മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ ഒരേപോലെ തിളങ്ങിനില്‍ക്കുന്ന പ്രിയതാരം രോഹിണി തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറഞ്ഞ് പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള തന്റെ ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള താരം, ഇപ്പോള്‍ കമ്മ്യൂണിസത്തെക്കുറിച്ച് പങ്കുവെച്ച ലളിതവും മനോഹരവുമായ ചില ചിന്തകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കമ്മ്യൂണിസം എന്നാല്‍ എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്നതാണെന്ന് രോഹിണി വ്യക്തമാക്കുന്നു. പ്രമുഖ തമിഴ് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ഇപ്പോഴിതാ കമ്മ്യൂണിസത്തെക്കുറിച്ച് രോഹിണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കുന്നതാണ് കമ്മ്യൂണിസം എന്നതു കൊണ്ട് അര്‍ഥമാക്കുന്നതെന്ന് രോഹിണി പറഞ്ഞു. 'കമ്മ്യൂണിസം എന്ന് പറഞ്ഞാല്‍ എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കണം. മഴയും കാറ്റും വെയിലും എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണ്. സാധാരണ ആളുകളെ എങ്ങനെയാണോ സ്‌നേഹിക്കുന്നത് അതുപോലെ മനുഷ്യര്‍ നമ്മളെയും സ്‌നേഹിക്കണം. അങ്ങനെയൊരു വിഷയമാണ് കമ്മ്യൂണിസം'. - രോഹിണി പറഞ്ഞു.
വിവിധ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചോദിച്ചും പ്രചാരണ വേദികളില്‍ സജീവമായി പങ്കെടുത്തും രോഹിണി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാറുണ്ട്. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിലും സാധാരണക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ടെന്ന് അവര്‍ എപ്പോഴും വിശ്വസിക്കുന്നു.
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി തിളങ്ങിനിന്ന രോഹിണി, അന്തരിച്ച പ്രശസ്ത നടന്‍ രഘുവരനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തിയ താരം, ഇപ്പോള്‍ അമ്മ വേഷങ്ങളിലും സ്വഭാവ നടിയായും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി തുടരുകയാണ്.