ബോളിവുഡ് നടന്‍ മനോജ് കുമാര്‍ (87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്തനാണ്
സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി, കപട ഔര്‍ മകാന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ?ഗമായി. ദേശഭക്തി സിനിമകളിലൂടെ പ്രശസ്തനായ മനോജ് കുമാറിനെ 'ഭരത് കുമാര്‍' എന്നായിരുന്നു ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പുറമേ ഏഴ് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1992ല്‍ പത്മശ്രീയും 2015ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ഇന്ത്യ ഗവണ്‍മെന്റ് അദ്ദേഹത്തെ ആദരിച്ചു.1964 ല്‍ രാജ് ഖോസ്ലയുടെ മിസ്റ്ററി ത്രില്ലറായ 'വോ കൗന്‍ തി' എന്ന ചിത്രമാണ് നായകനായി മനോജ് കുമാറിന് വലിയ ബ്രേക്ക് നല്‍കിയ സിനിമ. ഏഴ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
40 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍, കള്‍ട്ട് ക്ലാസിക് സിനിമകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് മനോജ് കുമാര്‍. 60 ഓളം സിനിമകളില്‍ അഭിനയിച്ചു. ഭഗത് സിങിന്റെ ജീവിതത്തെ ആസ്പദമാക്കി മനോജ് കുമാറിന്റെ 'ഷഹീദ്' എന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ആകൃഷ്ടനായി.
പിന്നീട്, 1965 ലെ ഇന്തോ-പാകിസ്ഥാന്‍ യുദ്ധത്തെത്തുടര്‍ന്ന്, 'ജയ് ജവാന്‍ ജയ് കിസ്സാന്‍' എന്ന ജനപ്രിയ മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കാന്‍ പി എം ശാസ്ത്രി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. അതിന്റെ ഫലമായി 1967 ല്‍ അദ്ദേഹം തന്റെ ആദ്യ ചിത്രമായ 'ഉപ്കര്‍' സംവിധാനം ചെയ്തു.
ഹരികിഷന്‍ ഗോസ്വാമി എന്നായിരുന്നു ആദ്യത്തെ പേര്. നടന്‍ ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം ശബ്‌നം എന്ന സിനിമയിലെ ദിലീപ് കുമാറിന്റെ പേരായ മനോജ് കുമാര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1957-ല്‍ പുറത്തിറങ്ങിയ ഫാഷന്‍ ആണ് മനോജ് കുമാറിന്റെ ആദ്യ ചിത്രം. 1960 ല്‍ ഇറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രം ശ്രദ്ധേയമായി.1964 ല്‍ പുറത്തിറങ്ങിയ ഷഹീദ് എന്ന ചിത്രം അദ്ദേഹത്തിന് ഒരു ദേശഭക്തിയുള്ള നായകന്‍ എന്ന ഇമേജ് സമ്മാനിച്ചു. 1967 ല്‍ മനോജ് കുമാര്‍ സംവിധാനത്തിലേക്ക് കടന്നു. നടന്റെ വിയോ?ഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.