മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മനോജ് കെ. ജയനും വിനോദ് കോവൂരും ഹരിഷ് പേരടിയുമടക്കം രംഗത്തെത്തി.
സ്ഥാനം കൊണ്ടും കര്‍മ്മം കൊണ്ടും തനിക്ക് അദ്ദേഹം ഗുരുസ്ഥാനീയനായിരുന്നു എന്നാണ് മനോജ് കെ.ജയന്‍ പറയുന്നത്. മഹാഗുരു എന്നത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് മനസ്സുകൊണ്ട് എന്നും നമിച്ചിരുന്നു. സര്‍ഗാത്മകതയുടെ ആ പെരുന്തച്ചില്‍ രൂപപ്പെടുത്തിയ നാലു കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി.
പെരുന്തച്ചനിലെ''തിരുമംഗലത്ത് നീലകണ്ഠന്‍ നമ്പൂതിരിയും ,പരിണയത്തിലെ''കുഞ്ഞുണ്ണി നമ്പൂതിരിയും ,സുകൃതത്തിലെ''രാജേന്ദ്രനും ,കേരളവര്‍മ്മ പഴശ്ശിരാജയിലെ'' തലയ്ക്കല്‍ ചന്തുവും അദ്ദേഹത്തിന്റെ അനുഗ്രഹ വര്‍ഷമാണ് . ആ അനുഗ്രഹമാണ് ഇന്നും സിനിമയില്‍ എന്നെ നിലനിര്‍ത്തുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഗൗരവം ഒട്ടും ചോര്‍ന്നു പോകാതെ എന്നെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ..ആ കണ്ണുകളില്‍ എന്നോടുള്ള സ്‌നേഹവാല്‍സല്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.
മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഹോസ്പിറ്റലില്‍ എത്തി അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതും,കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞതും ഇപ്പോള്‍ ഒരു ആശ്വാസമായി കാണുന്നു.വാക്ക് മൗനം തേടുന്ന ഈ നിമിഷത്തില്‍ ആ ഓര്‍മ്മകള്‍ക്ക് ..സ്‌നേഹത്തിന് ..ചേര്‍ത്തുനിര്‍ത്തലുകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.
ആദരാഞ്ജലികള്‍- മനോജ് കെ. ജയന്‍ കുറിച്ചു.
നടന്‍ വിനോദ് കോവൂര്‍ കുറിച്ചത് ഇങ്ങെനെ: എംടിയുടെ ഭാവനയില്‍ രൂപം കൊണ്ട കഥാപാത്രങ്ങള്‍ ഈ ഭൂമിയുളള കാലം വരെ ഇവിടെ ഉണ്ടാകുമെന്നും എംടി ജീവിച്ച കോഴിക്കോട് നഗരത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചത് സുകൃതമായി കരുതുന്നുവെന്നും വിനോദ് കോവൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മലയാളത്തിന്റെ സുകൃതം ഓര്‍മയായി, കോഴിക്കോട്ടുകാരനായത് കൊണ്ട് തന്നെ ഒത്തിരി തവണ എം ടിയെ കാണാനും കൊട്ടാരം റോഡിലെ വീട്ടില്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കൊട്ടാരം റോഡില്‍ തന്നെയായിരുന്നു ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ ഓഫീസ്. ജ്ഞാനപീഠ പുരസ്‌കാരം നേടിയ സമയത്ത് ഞങ്ങള്‍ ഐ വൈ എ അംഗങ്ങള്‍ വീട്ടില്‍ ചെന്ന് എം ടിസാറിനെ അഭിനന്ദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തോപ്പില്‍ ഭാസി സാര്‍ പറഞ്ഞപ്രകാരം ഞാനും എന്റെ അച്ഛനും കൂടി എം ടി സാറിനെ കാണാന്‍ ചെന്നിരുന്നു. ശേഷം എം ടിയുടെ ഒരു തിരക്കഥ സിനിമയാക്കുന്ന സന്ദര്‍ഭത്തില്‍ എന്നെ ഒരു വേഷത്തിന് വേണ്ടി എം ടി സാര്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു.
എന്തോ ആ സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. പ്രിഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എംടിയുടെ കാലവും നാലുകെട്ടും ഒക്കെ വായിച്ച് എംടിയോട് ആരാധന തോന്നി തുടങ്ങിയത്. പിന്നീട് എം ടി തിരക്കഥ ഒരുക്കിയ ചിത്രങ്ങള്‍ ഓരോന്ന് കാണുമ്പോള്‍ എം ടിയുടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മോഹം കൂടി വന്നു. അങ്ങനെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഒരു വേഷം ചെയ്യാന്‍ ഭാഗ്യം വന്നു. എം ടി സാര്‍ തിരക്കഥ രചിച്ച പഴയ ഓളവും തീരവും എന്ന സിനിമ സംവിധായകന്‍ പ്രിയദര്‍ശന്‍ സാര്‍ റീമേക്ക് ചെയ്തപ്പോള്‍ അതില്‍ ചെറുതാണെങ്കിലും ഒരു വേഷം ചെയ്യാനായി.
എന്തായാലും എം ടി സാര്‍ എഴുതി വെച്ച കഥാപാത്രമാണല്ലോ, പ്രിയന്‍സാറിന്റെ നിര്‍ദ്ദേശപ്രകാരം ആ കഥാപാത്രം ചെയ്തു. പ്രിയന്‍ സാര്‍ ചേര്‍ത്ത് പിടിച്ച് അഭിനന്ദിച്ചു. മനോരഥങ്ങളുടെ ലോഞ്ചിംഗ് ചടങ്ങില്‍ വെച്ച് എം ടി യുടെ ചിത്രം കൊത്തിവെച്ച ഒരു ശില്പം ഉപഹാരമായി ലഭിച്ചു. മനസില്‍ ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്. എനിക്ക് ലഭിച്ച പുരസ്‌കാരങ്ങളുടെ നടുവില്‍ ഏറ്റവും വിലപിടിപ്പുള്ള ഒരു ഉപഹാരമായി അത് സ്ഥാനം പിടിച്ചിരിക്കുന്നു. എന്നും വിലയേറിയ ഒരു ഓര്‍മ്മയായിരിക്കും അത്.
എം ടി സാര്‍ മാത്രമേ പോയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഭാവനയില്‍ രൂപം കൊണ്ട കഥാപാത്രങ്ങള്‍ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകും.
എം ടി യെ പോലെ ഇത്രയും ബഹുമാനപ്പെട്ട ഒരു സാഹിത്യകാരന്‍ ജീവിച്ച കോഴിക്കോട് തന്നെ എന്നെ പോലെ ഒരു കൊച്ചു കലാകാരനും ജീവിക്കാന്‍ ഭാഗ്യം ലഭിച്ചു എന്നത് സുകൃതം. അവസാനമായി ഒരു നോക്ക് കാണാന്‍ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്. കോഴിക്കോടിന്റെ അഭിമാനമായ എം ടി വാസുദേവന്‍ നായരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു,' വിനോദ് കോവൂര്‍ കുറിച്ചത് ഇങ്ങനെ.
ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഹരീഷ് പേരടി കുറിച്ചതിങ്ങനെ:
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് എംടിയ്ക്ക് ഒപ്പമുണ്ടായിരുന്ന നിമിഷങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തത്. കോഴിക്കോട് നഗര ഹ്യദയത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ചെറുപ്പം മുതലേ ഈ മനുഷ്യനെ ദൂരെ നിന്ന് പല തവണ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. ഒരിക്കല്‍ 'അപ്പുണ്ണികള്‍' വേദികളില്‍ തിമര്‍ത്താടുന്ന കാലം. അന്ന് കുളൂര്‍ സാര്‍ പറഞ്ഞു നമ്മുക്ക് ഇതൊന്ന് എം.ടി.യെ കാണിക്കണം. അതിനുള്ള സമയമായി എന്ന്.
അങ്ങിനെ കറന്റ്റ് ബുക്‌സില്‍ എന്നും എം.ടി. എത്തുന്ന സമയം മനസ്സിലാക്കി ഞാനും ശശിയും കൂടെ അവിടെയെത്തി. പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം വായന നിര്‍ത്തി ഞങ്ങളുടെ നാടകം കാണാനുള്ള ആവേശം നിറഞ്ഞ വര്‍ത്തമാനം കേട്ട് ഞങ്ങള്‍ക്ക് ഇരിക്കാനുള്ള കസേരക്കായി ചുറ്റുപാടും കണ്ണോടിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കിരിക്കാനുള്ള കസേര അവിടെയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹവും ഞങ്ങള്‍ക്കൊപ്പം എഴുന്നേറ്റ് നിന്നു.
ബാക്കി നാടക വര്‍ത്തമാനവും അപ്പുണ്ണികളുടെ രൂപവും ഘടനയും എല്ലാം ആ നിന്ന നില്‍പ്പില്‍ സമയമെടുത്ത് വിശദമായി അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. ഉടനെ പോകുന്ന ഒരു അമേരിക്കന്‍ യാത്ര കഴിഞ്ഞ് വന്ന് കാണാം എന്ന ഉറപ്പോടെ ഞങ്ങള്‍ പിരിഞ്ഞു. വിശ്വ സാഹിത്യത്തിന്റെ നെറുകയില്‍ ഇരിക്കുന്ന ഒരു മനുഷ്യന്‍ ഒന്നുമല്ലാത്ത വെറും രണ്ട് നാടകക്കാര്‍ക്ക് തന്ന ബഹുമാനം. അത് നാടകം എന്ന കലയോടുള്ള അദ്ദേഹത്തിന്റെ ആദരവായിരുന്നു. കാലം പിന്നെയും കടന്നുപോയി. ഈ മനുഷ്യന്റെ കഥാപാത്രമാവുകയെന്ന എന്റെ സ്വപ്നം ഇനി നടക്കാന്‍ സാധ്യതയില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.
പക്ഷെ തീവ്രമായ ചില ആഗ്രഹങ്ങള്‍ ഫലിക്കും എന്ന് കേട്ടിട്ടില്ലേ. അദ്ദേഹം വിട പറയുന്നതിനു മുന്‍പ് അതും നടന്നു. ഓളവും തീരത്തിലേയും കുഞ്ഞാലിയെ എനിക്ക് തന്ന ആ വിരലുകളില്‍ ഞാന്‍ തൊട്ടു. തൊണ്ണുറാം പിറന്നാളിന് ഒന്നിച്ചിരുന്ന് ഊണു കഴിച്ചു. ഞാന്‍ അഭിനയിക്കുന്ന രംഗം മോണിറ്ററില്‍ നോക്കി അദ്ദേഹമിരുന്നപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ നിറകണ്ണുകളോടെ ഉരുവിട്ടു.'ചോറ്റാനിക്കര അമ്മേ ഭഗവതി എന്നുമായിരുന്നു ഹരീഷ് പേരടി കുറിച്ചത്.