സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകുന്ന നടിയാണ് ഐശ്വര്യ ഭാസ്കരൻ. നരസിംഹം ഉൾപ്പെടെയുള്ള മലയാള സിനിമകളിൽ അഭിനയിച്ച ഐശ്വര്യ തെന്നിന്ത്യൻ സിനിമാ ലോകത്തിന് സുപരിചിതയാണ്. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ. ഐശ്വര്യയും അമ്മ ലക്ഷ്മിയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് ഏറെ നാളായി തുടരുന്ന അഭ്യൂഹമാണ്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഐശ്വര്യ അമ്മയെക്കുറിച്ച് നടത്തിയ പരാമർശമാണ് ഇതിന് കാരണമായത്. അമ്മയും താനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് ഐശ്വര്യ തുറന്ന് പറഞ്ഞു. എന്നാൽ അന്ന് പറഞ്ഞത് തെറ്റായിപ്പോയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യയിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മേക്കപ്പും കോസ്റ്റ്യൂമുമിട്ടാൽ അമ്മ താരമാണ്. അത് കഴിഞ്ഞാൽ അമ്മ സാധാരണ പോലെയാണ്. അമ്മ നാല് ഭാഷകളിലും തിരക്കിലായിരുന്നു. ദീപാവലി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ദിവസങ്ങളിൽ അമ്മ എനിക്കും പാട്ടിക്കുമൊപ്പമാണ് ആഘോഷിച്ചത്. പാർട്ടിക്ക് പോകുന്ന ആളല്ല. യോഗ ചെയ്യും. ഇതുവരെയും ഒരു അഭിമുഖത്തിലും അമ്മ എന്നെക്കുറിച്ച് കുറ്റം പറഞ്ഞിട്ടില്ല.
കുറേ വർഷങ്ങൾ മുമ്പ് ഭ്രാന്തിയെ പോലെ വ്യക്തിപരമായ കാര്യത്തിൽ അമ്മയെക്കുറിച്ച് മോശമായി പറഞ്ഞു. അതെനിക്ക് വളരെ മോശമായി തിരിച്ചടിച്ചു. അമ്മയെ അത് വളരെ വിഷമിപ്പിച്ചു. ക്ഷമിക്കണം അമ്മേ, എന്തൊക്കെയോ പറഞ്ഞ്, ഇങ്ങനെയാണത് പുറത്തേക്ക് വന്നതെന്ന് ഞാൻ പറഞ്ഞു. മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് ഒരു കുട്ടി ചെയ്യുന്ന തെറ്റായ കാര്യമാണ്. എന്തായാലും നമ്മുടെ കുടുംബമാണ്. നമ്മൾ എപ്പോഴും അമ്മയോട് വഴക്കടിക്കും. ഞാൻ വളരെ റിബൽ ആയിരുന്നു. ആ സമയത്ത് എന്റെ അറിവ് കേട് കൊണ്ട് പറഞ്ഞ് പോയി. നമ്മൾ തുറന്നടിക്കുന്ന കാര്യങ്ങൾ കുടുംബത്തെ എത്ര മാത്രം ബാധിക്കും. മലർന്ന് കിടന്ന് തുപ്പുന്നത് പോലെയാണത്. ഞാൻ അമ്മയായ ശേഷമാണ് കുട്ടികൾക്ക് അവരുടെ അമ്മയെക്കുറിച്ച് മനസിലാക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞത്. നമ്മൾ പ്രസവിക്കുമ്പോഴേ അറിയൂ.
താൻ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് അമ്മയെക്കുറിച്ച് മനസിലാക്കിയതെന്നും ഐശ്വര്യ ഭാസ്കർ തുറന്ന് പറഞ്ഞു. എന്റെ അമ്മയ്ക്ക് സോഷ്യൽ മീഡിയ ഇഷ്ടമല്ല. ഫേസ്ബുക്കിലുണ്ടായിരുന്നപ്പോൾ ഞാൻ ഒരുപാട് ഫോട്ടോകൾ പങ്കുവെക്കുമായിരുന്നു. ഒരു ദിവസം യൂട്യൂബിൽ കണ്ടത് ഭർത്താവിനൊപ്പമുള്ള നടി ഐശ്വര്യയുടെ ഫാമിലി ഫോട്ടോകൾ എന്നാണ്. നോക്കിയപ്പോൾ രണ്ടാനച്ഛനെയാണ് എന്റെ ഭർത്താവാണെന്ന് പറയുന്നത്. മാത്രവുമല്ല എപ്പോൾ കുടുംബ സമേതമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അന്ന് കണ്ണേറ് കിട്ടി എന്തെങ്കിലും വഴക്ക് നടക്കും. ഇതാെക്കെ കാരണമാണ് താൻ കുടുംബഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്തതെന്നും ഐശ്വര്യ ഭാസ്കർ വ്യക്തമാക്കി. ഇപ്പോഴും അമ്മയെ കാണാറുണ്ട്. കൊവിഡ് സമയത്തേ കാണാതിരുന്നിട്ടുള്ളൂയെന്നും ഐശ്വര്യ ഭാസ്കർ പറഞ്ഞു.