Latest News

മുകളിലെ റാക്കില്‍ നിന്നും ബാഗ് വലിച്ചെടുത്ത് താഴേക്ക് നോക്കിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച; ഒരു നിമിഷം ഞാന്‍ ചലിക്കാനാവാതെ അങ്ങനെ നിന്നു പോയി; എംടി വാസുദേവന്‍ നായര്‍ക്കൊപ്പം ട്രെയിന്‍ യാത്ര ചെയ്ത അനുഭവം പങ്ക് നടി ഗായത്രി അരുണ്‍

Malayalilife
 മുകളിലെ റാക്കില്‍ നിന്നും ബാഗ് വലിച്ചെടുത്ത് താഴേക്ക് നോക്കിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച; ഒരു നിമിഷം ഞാന്‍ ചലിക്കാനാവാതെ അങ്ങനെ നിന്നു പോയി; എംടി വാസുദേവന്‍ നായര്‍ക്കൊപ്പം ട്രെയിന്‍ യാത്ര ചെയ്ത അനുഭവം പങ്ക് നടി ഗായത്രി അരുണ്‍

എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് സിനിമാലോകത്തുള്ളവരെല്ലാം കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്. ഇപ്പോളിതാ നടി  ഗായത്രി അരുണ്‍ എംടി വാസുദേവന്‍ നായര്‍ക്കൊപ്പം മുന്‍പൊരിക്കല്‍ യാത്ര ചെയ്തതിനെക്കുറിച്ചായിരുന്നു കുറിപ്പ്. ഒരു രാത്രി മുഴുവനും ഒന്നിച്ചുണ്ടായിരുന്നിട്ടും കൂടെയുണ്ടായിരുന്നത് എംടിയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും, ഇറങ്ങുന്നതിന് മുന്‍പായാണ് ആളെ മനസിലായതെന്നും ഗായത്രി പറയുന്നു.

കുറിപ്പ് ഇങ്ങനെ:

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മയാണ് ഇന്നലെ മുതല്‍ മനസ്സില്‍. നഷ്ടബോധത്തോടെ മാത്രം ഞാന്‍ ഓര്‍മ്മിക്കുന്ന ആ യാത്ര ഇന്നലെ മനസ്സില്‍ ഒരു നൊമ്പരം കൂടി സമ്മാനിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ രണ്ട് മാസം ട്രെയിനിങ് ചെയ്തിരുന്ന സമയം. അതിന്റെ ഭാഗമായി ഒരിക്കല്‍ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു ട്രെയിന്‍ യാത്ര. ഒരു ചെയര്‍ കാര്‍ കംപാര്‍ട്ട്‌മെന്റില്‍ ആണ് ഞാന്‍ യാത്ര ചെയ്തത്. എന്റെ തൊട്ടടുത്ത് ഒരു വൃദ്ധന്‍ ഇരിക്കുന്നുണ്ട്. ഞാന്‍ കയ്യിലുണ്ടായിരുന്ന ഏതോ ഒരു (ഇംഗ്ലീഷ്) പുസ്തകം എടുത്ത് വായിക്കാന്‍ തുടങ്ങി. (മലയാളം പുസ്തകങ്ങള്‍ മാത്രം വായിച്ചിരുന്ന എനിക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി ആയതിന് ശേഷം ഇംഗ്ലീഷ് ബുക്‌സ് ഒരു നിര്‍ബന്ധിത ശീലമായി മാറിയിരുന്നു).

ഇടയ്ക്ക് അടുത്തിരുന്ന ആള് പതിഞ്ഞ സ്വരത്തില്‍ ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നത് കേള്‍ക്കാം. പ്രായത്തിന് വളരെ മുതിര്‍ന്ന ആളായത് കൊണ്ട് ഞാന്‍ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേ ഇല്ല. ഇടക്കെപ്പോഴോ മയക്കത്തിലേക്കും വീണു പോയിരുന്നു. അങ്ങനെ കോഴിക്കോട് എത്താറായി. അടുത്തിരുന്ന വ്യക്തി ആരെയോ വിളിച്ച് എത്താറായ വിവരം അറിയിക്കുന്നുണ്ട്.

