താന്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കടുത്ത പനിയും തലകറക്കവും കാരണം കഴിഞ്ഞ മൂന്ന് ദിവസമായി വിശ്രമത്തിലായിരുന്ന താന്‍, സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഈ ക്രൂരമായ വാര്‍ത്തയെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.
ഇത്തരമൊരു വാര്‍ത്ത താന്‍ വീട്ടിലിരിക്കുന്ന അച്ഛന്‍ കണ്ടാലുള്ള അവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചു. 'ഈ വാര്‍ത്തയൊക്കെ വീട്ടിലിരിക്കുന്ന, ബൈപാസ് സര്‍ജറി കഴിഞ്ഞ എന്റെ അച്ഛന്‍ കണ്ടാലുള്ള അവസ്ഥ എന്താകും? ഈ വാര്‍ത്തയുടെയൊക്കെ അണിയറ പ്രവര്‍ത്തകരെ എനിക്ക് അറിയാം, പക്ഷേ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഇപ്പോള്‍ സമയമില്ല,' അഭിലാഷ് പിള്ള വ്യക്തമാക്കി.
താന്‍ ഇന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനായി ഉണ്ടായിരുന്നുവെന്നും തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ വിശദീകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിലാഷിന്റെ പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആരെയും എപ്പോള്‍ വേണമെങ്കിലും മരിപ്പിക്കാന്‍ മടിയില്ലാത്തവരായി ചിലര്‍ മാറിയിരിക്കുന്നുവെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
ഒരു മനുഷ്യനെ ഇത്തരത്തില്‍ മാനസികമായി ഉപദ്രവിക്കുന്നത് ക്രൂരവിനോദമാണെന്നും കമന്റുകള്‍ നിറയുന്നുണ്ട്. തന്നെ വിളിച്ചന്വേഷിച്ചവര്‍ക്കും സ്‌നേഹം പങ്കുവെച്ചവര്‍ക്കും അഭിലാഷ് പിള്ള നന്ദി അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവും ഇതിനോടകം ശക്തമായിട്ടുണ്ട്.