ഭരതന്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് വൈശാലി. ചിത്രത്തിലെ വൈശാലിയുടെയും ഋഷ്യശൃംഗന്റെയും മുഖം ഇന്നും മലയാളികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അന്യഭാഷയിലെ താരങ്ങളായിരുന്നിട്ട് കൂടി മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയും ലഭിച്ച താരങ്ങളാണ് സഞ്ജയ് മിശ്രയും സുപര്‍ണ്ണ ആനന്ദും. സുപര്‍ണയുടെ ആദ്യ സിനിമയായിരുന്നു വൈശാലി. ചിത്രവും ചിത്രത്തിലെ വൈശാലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സഞ്ജയുടെ കരിയറിലെ ആദ്യ സിനിമയായിരുന്നു വൈശാലി. ഒരു വടക്കന്‍ വീരഗാഥ, പൂനിലാമഴ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നുവെങ്കിലും മലയാളികള്‍ ഈ താരത്തെ ഓര്‍ത്തിരിക്കുന്നത് ഋഷ്യശ്രൃംഗനിലൂടെയാണ്. മലയാളത്തിന് പിന്നാലെ തമിഴിലേക്കും ഹിന്ദിയിലേക്കും പ്രവേശിക്കുകയായിരുന്നു ഈ താരം.
വൈശാലിയിലെ ഇരുവരും ഒരുമിച്ചുളള മികച്ച കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സിനിമ കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായിരുന്നു. ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി ജീവിത്തില്‍ കൊണ്ടുവരാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്ത 3 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയപ്പോഴും ആരാധകര്‍ തിരക്കിയത് നായികാനായകന്‍മാരെക്കുറിച്ചായിരുന്നു. 22മാത്തെ വയസ്സിലായിരുന്നു സഞ്ജയ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.വൈശാലി കഴിഞ്ഞയുടന്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച സുപര്‍ണ്ണയും സഞ്ജയും 2007ലായിരുന്നു വേര്‍പിരിഞ്ഞത്. മക്കള്‍ സുപര്‍ണ്ണയ്ക്കൊപ്പമാണ് കഴിയുന്നത്. വിവാഹമോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു.
റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിലൂടെ സഞ്ജയ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷവും സുപര്‍ണ്ണയുമായി സൗഹൃദത്തിലാണെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ചാനല്‍ പരിപാടിയിലേക്ക് എത്തുകയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. മാര്‍ച്ച് മൂന്നിന് സംപ്രേഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നിലാണ് ഇരുവരും ഒരുമിച്ചെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുന്‍പ് വൈശാലി സിനിമ പുറത്തിറങ്ങിയ 30-ാം വര്‍ഷത്തിന്റെ ഓര്‍മപുതുക്കലിന് ഋഷ്യശൃംഗനായി അഭിനയിച്ച നായകന്‍ സഞ്ജയ് മിശ്ര ഒന്നും ഒന്നും മൂന്നില്‍ എത്തിയിരുന്നു. വൈശാലിയുടെ ഓര്‍മകള്‍ പറയുന്നതിന്റെ ഇടയ്ക്ക്് റിമി നായിക സുപര്‍ണയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപകടത്തെതുടര്‍ന്ന് വിശ്രമത്തിലായതിനാലാണ് എത്താന്‍ സാധിക്കാത്തതെന്ന് അന്ന് സുപര്‍ണ്ണ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇരുവരും ഒരു വേദിയില്‍ ഒന്നിക്കുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.