Latest News

കരാറിനേക്കാള്‍ കൂടുതല്‍ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തി; സിനിമയുടെ മാസ്റ്റര്‍ പ്രിന്റ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തന്റെ സമ്മതമില്ലാതെ കൈക്കലാക്കി; നിര്‍മാതാവ് നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ 'അഭിലാഷം' സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍ 

Malayalilife
 കരാറിനേക്കാള്‍ കൂടുതല്‍ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തി; സിനിമയുടെ മാസ്റ്റര്‍ പ്രിന്റ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തന്റെ സമ്മതമില്ലാതെ കൈക്കലാക്കി; നിര്‍മാതാവ് നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ 'അഭിലാഷം' സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍ 

സാമ്പത്തിക തട്ടിപ്പ് കേസില്‍ 'അഭിലാഷം' സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍. നിര്‍മ്മാതാവ് നല്‍കിയ പരാതിയിലാണ് സംവിധായകന്‍ അറസ്റ്റിലായിരിക്കുന്നത്. കരാറിനേക്കാള്‍ കൂടുതല്‍ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്ന നിര്‍മാതാവിന്റെ പരാതിയിലാണ് നടപടി. സംവിധായകന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് ഹില്‍ പാലസ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

'അഭിലാഷം' സിനിമയുടെ നിര്‍മാണക്കമ്പനിയായ സെക്കന്‍ഡ് ഷോ പ്രൊഡക്ഷന്‍സിന്റെ മാനേജിങ് പാര്‍ട്ട്ണറായ ആന്‍ സരിഗ ആന്റണിയാണ് പരാതി നല്‍കിയത്. കോപ്പി റൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫി ആക്ട്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. സിനിമയ്ക്ക് 2.25 കോടി രൂപ ചെലവാകുമെന്നാണ് സംവിധായകന്‍ വിശ്വസിപ്പിച്ചിരുന്നതെന്ന് നിര്‍മാതാക്കള്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, സിനിമയുടെ ചിത്രീകരണം മനഃപൂര്‍വം വൈകിപ്പിച്ചുവെന്നും 3.25 കോടി രൂപ ചെലവാക്കിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ , സിനിമയുടെ മാസ്റ്റര്‍ പ്രിന്റ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തന്റെ സമ്മതമില്ലാതെ സംവിധായകന്‍ കൈക്കലാക്കി എന്നും പരാതിക്കാരിയായ ആന്‍ സരിഗ ആരോപിച്ചു. 

97,00,000 രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും രണ്ട് കോടി രൂപയുടെ വ്യാപാര നഷ്ടവും അടക്കം നാല് കോടി രൂപയുടെ അന്യായ നഷ്ടം സംഭവിച്ചുവെന്നാണ് നിര്‍മാതാക്കളുടെ പരാതി.  സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമുള്ള മാസ്റ്റര്‍ ഔട്ട് തന്റെ അനുവാദം ഇല്ലാതെ മറ്റൊരു പാര്‍ട്ടിക്ക് മറിച്ച് കൊടുത്തു എന്നും പരാതിയില്‍ പറയുന്നു. ഫെബ്രുവരി രണ്ടാം തീയതിയാണ് തൃപ്പുണ്ണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മറ്റുള്ളവര്‍ക്ക് നേരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 2025 മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രമാണ് അഭിലാഷം. സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'അഭിലാഷം'. 'മണിയറയിലെ അശോകന്' ശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമാണിത്. സെക്കന്‍ഡ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമയുടെ തിരക്കഥ രചിച്ചത് ജെനിത് കാച്ചപ്പിള്ളിയാണ്.

abhilasham movie director shamsudheen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES