കൊച്ചിയില ഫ്‌ളാറ്റില്‍നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമയി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വാര്‍ത്ത കേട്ട് വിഷമം തോന്നിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളം സിനിമാ വ്യവസായത്തെ മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണ് പലരുടേയും പ്രവൃത്തിയെന്ന് പിള്ള കുറ്റപ്പെടുത്തി.
'ഇന്ന് രാവിലെ പുറത്ത് വന്ന ലഹരി വേട്ടയുടെ വാര്‍ത്ത കേട്ട് വല്ലാത്ത വിഷമം തോന്നുന്നു. കാരണം ജോലി ചെയ്യാന്‍ ആഗ്രഹിച്ചു വന്ന ഈ ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന പ്രവര്‍ത്തിയാണ് ഇവിടെ പലരും ചെയ്യുന്നത്. ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യുന്ന ആയിരകണക്കിന് ആളുകളുണ്ട് ഈ മേഖലയില്‍. അവരെയും കൂടി ബാധിക്കുന്ന കാര്യമാണ് ഇത്. ഒന്ന് മാത്രം പറയാം അഗ്‌നി ശുദ്ധി വരുത്തി മുന്നോട്ട് പോകും സിനിമ മേഖല', അഭിലാഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ഇന്ന് വന്ന വാര്‍ത്ത തീര്‍ത്തും വേദനാജനകമാണ്. ഒരു മേഖലയെ മുഴുവന്‍ ചോദ്യചിഹ്നത്തില്‍ നിര്‍ത്തുന്ന അവസ്ഥയാണ്. ഇതില്‍ നിന്ന് സിനിമാമേഖല പുറത്തുവരണം എന്നാണ് എന്റെ ആഗ്രഹം. സിനിമാസംഘടനകള്‍ക്ക് ഇതില്‍ പരിമിതികളുണ്ട്. അവര്‍ക്ക് സിനിമാസെറ്റുകളില്‍ മാത്രമേ ഇടപെടാന്‍ കഴിയൂ. സ്വകാര്യ സ്പേസുകളിലാണ് പലരും ഇത്തരം ലഹരി ഉപയോഗിച്ചിരിക്കുന്നത്. അവിടെ സംഘടനകള്‍ക്ക് ഇടപെടാന്‍ കഴിയില്ല. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും അറസ്റ്റിലായി.
ഇവരുമായി അടുത്ത് നില്‍ക്കുന്നവരെല്ലാം ചോദ്യം ചെയ്യപ്പെടാം, അല്ലെങ്കില്‍ അവരെല്ലാം സംശയത്തിന്റെ നിഴലിലാകാം. ഇത് ഉപയോഗിക്കാത്തവരും ഇവരുടെ സൗഹൃദ വലയത്തില്‍ കാണും. അവരെയും നാളെ പൊലീസ് ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്താം. നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ ഉപയോഗിച്ചാല്‍ ബാക്കിയുള്ളവരും സംശയത്തിന്റെ നിഴലിലാകും. കഴിഞ്ഞ ഒരു ആറുമാസത്തിനിടയില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ഒരു ടെസ്റ്റ് ഉണ്ടെങ്കില്‍ അതിന് ഞാന്‍ തയ്യാറാണ്. അങ്ങനെ തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ,' എന്ന് അഭിലാഷ് പിള്ള പറഞ്ഞു.
മുമ്പ് ഒരു സിനിമാ ലൊക്കേഷനില്‍ കഥ പറയുന്നതിന് പോയപ്പോള്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. 'എന്റെ സിനിമാലൊക്കേഷനുകളില്‍ ഇത്തരം ലഹരി ഉപയോഗത്തിന്റെ അനുഭവങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഞാന്‍ ഒരു നടനോട് കഥ പറയുന്നതിന് മറ്റൊരു ലൊക്കേഷനില്‍ പോയപ്പോള്‍ ഇത്തരമൊരു അനുഭവമുണ്ട്. കഥ പറയുന്നതിന് ഞാന്‍ കാരവാനില്‍ കയറിയപ്പോള്‍ ഈ നടനും സുഹൃത്തുക്കളും ഇരുപ്പുണ്ട്. അതിനുള്ളില്‍ പുക നിറഞ്ഞിരിക്കുകയായിരുന്നു. ആ പുക എന്താണെന്ന് എനിക്ക് തിരിച്ചറിയാന്‍ പറ്റി. അത്തരമൊരു അന്തരീക്ഷത്തില്‍ ഇരുന്ന് കഥ പറയാന്‍ കഴിയില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കുകയുമുണ്ടായി. അതുപോലെ പല ലൊക്കേഷനുകളിലും കഥ പറയാന്‍ പോകുമ്പോള്‍ അവിടെയുള്ള ടെക്നീഷ്യന്മാരും നിര്‍മാതാക്കളും ചില കഥകള്‍ പറയാറുണ്ട്. പലപ്പോഴും ലൊക്കേഷനുകളില്‍ മിണ്ടാതിരിക്കുന്നത് സിനിമ നിന്നുപോകും എന്ന അവസ്ഥ കൊണ്ടാണ്. ഗതികേട് കൊണ്ടാണ് പലരും മിണ്ടാതെ നില്‍ക്കുന്നത്. എന്നാല്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സെറ്റില്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അയാള്‍ പിന്നെ ആ സെറ്റില്‍ വര്‍ക്ക് ചെയ്യില്ല,' എന്നും അഭിലാഷ് പിള്ള കൂട്ടിച്ചേര്‍ത്തു.
വലിയ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം 'മാളികപ്പുറ'ത്തിന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. 'നൈറ്റ് ഡ്രൈവ്' ആണ് ആദ്യ ചിത്രം. 'കഡാവര്‍', 'പത്താംവളവ്', 'ആനന്ദ് ശ്രീബാല' എന്നീ ചിത്രങ്ങളുടേയും രചയിതാവാണ്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സംവിധായകര്‍ അടക്കം മൂന്നുപേരെ എക്‌സൈസ് പിടികൂടിയത്. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും പുറമേ ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും അറസ്റ്റുചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടയച്ചു. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍നിന്നാണ് മൂവരേയും പിടികൂടിയത്.