ദളപതിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഗില്ലി' ഇപ്പോള്‍ തിയേറ്ററുകളെ ഇളക്കി മറിച്ച് കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഇതിനോടകം വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ റീ റിലീസ് ചെയ്‌തെങ്കിലും വിജയുടെ ഗില്ലിയ്ക്ക് ആഗോളതലത്തില്‍ തന്നെ വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമായി കളക്ഷന്‍ വാരിക്കൂട്ടിയ തങ്ങളുടെ സിനിമ കാണാന്‍ എത്തിയ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ വലിയ ആഹ്ലാദത്തിലാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഈണം പകര്‍ന്ന പാട്ടിന് ഇന്ന് തിയേറ്റില്‍ ഉയരുന്ന വിസിലടികളുടെയും ഡാന്‍സിന്റെയും മേളം തന്റെ ഹൃദയം നിറയ്ക്കുന്നു എന്നാണ് വിദ്യാസാഗര്‍ പറയുന്നത്
അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഗില്ലി കാണാന്‍ പോയപ്പോഴുണ്ടായ പ്രേക്ഷകരുടെ ആരവം സംഗീത സംവിധായകന്‍ പങ്കുവെച്ചത്. '20 വര്‍ഷങ്ങള്‍ക്ക് ശേഷം, അതേ സിനിമ, അതേ മാജിക്, കാലങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരുടെ ഈ ആഹ്ലാദത്തില്‍ മനസ് നിറഞ്ഞു. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഈ യാത്രയുടെ ഭാഗാമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ് ഞാന്‍,' എന്നായിരുന്നു വിദ്യാസാഗര്‍ കുറിച്ചത്.
അതേസമയം, ഒരു വാരത്തിനുള്ളില്‍ ഗില്ലി 20 കോടിയിലധികം രൂപയാണ് നേടിയത്. തമിഴകത്തെ റീ റിലീസുകളില്‍ 20 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണ് ഗില്ലി. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്യുടെ ആദ്യ സിനിമ കൂടിയായിരുന്നു.
ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.