Latest News

അഡ്വാന്‍സ് ടിക്കറ്റ് വില്പ്പനയില്‍ റെക്കോഡിട്ട് ആടുജീവിതം; 12 മണിക്കൂറിലെ ടിക്കറ്റ് വില്പ്പനയിലൂടെ നേടിയത് ഒരു കോടിയിലധികം; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രത്തിന്റെ റിക്രിയേഷന്‍ ട്രെയിലര്‍; ചിത്രം യഥാര്‍ത്ഥ മണല്‍ക്കാറ്റിലാണ് ചിത്രീകരിച്ചതെന്ന് പൃഥ്വിരാജ്

Malayalilife
അഡ്വാന്‍സ് ടിക്കറ്റ് വില്പ്പനയില്‍ റെക്കോഡിട്ട് ആടുജീവിതം; 12 മണിക്കൂറിലെ ടിക്കറ്റ് വില്പ്പനയിലൂടെ നേടിയത് ഒരു കോടിയിലധികം; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രത്തിന്റെ റിക്രിയേഷന്‍ ട്രെയിലര്‍; ചിത്രം യഥാര്‍ത്ഥ മണല്‍ക്കാറ്റിലാണ് ചിത്രീകരിച്ചതെന്ന് പൃഥ്വിരാജ്

മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമാ അനുഭവമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്യാമിന്‍ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കുന്ന സിനിമ എന്നതാണ് അതിന് പ്രധാന കാരണം. കൊവിഡ് ഉള്‍പ്പെടെയുള്ള തടസങ്ങളാലും കാന്‍വാസിന്റെ വലിപ്പത്താലുമൊക്കെ ആശയത്തില്‍ നിന്നും സ്‌ക്രീനിലേക്ക് എത്താന്‍ 16 വര്‍ഷമെടുത്ത ആടുജീവിതം അവസാനം തിയറ്ററുകളിലേക്ക് എത്തുകയാണ്. മാര്‍ച്ച് 28 ന് ആണ് റിലീസ്. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിക്കുകയാണ് ചിത്രം.

കേരളത്തില്‍ മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് അറിയിക്കുന്നു. ഇതിലൂടെ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 1.75 കോടിയാണ്! ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതികരണമാണ് ഇത്. ഈ ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് എന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഇത്. ഇന്നലെ അര്‍ധരാത്രിക്ക് മുന്‍പുള്ള കണക്കാണ് ഇത്. ഇനിയുള്ള മൂന്ന് ദിവസങ്ങളിലൂടെ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രം ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

ഇതിനിടെ സിനിമയുടെ ട്രെയിലര്‍ റിക്രിയേറ്റ് ചെയ്‌തൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. യഥാര്‍ഥ ട്രെയിലറിനോട് കിടപിടിക്കുന്ന മേക്കിങും അതില്‍ അഭിനയിച്ചിരിക്കുന്ന ആളുടെ പ്രകടനവുമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്.

'ആടുജീവിതം' സിനിമയ്ക്കായി ശരീരത്തില്‍ ഒരുപാട് ട്രാന്‍സ്ഫൊമേഷന്‍സ് ആണ് പൃഥ്വിരാജ് വരുത്തിയത്. 31 കിലോയോളം ശരീരഭാരമാണ് പൃഥ്വിരാജ് കുറിച്ചത്. മരുഭൂമിയിലെ ഷൂട്ടിംഗിന് ഇടയിലും നിരവധി ബുദ്ധിമുട്ടുകള്‍ പൃഥ്വി അനുഭവിച്ചിരുന്നു. മരുഭൂമിയിലെ മണല്‍ക്കാറ്റിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. 10-12 ദിവസം കഴിഞ്ഞിട്ടും ചുമക്കുമ്പോള്‍ വായില്‍ നിന്നും മണ്ണ് വന്നിരുന്നുവെന്നാണ് നടന്‍ പറയുന്നത്.

