തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് നടി ഇന്ദ്രജ. തെലുങ്കില്‍ നിന്ന് മലയാളത്തിലെത്തി മേമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, കലാഭവന്‍ മണി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച് കൈയടി നേടാനുമായി. ഇന്ദ്രജ ആദ്യമായി മലയാളത്തില്‍ കെ മധു സംവിധാനം ചെയ്ത ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്ദ്രജ വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും താല്‍കാലികമായ ഇടവേള എടുത്തിരുന്നു.
ഇപ്പോഴിതാ താന്‍ സിനിമയിലേത്തിയതിനെപ്പറ്റി ഇന്ദ്രജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്. വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ കാരണമാണ് താന്‍ സിനിമയിലെത്തിയതെന്നാണ് ഇന്ദ്രജ പറയുന്നത്. അഭിനയത്തിലേയ്ക്ക് വന്നപ്പോള്‍ താന്‍ വെച്ച രണ്ട് കണ്ടീഷനുകളെപ്പറ്റിയും നടി പറയുന്നുണ്ട്.
സിനിമയിലേയ്ക്ക് എത്തിയപ്പോള്‍ താന്‍ വെച്ച രണ്ട് കണ്ടീഷനുകളില്‍ ഒന്ന് ബിക്കിനി വസ്ത്രം ധരിക്കില്ലെന്നായിരുന്നു. രണ്ടാമത്തേത് ടൂ പീസ് വസ്ത്രങ്ങള്‍ ധരിക്കില്ല എന്നായിരുന്നു. രണ്ടും താന്‍ ഇപ്പോഴും പാലിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ബാലതാരമായി അഭിനയ രംഗത്തെത്തിയ വ്യക്തിയാണ് താന്‍. ചെറുപ്പത്തില്‍ അച്ഛനോപ്പം ഷൂട്ടിങ്ങ് കാണാന്‍ പോയപ്പോഴാണ് അന്ന് തനിക്ക് അവസരം ലഭിച്ചതെന്നും ഇന്ദ്രജ പറയുന്നു.
അങ്ങനെയാണ് താന്‍ ആദ്യം സിനിമയിലെത്തിയത്. പിന്നീട് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നതും താന്‍ അഭിനയിച്ചതും. അച്ഛന് ഒരുപാട് കടങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നുവെന്നും ഇന്ദ്രജ പറയുന്നുണ്ട്. പഠനം നിര്‍ത്തിയതില്‍ ആദ്യം അമ്മയ്ക്ക് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. തെലുങ്ക് സിനിമയായ ജന്ദര്‍ മന്ദിര്‍ ആയിരുന്നു ആദ്യ സിനിമ.
എന്നാല്‍ തന്റെ രണ്ട് മൂന്ന് സിനിമകള്‍ റിലീസായ ശേഷമാണ് ആദ്യമഭിനയിച്ച ഈ സിനിമ റിലീസായത്. യമലീലയായിരുന്നു രണ്ടാമത്തെ സിനിമ. തെലുങ്കിലെ ബ്ലോക്ബസ്റ്റര്‍ സിനിമയായിരുന്നു അത്. ഒരു വര്‍ഷത്തോളം ആ സിനിമ തിയേറ്ററില്‍ ഓടിയിരുന്നു. ചെറിയ പ്രായത്തിലായതിനാല്‍ ഈ വിജയങ്ങളുടെ വില അറിയില്ലായിരുന്നു. അതിന് ഗുണവും ദോഷവുമുണ്ട്.
താനെന്ന ഭാവം ഉണ്ടാവില്ലെന്നാണ് ഗുണം. ദോഷമെന്തെന്നാല്‍ നമുക്ക് ഒന്നും അറിയാത്തതിനാല്‍ നമ്മുടെ പ്രതിഫലം, അടുത്തതായി ചെയ്യാന്‍ പോവുന്ന സിനിമ എന്നിവയെ പറ്റിയൊന്നും ഒരു ബോധ്യം ഉണ്ടാവില്ല''തെലുങ്കില്‍ മുന്‍നിര നായികയായി നില്‍ക്കുമ്പോഴാണ് തമിഴില്‍ നിന്നും അവസരങ്ങള്‍ വരുന്നത്. പക്ഷെ തെലുങ്കില്‍ തിരക്കായതിനാല്‍ കുറച്ചു സിനിമകള്‍ മാത്രമേ തമിഴില്‍ ചെയ്യാന്‍ പറ്റിയുള്ളൂ.
തമിഴില്‍ കല്‍കി എന്ന സിനിമയില്‍ അഭിനയിക്കാന്‍ പറ്റാഞ്ഞതില്‍ എനിക്ക് വലിയ നഷ്ടബോധമുണ്ട്. പ്രകാശ് രാജായിരുന്നു എന്നെ വിളിച്ചത്. സൂപ്പര്‍ കഥാപാത്രമാണ്. നീ ഉടനെ വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് താന്‍ ഊട്ടിയില്‍ ഷൂട്ടിലായിരുന്നുവെന്നും അവര്‍ പറയുന്നു.
ഗാനരംഗങ്ങളുടെ ഷൂട്ടായിരുന്നു നടന്നത്. എത്ര ദിവസം കഴിഞ്ഞ് വരാനാവുമെന്ന് ചോദിച്ചു. 12 ദിവസം കഴിയുമെന്ന് പറഞ്ഞു. തിരിച്ചെത്തിയിട്ട് വിളിക്കൂ നോക്കാം എന്ന് പ്രകാശ് രാജ് പറഞ്ഞു' പക്ഷെ തിരിച്ചെത്തിയപ്പോഴേക്കും കാസ്റ്റിംഗ് മാറിയിരുന്നെന്നും ഇന്ദ്രജ പറയുന്നു. ആ സിനിമ കണ്ടതിന് ശേഷം ഖേദം തോന്നാത്ത ദിവസങ്ങള്‍ ഇല്ലെന്നും ഇന്ദ്രജ കൂട്ടിച്ചേര്‍ത്തു.
ടെലിവിഷന്‍ താരമായ മുഹമ്മദ് അബ്‌സറാണ് ഇന്ദ്രജയുടെ പങ്കാളി. 2005ല്‍ വിവാഹിതരായ ഇവര്‍ക്ക് ഒരു മകളുമുണ്ട്.തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ പ്രണയിച്ചാണ് വിവാഹിതയായത്. മുഹമ്മദ് അബ്സാറുമായുള്ള പ്രണയം ഇരുവീട്ടുകാരും എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ഇവര്‍ വിവാഹിതരായിരുന്നു.ശേഷം ഇതുവരെയും വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നടി നയിക്കുന്നത്.