പലപ്പോഴും പല സിനിമക്കാരും വാര്‍ത്തകളോട് പ്രതികരിക്കാത്തതിനു പ്രധാന കാരണം എല്ലാം പിന്നീട് വളച്ചെടിക്കപ്പെടുന്നു എന്നത് കൊണ്ട് തന്നെയാണ് പ്രേക്ഷകരുടെ ശ്രദ്ധ തന്റെ സിനിമകളില്‍ നിന്നും വ്യക്തി ജീവിതത്തിലേക്ക് വഴി മാറുമെന്ന കാരണത്താല്‍ വിവാദങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രശസ്ത ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും സമാന സംഭവങ്ങള്‍ ഉണ്ട്. 2017ല്‍ പുറത്തിറങ്ങിയ 'ആന്‍ ഓര്‍ഡിനറി ലൈഫ്' എന്ന തന്റെ ആത്മകഥ പുറത്തിറങ്ങിയതോടെയാണ് നവാസുദ്ദീന്‍ വിവാദ നായകനായി മാറുന്നത്.
ഋതുപര്‍ണ ചാറ്റര്‍ജിയുമായി ചേര്‍ന്നെഴുതിയ പുസ്തകത്തില്‍, മുന്‍ മിസ് ഇന്ത്യയായ നിഹാരിക സിങ്, നടി സുനിത രജ്വര്‍ എന്നിവരുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും സിദ്ദിഖി എഴുതിയിരുന്നു. എന്നാല്‍ ഇവരുടെ അനുവാദമില്ലാതെയായിരുന്നു വെളിപ്പെടുത്തലുകള്‍. അദ്ദേഹം പുസ്തകം പിന്‍വലിക്കുകയും പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള സ്ത്രീകളെ വിഷമിപ്പിച്ചതിന്റെ പേരില്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
'ഞാനൊരു അഭിനേതാവാണ്, എനിക്ക് ആ ജോലി ചെയ്യണം, അഭിനയിക്കണം. ആരെക്കുറിച്ചും ഒന്നും സംസാരിക്കാന്‍ താല്‍പര്യമില്ല, എന്റെ വ്യക്തി ജീവിതത്തെ കുറിച്ചും പറയാന്‍ താല്‍പര്യമില്ല. ആളുകള്‍ അതില്‍ ശ്രദ്ധിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്റെ ജോലിയിലൂടെയാണ് ആളുകള്‍ എന്നെ അറിഞ്ഞതും ഞാന്‍ പ്രശസ്തനായതും. അതുകൊണ്ട് എനിക്ക് ആ ജോലിയില്‍ തന്നെ ശ്രദ്ധ പുലര്‍ത്തിയാല്‍ മതി,' നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു.
തന്റെ ഭാര്യയെ അവരറിയാതെ നിരീക്ഷിക്കാന്‍ നവാസുദ്ദീന്‍ സിദ്ദിഖി ഒരു സ്വകാര്യ ഡിറ്റക്ടീവിനെ വാടകയ്ക്കെടുത്തിരുന്നു എന്നൊരു ആരോപണം അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. സെലിബ്രിറ്റികളും മനുഷ്യരാണെന്നും ഓരോ ചെറിയ കാര്യങ്ങള്‍ക്കും എല്ലാവരും അവരെ കുറ്റം പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരുപാട് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് തനിക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയതെന്നും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്നും തന്റെ കരിയറാണ് തനിക്ക് പ്രധാനമെന്നും നവാസുദ്ദീന്‍ സിദ്ദിഖി വ്യക്തമാക്കി. എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.