''മരുഭൂമിയില്‍ അതിരാവിലെ, അര്‍ധരാത്രി എന്നൊക്കെ പറയുന്നത് വേറൊരു ലോകം പോലെയാണ്. ഈ സിനിമയില്‍ ഒരു മണല്‍ക്കാറ്റിന്റെ സീക്വന്‍സ് ഉണ്ട്. സ്വാഭവികമായും വിഎഫ്എക്സും സിജിയുമൊക്കെ വച്ചാണ് അത് ചെയ്യുന്നത്. പക്ഷെ ഞങ്ങള്‍ ഈ സീക്വന്‍സ് എടുക്കാന്‍ പോകുന്നതിന് മുമ്പ്, വാദിറാമില്‍ ഒരു ദിവസം മണല്‍ക്കാറ്റ് വരാന്‍ പോകുന്നുവെന്ന വിവരം ഞങ്ങള്‍ക്ക് കിട്ടി.'

മണല്‍ക്കാറ്റ് വരുമ്പോള്‍ ഷൂട്ട് ക്യാന്‍സല്‍ ചെയ്യുകയാണ് പതിവ്. മണല്‍ക്കാറ്റ് വരുമെന്ന വിവരത്തെ തുടര്‍ന്ന് എത്രയോ ദിവസങ്ങള്‍ ഷൂട്ട് ചെയ്യാതെ ക്യാമ്പില്‍ ഇരുന്നിട്ടുണ്ട്. മണല്‍ക്കാറ്റ് ഷൂട്ട് ചെയ്യാന്‍ തയാറാടുത്ത ദിവസം അത് വരുമെന്ന വിവരം കിട്ടിയപ്പോള്‍, എന്നാല്‍ പിന്നെ നമുക്ക് ഒറിജിനല്‍ മണല്‍ക്കാറ്റില്‍ ചിത്രീകരിച്ചാലോ എന്ന് ബ്ലെസി ചേട്ടന്‍ ചോദിച്ചു. ക്യാമറ ടീം പറഞ്ഞു, പറ്റത്തില്ല, ക്യാമറ പുറത്തിറക്കാന്‍ പറ്റത്തില്ല, കുഴപ്പമാണ് എന്നൊക്കെ.''

''ഞങ്ങള്‍ ഗ്യാരണ്ടി തരാം, വേണേല്‍ പുതിയ ക്യാമറ വാങ്ങി തരാം എന്നൊക്കെ ബ്ലെസി ചേട്ടന്‍ പറഞ്ഞ് കണ്‍വിന്‍സ് ചെയ്തു. ഈ സിനിമയിലെ കുറേയധികം ഷോട്ടുകള്‍ ഒറിജിനല്‍ മണല്‍ക്കാറ്റില്‍ ചിത്രീകരിച്ചതാണ്. വിഎഫ്എക്സ് ഉപയോഗിക്കാത്ത ഷോട്ടുകള്‍ പോലും സിനിമയില്‍ ഉണ്ട്. ഇത് ഷൂട്ട് ചെയ്തത് ഒരു കാര്യം, ഇതിനിടെ പോയി നില്‍ക്കുന്നത് വേറൊരു കാര്യമാണ്. ശരിക്കും നമ്മള്‍ വെളിയില്‍ നിന്നും കാണുന്നത് അല്ല മണല്‍ക്കാറ്റിന് അകത്ത് നില്‍ക്കുമ്പോള്‍.''

ഭയങ്കര വേദന എടുക്കും. അത്ര സ്പീഡിലാണ് ഈ മണ്ണ് വന്ന് നമ്മുടെ മുഖത്തും കണ്ണിലും ഒക്കെ അടിക്കുന്നത്. ജിമ്മി ജെയ്നും ഞാനുമാണ് ആ സീക്വന്‍സില്‍ ഉള്ളത്. ആ സീന്‍ എടുത്തിട്ട് 10-12 ദിവസമൊക്കെ കഴിഞ്ഞിട്ടും നമ്മള്‍ എപ്പോഴെങ്കിലും ചുമച്ചാല്‍ മണ്ണ് വായിനകത്ത് നിന്നും വരും'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.


രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടന്‍ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‌മാനാണ് ചിത്രത്തി്‌നറെ സംഗീതം നിര്‍വഹിക്കുന്നത്

Read more topics: # ആടുജീവിതം
aadujeevitham movie ticket

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES