പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററില്‍ ഗംഭീര പ്രതികരണമാണ് നേടുന്നത്. ചിത്രത്തെ പ്രശംസിച്ച സിനിമാ രംഗത്ത് നിന്നടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്. യോഗി ബാബു, മണിരത്‌നം, മാധവന്‍, റിഷബ് ഷെട്ടി, ജയസൂര്യ, ഹരിഷ് പേരടി, അഭിലാഷ് പിള്ള എന്നിവരടക്കം ആശംസകളറിയിച്ച് കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്.
ആടുജീവിതം ചിത്രത്തിന്റെ ഹാങ്ങോവറിലാണ് ഇപ്പോഴും. സിനിമാ പ്രേമികള്‍ക്ക് വിരുന്നൊരുക്കുന്ന ഒരു വേദനയാര്‍ന്ന യാത്ര. ഇത് മഞ്ഞുമ്മല്‍ ബോയ്സ് പോലെ സര്‍വൈവര്‍ ചിത്രമല്ല. അതിലുപരി ഇമോഷണല്‍ സര്‍വൈവല്‍ ഡ്രാമയാണിത്. പൃഥ്വിരാജ് സുകുമാരന്‍ ആണ് ഈ ഗോട്ട് ലൈഫിന്റെ ജീവിതം. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം പൃഥ്വിരാജ്. ചിത്രത്തിലെ പ്രകടനം അവിസ്മരണീയം. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ മികച്ചതാണ്' എന്നാണ് യോഗി ബാബു എക്സില്‍ കുറിച്ചിരിക്കുന്നത്
സിനിമയെ പ്രശംസിച്ച് കന്നഡ താരം റിഷബ് ഷെട്ടിയും എത്തി.പതിനാറ് വര്‍ഷത്തെ അധ്വാനം ആ സിനിമയില്‍ കാണാനുണ്ടെന്നും പൃഥ്വിരാജിന്റെ ഡെഡിക്കേഷന്‍ വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ചിത്രം കണ്ട് ബ്ലെസിയെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം.മണിരത്‌നം അയച്ച വാട്‌സ്ആപ് സന്ദേശം ബ്ലെസി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. 'ആശംസകള്‍ സാര്‍, നിങ്ങള്‍ ഇത് എങ്ങനെയാണ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് എനിക്ക് അറിയില്ല. ഒരുപാട് കഷ്ടപ്പെട്ടു. അതെല്ലാം സ്‌ക്രീനില്‍ കാണാനുണ്ട്. മനോഹരമായി എടുത്തിരിക്കുന്നു. മരുഭൂമിയുടെ പലമുഖങ്ങള്‍ പകര്‍ത്തി. നിങ്ങളും സുനിലും മികച്ചതാക്കി. പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടു. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു. അധികം വൈകാരികമാക്കാതെ സിനിമ അവസാനിപ്പിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആശംസകള്‍ സാര്‍.'- എന്നാണ് മണിരത്‌നം കുറിച്ചത്.
മെസേജിന്റെ സ്‌ക്രീന്‍ഷോട്ടാണ് ബ്ലെസി പോസ്റ്റ് ചെയ്തത്. ആടുജീവിതത്തെ ഇന്നത്തെ സിനിമയാക്കുന്നതിന് ടീമിന്റെ അര്‍പ്പണബോധത്തേയും പ്രയത്‌നത്തെയും അഭിനന്ദിക്കുകയും എടുത്തുകാണിക്കുകയും ചെയ്തതിന് മണിരത്‌നം സാറിന് വളരെ നന്ദി. എന്നാണ് ബ്ലെസി കുറിച്ചത്.
അവിശ്വസനീയമായ ഒരു സിനിമ എന്നാണ് മാധവന്‍ അഭിപ്രായപ്പെടുന്നത്.പ്രിയപ്പെട്ട പൃഥ്വിരാജ്, അവിശ്വസനീയമായി തോന്നിപ്പിക്കുന്ന സിനിമയാണ് എന്നാണ് നടന്‍ മാധവന്‍ എഴുതിയിരിക്കുന്നത്. എനിക്ക് നിന്നില്‍ അഭിമാനം തോന്നുന്നു, നിന്നോട് ബഹുമാനം തോന്നുന്നു. എന്തൊക്കെ പുതിയ തലമാണ് ഇന്ത്യന്‍ സിനിമയ്ക്ക് ഉള്ളത് എന്ന് കാണിച്ചതിന് നന്ദിയെന്നും മാധവന്‍ കുറിച്ചു. മാധവന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട പൃഥ്വിരാജ് അതിന് മറുപടി കൊടുക്കുകയും ചെയ്തു. ''നന്ദി മാഡി! നിങ്ങളില്‍ നിന്ന് ഉള്ള ഈ വാക്കുകള്‍ ധാരാളം..'', പൃഥ്വിരാജ് മറുപടി നല്‍കി.
ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്റെ സംവിധായകനെയും നായകനെയും അഭിനന്ദച്ച് പങ്കുവച്ച ഒരു പോസ്റ്റും ശ്രദ്ധനേടുകയാണ്.വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്ര. ആടുജീവിതം. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... ജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും. നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ... ,' ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ജയസൂര്യ കുറിച്ചു.
പൃഥ്വിരാജ്, അമല പോള്‍ തുടങ്ങിയ താരങ്ങള്‍ പോസ്റ്റില്‍ ജയസൂര്യക്ക് നന്ദിയറിയിച്ച് കമന്റ് ചെയ്തു. നടന്‍ അജു വര്‍ഗീസ് അടക്കമുള്ള താരങ്ങളും ചിത്രത്തെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
ആടുജീവിതത്തെ കുറിച്ച് നടന്‍ ഹരീഷ് പേരടി കുറിച്ചതിങ്ങനെയാണ്'ബ്ലെസിയേട്ടന്‍ ക്യാമറ കൊണ്ടെഴുതിയ കവിത. ശരിക്കും മരുഭൂമിയില്‍ പെട്ടുപോയി.. നോവല്‍ വായിച്ചപ്പോള്‍ പെട്ട അതേ പെടല്‍ വീണ്ടും അനുഭവപ്പെട്ടു. പൃഥ്വിരാജ് എന്ന നടന്റെ സമര്‍പ്പണം വാക്കുകള്‍ക്കും അപ്പുറം.. ഗോകുലിനെ തേടി ഹക്കീം എത്തിയത് പ്രിയപ്പെട്ട ശാന്തന്റെ നന്മയാണെന്ന് അറിയുമ്പോള്‍ മനസ്സ് നിറഞ്ഞു.തീയേറ്ററില്‍ തന്നെ അനുഭവിക്കേണ്ടത്.. ആടുജീവിതം.. നജീബിന്റെ സമാനതകളില്ലാത്ത ജീവിതം..'', ഹരീഷ് പേരടി കുറിച്ചു.
്. ''മലയാള സിനിമയുടെ ചരിത്രത്തില്‍ ആടുജീവിതം തങ്കലിപികളില്‍ കൊത്തിവെക്കും.. അഭിനന്ദനങ്ങള്‍ ആടുജീവിതം ടീം..'',എന്നാണ് സംവിധായകന്‍ അഭിലാഷ് പിള്ള പ്രിത്വിരാജിന് ഒപ്പം നില്‍ക്കുന്ന ഫോട്ടോയോടൊപ്പം കുറിച്ചു. അഭിലാഷിന്റെ വാക്കുകള്‍ അംഗീകരിച്ച് നിരവധി പേര്‍ കമന്റ് ഇട്ടിട്ടുമുണ്ട്.<