അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിന്റെ ടീസര്‍ പുറത്ത് വിട്ട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. എന്‍ഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാന്‍ഷ് നാമയും ചേര്‍ന്നാണ്. സഹനിര്‍മ്മാതാവ് താരക് സിനിമാസ്.
ലോകോത്തര നിലവാരവും സമ്പന്നമായ നിര്‍മ്മാണ മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗംഭീര കാന്‍വാസില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസര്‍ കാണിച്ചു തരുന്നു. നിഗൂഢമായ ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍, കാലത്തേക്കാള്‍ പഴക്കമുള്ള ഒരു രഹസ്യം മൂടപ്പെട്ടു കിടക്കുന്ന ഒരു ലോകത്തിലേക്കുള്ള വാതില്‍ ആണ് ഈ ടീസര്‍ തുറക്കുന്നത്. ഒരു മനുഷ്യന്റെ അത്യാഗ്രഹം ഈ പ്രപഞ്ച രഹസ്യത്തെ തുറന്നു കാണിക്കും എന്ന ഭീഷണി ഉയര്‍ത്തുമ്പോള്‍, വിധി അതിന്റെ യോദ്ധാവിനെ തിരഞ്ഞെടുത്തു കൊണ്ട് മുന്നോട്ടു വരുന്നു.
അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാന്‍ അധിനിവേശത്തില്‍ നിന്ന് ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ട ഈ ആഖ്യാനം, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഈ ഇതിഹാസത്തിന്റെ ഹൃദയഭാഗത്ത് വിശുദ്ധ നാഗബന്ധം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇത് ആകാശശക്തികളാല്‍ സംരക്ഷിക്കപ്പെടുകയും, ഒരു പുരാതന കോസ്മിക് ശക്തിയെ സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ക്ഷേത്രമാണ്. രഹസ്യമായ ഹിമാലയന്‍ പാതകളില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് അതിശയകരമായ ഒരു ശക്തിയുണ്ട്. അത് തെറ്റായ കൈകളിലേക്ക് വീഴുന്നത് സങ്കല്‍പ്പിക്കാനാവാത്ത നാശത്തിന് കാരണമാകും.
ബ്രഹ്‌മാവിന്റെ സൃഷ്ടിയില്‍ നിന്ന്... വിഷ്ണുവിന്റെ ധര്‍മ്മത്താല്‍ സംരക്ഷിക്കപ്പെടുന്ന... മഹാദേവന്റെ രോഷത്താല്‍ നയിക്കപ്പെടുന്ന... എന്ന വരികള്‍, നാഗബന്ധത്തിന്റെ ആത്മാവിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. ദൈവത്വവും വിധിയും നാശവും കൂട്ടിമുട്ടുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. സംവിധായകന്‍ അഭിഷേക് നാമയുടെ ധീരമായ അഭിലാഷവും വ്യക്തമായ കാഴ്ചപ്പാടും ഈ ടീസറിലൂടെ ദൃശ്യമാണ്. അസാധാരണമായ സാങ്കേതിക നിലവാരത്തില്‍, പുരാണങ്ങള്‍, ആക്ഷന്‍, ആത്മീയ ആഴം എന്നിവയുടെ സംയോജനം ആണ് ടീസറിന് ശക്തമായ സിനിമാറ്റിക് ഐഡന്റിറ്റി നല്‍കുന്നത്. ഒരൊറ്റ ഡയലോഗ് പോലും ഇല്ലാതെ, ദൃശ്യങ്ങളുടെ ശക്തിയും അമ്പരപ്പിക്കുന്ന വലിപ്പമുള്ള കഥപറച്ചിലും കൊണ്ട് ടീസര്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. ആദ്യ ഫ്രെയിം മുതല്‍ തന്നെ, നാഗബന്ധം ഒരു മഹത്തായ ദൃശ്യ ഇതിഹാസമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുന്നുണ്ട്.
വലിയ സെറ്റുകള്‍ നിര്‍മ്മിക്കുന്നത് മുതല്‍, വിഎഫ്എക്‌സിലും എല്ലാ സാങ്കേതിക വകുപ്പുകളിലും സൂക്ഷ്മമായ ശ്രദ്ധയും മേല്‍നോട്ടവും നല്‍കുന്നതില്‍ വരെ, ഇന്ത്യന്‍ സിനിമയിലെ നിര്‍മ്മാണ മൂല്യത്തിന്റെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുകയെന്നതാണ് ഈ ചിത്രത്തിലൂടെ സംവിധായകനും നിര്‍മ്മാതാക്കളും ലക്ഷ്യമിടുന്നത്. ഉഗ്രമായ അവതാരമായി സ്‌ക്രീനിലെത്തുന്ന നായകന്‍ വിരാട് കര്‍ന്നയുടെ പ്രകടനം തന്നെയാണ് ടീസറിന്റെ മറ്റൊരു ഹൈലൈറ്റ്.
മുതലയുമായുള്ള പോരാട്ടത്തിനുപുറമെ, ശിവ ഭഗവാന്റെ രൂപത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടനവും ടീസറിന്റെ ഹൈലൈറ്റ് ആണ്. വമ്പന്‍ ശാരീരിക പരിവര്‍ത്തനം, വൈകാരിക ആഴം, തീവ്രമായ എന്നിവയിലൂടെ തന്റെ കരിയറിനെ നിര്‍വചിക്കുന്ന പ്രകടനമാണ് അദ്ദേഹം നല്‍കിയിരിക്കുന്നതെന്ന് ടീസര്‍ സൂചിപ്പിക്കുന്നു.
നഭാ നടേഷ്, ഐശ്വര്യ മേനോന്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇന്നലെ ഹൈദരാബാദില്‍ പ്രസാദ് പി. സി. എക്‌സില്‍ ടീസര്‍ പ്രദര്‍ശിപ്പിക്കുകയും, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വലിയ കയ്യടിയും അഭിനന്ദനവും നേടുകയും ചെയ്തിരുന്നു. ബ്രഹ്‌മാണ്ഡ സെറ്റുകളില്‍, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയില്‍ ഒരുക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ 2026 സമ്മര്‍ റിലീസായി എത്തും.
ഛായാഗ്രഹണം- സൌന്ദര്‍ രാജന്‍ എസ് , സംഗീതം- അഭേ, ജുനൈദ് കുമാര്‍, എഡിറ്റര്‍- ആര്‍. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അശോക് കുമാര്‍, സംഭാഷണങ്ങള്‍- കല്യാണ്‍ ചക്രവര്‍ത്തി, കോസ്റ്റ്യൂം ഡിസൈനര്‍-അശ്വിന്‍ രാജേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഭിനത്രി ജക്കല്‍, ആക്ഷന്‍- വെങ്കട്ട്, വ്‌ലാഡ് റിംബര്‍ഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എന്‍ കൃഷ്ണ, Vfx: തണ്ടര്‍ സ്റ്റുഡിയോസ്, Vfx സൂപ്പര്‍വൈസര്‍-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈന്‍ -കാനി സ്റ്റുഡിയോ, പിആര്‍ഓ - ശബരി