ് കടവന്ത്ര പോലീസിന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം കോടതിയില്‍ നിന്നും ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കേരളാ ഹൈക്കോടതിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി അന്‍സിബ ഹസന്‍. 'സത്യമേവ ജയതേ', എന്ന ഒറ്റവരിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. പിന്നാലെ, അന്‍സിബ കോടതിയെ സമീപിച്ചു.

ഹര്‍ജി പരിഗണിച്ച എറണാകുളം സെഷന്‍സ് കോടതി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. കേസില്‍ നടി നീനാ കുറുപ്പ് നല്‍കിയ മൊഴിയാണ് നിര്‍ണായകമായി മാറിയത്. എതിര്‍കക്ഷിയായ ടിനി ടോം ഇത്തരത്തില്‍ ചില അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് നീനാ കുറുപ്പ് നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ കുറ്റങ്ങള്‍ കൃത്യമായി നിലനില്‍ക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നടി ശ്വേതാ മേനോന്‍ നീനാ കുറുപ്പിനോട് പറഞ്ഞതായി പറയുന്ന കാര്യങ്ങളും നീനാ കുറുപ്പ് മൊഴിയായി നല്‍കിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം മുന്‍നിര്‍ത്തിയാണ് കേസില്‍ കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്ന നിലപാടില്‍ കോടതിയെത്തിയത്.

നേരത്തെ അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള പരാതിയായതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. ടിനി ടോം ഉപയോഗിച്ച 'ജിഹാദി' അടക്കമുള്ള വാക്കുകള്‍ വെറും തമാശരൂപേണ നടത്തിയ പ്രയോഗങ്ങള്‍ മാത്രമാണെന്നും ഇതില്‍ ക്രിമിനല്‍ ഉദ്ദേശമില്ലെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇതുകൂടാതെ, ഈ വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന തരത്തിലുള്ള സാങ്കേതിക വാദവും കടവന്ത്ര പോലീസ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് വാദങ്ങളും കോടതി തള്ളി.

പൊലീസിന്റെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കോടതി വ്യക്തമാക്കി. ഈ പരാമര്‍ശങ്ങള്‍ തമാശ രൂപേണയാണോ അതോ ക്രിമിനല്‍ ഉദ്ദേശത്തോടു കൂടിയുള്ളതാണോ എന്ന് മനസ്സിലാക്കണമെങ്കില്‍ വിശദമായ അന്വേഷണം തന്നെ നടക്കേണ്ടതുണ്ട്. ജൂറിസ്ഡിക്ഷന്‍ സംബന്ധിച്ച പൊലീസിന്റെ സംശയങ്ങള്‍ക്ക് നിയമത്തിലെ സെക്ഷന്‍ തന്നെ വ്യക്തമാക്കി നല്‍കിക്കൊണ്ടാണ് കോടതി മറുപടി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തില്‍ ഇത് തങ്ങളുടെ പരിധിയിലല്ല എന്ന് ബോധ്യപ്പെടുകയാണെങ്കില്‍ മറ്റ് സ്റ്റേഷനുകളിലേക്ക് കേസ് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതേയുള്ളൂ. അതിന്റെ പേരില്‍ അന്വേഷണത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ടിനി ടോം തന്നെ വ്യക്തിപരമായും കുടുംബപരമായും സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നാണ് അന്‍സിബയുടെ പരാതി.

തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ടിനി ടോം, തന്നെ 'ജിഹാദി' എന്നും 'മത തീവ്രവാദി' എന്നും മുദ്രകുത്തി. താന്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ചിലരെ മതം മാറ്റാന്‍ പ്രേരിപ്പിച്ചു എന്ന തരത്തിലുള്ള വ്യാജ പരാമര്‍ശങ്ങള്‍ നടത്തി വിദ്വേഷം സൃഷ്ടിക്കാനും, സ്ത്രീത്വത്തെ അപമാനിക്കാനും ശ്രമിച്ചതായും അന്‍സിബ ആരോപിക്കുന്നു. കോടതിയുടെ ഔദ്യോഗിക ഉത്തരവ് ഇന്ന് കടവന്ത്ര പോലീസിന് ലഭിക്കും. കോടതി ഉത്തരവ് അനുസരിച്ചു കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.

'നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ അവരുടെ സംഘടനയ്ക്കുള്ളിലെ ചില ആഭ്യന്തര കാര്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. അവര്‍ തമ്മില്‍ ഇങ്ങോട്ടും അങ്ങോട്ടും ഒരുപാട് പരാതികളും കൗണ്ടര്‍ പരാതികളും നിലനിന്നിരുന്നു. നേരത്തെ അവര്‍ തമ്മില്‍ സംസാരിച്ച് ചില കാര്യങ്ങള്‍ തീര്‍ത്തിരുന്നതാണ്. എന്നാല്‍ പിന്നീട് ആ പറഞ്ഞ രീതിയില്‍ അവര്‍ക്ക് സാറ്റിസ്ഫാക്ഷന്‍ ഉണ്ടായില്ല. ഇതിനെത്തുടര്‍ന്ന് ഒരു എസിപിയുടെ നേതൃത്വത്തില്‍ തന്നെ നമ്മള്‍ കൃത്യമായി ഒരു എന്‍ക്വയറി നടത്തിയിരുന്നു. അതിന് ശേഷമാണ് നമ്മള്‍ മുന്നോട്ട് പോയത്. രണ്ടാമത് ഒരു കാര്യം, അവര്‍ തമ്മിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും നമ്മള്‍ പരിശോധിച്ചിരുന്നു. അതിലെ അവരുടേതായ സംസാരങ്ങളും ചാറ്റുകളും അന്ന് ലഭ്യമായിരുന്ന എവിഡന്‍സും ഒക്കെ നോക്കിയിട്ടാണ് പോലീസ് അങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോള്‍ വിഷയം ജുഡീഷ്യറിയുടെ പരിഗണനയിലാണ്. കോടതിയില്‍ നിന്ന് എന്ത് നിര്‍ദ്ദേശമാണോ വരുന്നത്, അത് നോക്കിയിട്ട് നമ്മള്‍ ബാക്കി കാര്യങ്ങള്‍ ചെയ്യും. അത്രയേയുള്ളൂ.

കേസ് എടുക്കാനുള്ള കോടതിയുടെ നിര്‍ദ്ദേശത്തെക്കുറിച്ച് നമുക്ക് കമ്മ്യൂണിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഓര്‍ഡര്‍ കോപ്പിക്കായി ഞങ്ങള്‍ ഇപ്പോള്‍ വെയിറ്റ് ചെയ്യുകയാണ്. ഓര്‍ഡര്‍ കോപ്പി വന്നാല്‍ അതനുസരിച്ച് നമ്മള്‍ മുന്‍പോട്ട് പോകും. അത് വരാതെ നമുക്ക് കൂടുതല്‍ ഒന്നും പറയാന്‍ പറ്റില്ല. കോടതിയില്‍ അങ്ങനെ ഒരു ഡയറക്ഷന്‍ ഉണ്ടെന്നാണ് കിട്ടിയ വിവരം, അത് വരുന്ന മുറയ്ക്ക് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പൊലീസ് കൃത്യമായ നടപടികളിലേക്ക് കടക്കും.'

Read more topics: # ടിനി ടോം
TINI TOM AND ANSIBA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES