സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്.
അത് പാളിപ്പോയാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. അതേസമയം എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു. 'കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല.
അതില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതിനിടെ സെന്‍സറിങ്ങിന് സമയമില്ല. ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാന്‍ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണം' - പ്രേംകുമാര്‍ വ്യക്തമാക്കി.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രേംകുമാര്‍ പറഞ്ഞു. രജിസ്ട്രേഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ രജിസ്ട്രേഷന്‍ അയ്യായിരം കവിഞ്ഞു. മികച്ച സിനിമകളുടെ പാക്കേജുകള്‍ എത്തിച്ചിട്ടുണ്ട്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അര്‍മേനിയയാണ്. ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ തുടങ്ങിയ വിഭാഗങ്ങള്‍ നമ്മുടെ സിനിമയുടെ സമകാലിക മുഖം വ്യക്തമാക്കും. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തില്‍ മേളയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമം.
സ്ത്രീകളുടെ പ്രതിഭയെയും അവരുടെ സംഭാവനകളെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രീതിയില്‍ പ്രാതിനിധ്യം നല്‍കും. മലയാളം സിനിമാ ടുഡേയില്‍ നാലു സിനിമകള്‍ സ്ത്രീപക്ഷ സിനിമകളാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലും മലയാളത്തില്‍ നിന്നുള്ള ഒരു വനിതാ സംവിധായികയുടെ ചിത്രമുണ്ട്. ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത് ഒരു വനിതാ സംവിധായികയെ ആണെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് ഇത്തവണത്തെ ചലച്ചിത്രമേള. മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റ് ഡിസംബര്‍ 11, 12, 13 തീയതികളില്‍ നടക്കും.