കോഴിക്കോട് എത്തിയ ഉടനെ ഞാന്‍ ബാഗ് എടുക്കാനായി എഴുന്നേറ്റു. തലയ്ക്കു മുകളിലെ റാക്കില്‍ നിന്നും ബാഗ് വലിച്ചെടുത്ത് താഴേക്ക് നോക്കിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച. ഒരു നിമിഷം ഞാന്‍ ചലിക്കാനാവാതെ അങ്ങനെ നിന്നു പോയി. അടുത്തിരുന്ന ആ പ്രായമായ വ്യക്തി തല ഉയര്‍ത്തി എന്നെ പതിയെ നോക്കി.

ഞാന്‍ ഞെട്ടല്‍ വിട്ടുമാറാതെ ബാഗുമായി എന്റെ സീറ്റിലേക്ക് ഇരുന്നു. ശരീരം പതിയെ വിറക്കുന്നുണ്ടോ? ഇത്ര സമയവും ഞാന്‍ തൊട്ടടുത്തിരുന്ന് യാത്ര ചെയ്തത് ഇദ്ദേഹത്തിന്റെ കൂടെ ആയിരുന്നോ ? സാഹിത്യപ്രേമികള്‍ ഒന്നടുത്തു കാണാന്‍ ആഗ്രഹിക്കുന്ന മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍.

ഞാന്‍ അത് തിരിച്ചറിഞ്ഞത് ഇറങ്ങുന്നതിന് തൊട്ട് മുന്നെയും. സംസാരിക്കണം. കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കണം. പത്താം ക്ലാസ് കഴിഞ്ഞ അവധിക്ക് അച്ഛന്റെ പുസ്തക ശേഖരത്തില്‍ നിന്ന് ആദ്യം വായിച്ചു തുടങ്ങിയത് രണ്ടാമൂഴവും നാലുകെട്ടും ഒക്കെ ആണ് എന്ന് പറയണം, ഓട്ടോഗ്രാഫ് വാങ്ങണം. പക്ഷേ ശരീരം അനങ്ങുന്നില്ല, വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. അപ്പോഴേക്കും ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്തി.

ആളുകള്‍ തിരക്കിട്ട് ഇറങ്ങാന്‍ തുടങ്ങി. അദ്ദേഹത്തെ കൂട്ടികൊണ്ട് പോവാന്‍ വന്ന ആരോ ഞങ്ങളുടെ സമീപത്തെത്തി അദ്ദേഹവുമായി പതിയെ പുറത്തേക്ക് നീങ്ങി. ഞാന്‍ അത് നോക്കി കുറച്ച് നേരം കൂടി അതേ ഇരുപ്പിരുന്നു. പിന്നീട് പലപ്പോഴായി ഓര്‍മവരുമ്പോഴൊക്കെ നിരാശയോടെ തലയില്‍ കൈവച്ച് പോകുന്ന ഒരു ഓര്‍മ്മയാണ് എനിക്ക് ഇത്.

ഇന്നലെ ടിവിയില്‍ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ വീണ്ടും നിരാശ കലര്‍ന്ന ആ ഓര്‍മ്മ മനസില്‍ നിറഞ്ഞു. വായനയിലൂടെ അക്ഷരങ്ങളെ സ്‌നേഹിച്ച് വളര്‍ന്ന തലമുറക്ക് ഒരു വിതുമ്പലോടെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു വാര്‍ത്ത. മലയാളത്തിന്റെ മഹാസാഹിത്യകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം എന്നുമായിരുന്നു ഗായത്രി അരുണ്‍ കുറിച്ചത്.

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിന്റെ വേഷമാണ് ഗായത്രിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്.

പരസ്പരം സീരിയലാണ് ബിഗ് സ്‌ക്രീനിലേക്കുള്ള വഴിയും ഗായത്രിക്ക് തുറന്ന് കൊടുത്തത്. സോഷ്യല്‍മീഡിയയിലും സജീവമായ ഗായത്രി അവതാരകയായും മിനിസ്‌ക്രീനില്‍ സജീവമായിരുന്നു. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനവും ഗായത്രി  കാഴ്ചവച്ചിരുന്നു. 

actress gayathri arun about mt vasudevan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES