ഇന്ത്യകണ്ട ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു, അന്തരിച്ച ആ്രന്ധപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി. പാവങ്ങളുടെ പടത്തലവനായി അറിയപ്പെട്ടിരുന്ന റെഡ്ഡിയുടെ അങ്ങേയറ്റം സിനിമാറ്റിക്കായ ജീവിതം അനാവരണം ചെയ്യുകയാണ്, തെലുങ്ക് സംവിധായകന്‍ മഹി വി രാഘവ് യാത്ര എന്ന പുതിയ ചിത്രത്തിലുടെ. പേരന്‍പനിലെ അതിഗംഭീരമായ പ്രകടനത്തിലൂടെ തമിഴക പ്രേക്ഷകരുടെ അരുമയായ മമ്മൂട്ടി യാത്രയിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും പ്രിയ നടന്‍ ആവുകയാണ്. ചിത്രത്തിന് ആന്ധ്രാപ്രദേശില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കേ്‌രളത്തിലും വന്‍ ജനാവലിയാണ് ആദ്യ ദിനം തന്നെ ചിത്രത്തെ വരവേല്‍ക്കാന്‍ എത്തിയത്. ജീവചരിത്രം സിനിയാവുമ്പോള്‍ എപ്പോഴും ശ്രദ്ധേയമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെക്കാറ്. പഴശ്ശിരാജയായി, അടൂരിന്റെ മതിലുകളിലെ ബഷീറായി, ജബ്ബാര്‍ പട്ടേലിന്റെ ചിത്രത്തില്‍ അംബേദ്ക്കറായി ഒക്കെ തിളങ്ങിയ ഈ നടന്‍, വൈഎസ്ആര്‍ ആയും അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
വൈഎസ് രാജശേഖര റെഡ്ഡിയെന്ന ആന്്ധ്രാ രാഷ്ട്രീയത്തിലെ അതികായന്റെ ജീവിതം പലപ്പോളും സിനിമയെ വെല്ലുന്നതായിരുന്നു.
ഹിന്ദുമത വിശ്വാസികളായിരുന്ന റെഡ്ഡിയുടെ കുടുംബം ക്രിസ്തുമത വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. ഒരു ഡോക്ടറായ അദ്ദേഹം, വെറും ഒരുരൂപ മാത്രം വാങ്ങി പാവങ്ങളെ ചികില്‍സിച്ചിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. 34ാം വയസ്സില്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ പിസിസി പ്രസിഡന്റായി നിയമിക്കുന്നത്. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ആന്ധ്രയില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെണീറ്റത് രാജശേഖര റെഡ്ഡിയുടെ ആസൂത്രണ പാടവത്തിന് കീഴിലായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടിയുടെ അലകും പിടിയും വരെ ഊരിയെടുക്കാനുള്ള നീക്കത്തിലായിരുന്നു റെഡ്ഡി. ചിരഞ്ജീവിയുടെ താരപ്രഭയെ തന്ത്രങ്ങള്‍ കൊണ്ട് മൂക്കുകുത്തിക്കാനും റെഡ്ഡിക്ക് കഴിഞ്ഞിരുന്നു. 1999 മുതല്‍ 2004 വരെ അഞ്ച് വര്‍ഷത്തോളം ആന്ധ്രാപ്രദേശ് അസംബ്ലിയില്‍ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 2003ല്‍ റെഡ്ഡി നടത്തിയ 1400 കിലോമീറ്റര്‍ പദയാത്ര ഏറെ ശ്രദ്ധേയമായിരുന്നു.ആ യാത്രയാണ് തന്നിലെ രാഷ്ട്രീയനേതാവിനെ ഉണ്ടാക്കിയതെന്ന് റെഡ്ഡി പറയുമായിരുന്നു. ഇവിടമാണ് സിനിമയുടെ ഇതിവൃത്തം. ജനങ്ങളുടെ അടിസ്ഥന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഒരു ജനനേതാവ് ഉയര്‍ന്നുവരുന്നത് ചിത്രം എടുത്തുകാണിക്കുന്നു.
ഈ പദയാത്രയുടെ അടിസ്ഥാനത്തിയാണ് റെഡ്ഡി 2009ല്‍ അധികാരത്തിലേറുന്നത്. ജനങ്ങളുടെ ദാരിദ്രം നേരിട്ട കണ്ട അദ്ദേഹം അതിശയിപ്പിക്കുന്ന പദ്ധതികളാണ് നടപ്പാക്കിയത്. രണ്ട് രൂപയ്ക്ക് അരി, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് ഫീസ് നിര്‍ത്തലാക്കിയത്, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംവരണം, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ വിവിധ നടപടികള്‍ റെഡ്ഡി സര്‍ക്കാരിന്റെ നേട്ടങ്ങളായുണ്ട്. ഈ ചരിത്രമാണ് സിനിയാക്കുന്നത്.
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമാണ് മമ്മൂട്ടി . ആ വിശേഷണം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് മമ്മൂട്ടി യാത്രയിലൂടെ. പേരന്പ് ഉയര്‍ത്തി വിട്ട അലയൊലികള്‍ ഒടുങ്ങും മുന്‍പ് തന്നെ യാത്രയും തിയേറ്ററുകളില്‍ എത്തി. പേരന്പിന്റെ റിലീസിന് ഒരാഴ്ച മാത്രം ഇടവേളയിലാണ് യാത്രയും എത്തിയിരിക്കുന്നത്.പേരന്‍പിലെ നിസ്സഹായനായ അച്ഛനില്‍ നിന്നും നേര്‍ വിപരീതമാണ് വെല്ലുവിളികള്‍ക്ക് തോല്പിക്കാനാകാത്ത കരുത്തനായ വൈ എസ് ആര്‍ . മഹി വി രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മമ്മൂട്ടി പരകായ പ്രവേശം തന്നെയാണ് നടത്തിയിരിക്കുന്നത്. കൃത്യമായി തന്നെ മമ്മൂട്ടി സ്വാഭാവികതയോടെ കയ്യടക്കത്തോടെ വൈ എസ് ആറിനെ അവതരിപ്പിച്ചു . അവതരിപ്പിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്ന് വേണം പറയാന്‍.വെ എസ ആറിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു. ജനങ്ങളോടുള്ള വൈ എസ ആറിന്റെ അടുപ്പവും തലയെടുപ്പും മമ്മൂട്ടി മികവുറ്റതാക്കി. മമ്മൂട്ടിയാണ് സിനിമയില്‍ നിറഞ്ഞു നില്കുന്നത്. പദയാത്ര തന്നെ വൈഎസ്ആര്‍ എന്ന വ്യക്തിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ മമ്മൂട്ടിയുടെ വണ്‍ മാന്‍ ഷോ ആണ് യാത്ര.
റാവു രമേഷ് വൈ.എസ്.ആറിന്റെ സന്തതസഹചാരിയായ കെ.വി.പിയായും, ആശ്രിത , രാജശേഖര റെഡ്ഡിയുടെ പത്‌നി വിജയമ്മയായും അഭിനയിച്ചിരിക്കുന്നു. വൈ.എസ്.ആറിന്റെ സഹോദരീതുല്യയായ നേതാവായ സബിത റെഡ്ഡിയായി സുഹാസിനിയും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.മലയാളികളുടെ പ്രിയനടി കാവേരിയും ഒരു സുപ്രധാന വേഷത്തില്‍ എത്തന്നുണ്ട്. മറ്റു കഥാപാത്രങ്ങള്‍ ഒരുപാട് പേരുണ്ടെങ്കിലും, പൂര്‍ണമായും വൈ.എസ്.ആറിനെ കേന്ദ്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണിത്. പക്ഷെ മുഷിപ്പ് തോന്നാതെ മമ്മൂട്ടിയെ യാത്രയില്‍ കണ്ടിരിക്കാം, നിറഞ്ഞു നിന്നാലും.ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് 'കെ' എന്ന.ചുരുക്കപ്പേരിലറിയപ്പെടുന്ന കൃഷ്ണകുമാര്‍ ആണ്.'യാത്ര'യുടെ ഛായാഗ്രഹണം സത്യന്‍ സൂര്യനും ചിത്രസംയോജനം ശ്രീകര്‍ പ്രസാദും നിര്‍വഹിച്ചിരിക്കുന്നു. കൃത്യമായി എഡിറ്റ് ചെയ്ത് വലിച്ചുനീട്ടാത്ത ചിത്രമായതിനാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സുപരിചിതമല്ലാത്തവര്‍ക്കുപോലും ആസ്വാദ്യകരമായ ചിത്രമാണ് 'യാത്ര'.കര്‍ഷക സമരവും തൊഴിലാളി പ്രശ്‌നങ്ങളുമൊക്കെ ആവിഷ്‌കരിക്കപ്പെടുന്ന സിനിമയില്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം ഇല്ല. രാഷ്ട്രീയത്തിന്റെ ഉദ്ദേശ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നു.
ഈ ഇലക്ഷന്‍ കാലത്ത് ഇത് പുറത്തിറക്കിയതിനുപിന്നില്‍ വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ താല്‍പ്പര്യമാണെന്ന് ആരോപണവും ഉയരുന്നുണ്ട്.