ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നവംബര്‍ 13ന് റിവ്യൂ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരിക്കുന്ന വേളയിലും യുവതി പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് യുവതി പ്രവേശനം സംബന്ധിച്ച് പ്രതികരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയത്. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യത്തോട് താന്‍ എതിര്‍ക്കുന്നു എന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.സ്ത്രീകള്‍ ആരാധിക്കരുതെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ല. അങ്ങനെ തന്നെ പറയുന്ന മതം തനിക്ക് മതമല്ലെന്നും സ്ത്രീകളായ ഭക്തരെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തര്‍ തനിക്ക് ഭക്തരല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാര്‍ജയില്‍ നടന്ന രാജ്യാന്തര പുസ്‌കത മേളയിലാണ് ശബരിമല വിഷയത്തില്‍ പ്രകാശ് രാജ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
'സ്ത്രീയില്‍ നിന്നാണ് എല്ലാ മനുഷ്യരും ഉണ്ടായത്. അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ദൈവം തനിക്ക് ദൈവമല്ല. എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്നാണ്. അവരെ നമ്മള്‍ ഭൂമിദേവി എന്നു വിളിക്കുന്നത്, അവര്‍ക്കു പ്രാര്‍ത്ഥിക്കണമെങ്കില്‍ അവരത് ചെയ്യട്ടെ. നിങ്ങള്‍ അതിനവരെ അനുവദിക്കണം.എന്റെ അമ്മയെ ആരാധിക്കാന്‍ അനുവദിക്കാത്ത മതം എനിക്കു മതമല്ല. എന്റെ അമ്മയെ ആരാധനയില്‍ നിന്നു വിലക്കുന്ന ഒരു ഭക്തരും എനിക്കു ഭക്തരല്ല. എന്റെ അമ്മ ആരാധിക്കണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്കു ദൈവമല്ല'- പ്രകാശ് രാജ് വ്യക്തമാക്കി.