തമിഴ്നാട്ടിലെ തിയറ്ററുകളില്‍ സിനിമകള്‍ക്ക് പ്രതിദിനം അഞ്ച് ഷോകള്‍ നടത്താന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് നന്ദി അറിയിച്ച് നടന്‍ വിശാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ പുരോഗമനപരമായ ഉത്തരവിനെ പ്രകീര്‍ത്തിച്ച് വിശാല്‍ രംഗത്തെത്തിയത്.
'ജനപ്രിയനായ പ്രിയ മുഖ്യമന്ത്രി വിജയ് അവര്‍കള്‍ക്ക് നന്ദി. ചലച്ചിത്ര വ്യവസായത്തിലെ നിലവിലെ ബുദ്ധിമുട്ടേറിയ സാഹചര്യം കൃത്യമായി മനസിലാക്കുകയും, സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ 7 ദിവസങ്ങളില്‍ എല്ലാ ചിത്രങ്ങള്‍ക്കും പ്രതിദിനം അഞ്ച് ഷോകള്‍ വീതം അനുവദിക്കുകയും ചെയ്തതിന് നന്ദി പറയുന്നു. ഇത് സിനിമയുടെ വരുമാന വര്‍ദ്ധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കും. എല്ലാ മേഖലകളിലും പൊതുജനങ്ങള്‍ക്ക് ആശ്വാസവും പുരോഗമനപരമായ വളര്‍ച്ചയും നല്‍കുന്ന കൂടുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ എല്ലാവരുടെയും വക മുഖ്യമന്ത്രിക്ക് വലിയൊരു വിസില്‍'- എന്നാണ് വിശാല്‍ കുറിച്ചത്.
തമിഴ്നാട് സിനിമാസ് റൂള്‍സ് 1957- ലെ ചട്ടം 14- എ ഭേദഗതി ചെയ്തു കൊണ്ടാണ് പുതിയ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളില്‍ 5 ഷോകള്‍ വീതം നടത്താന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയത്. മുന്‍പ് തിയറ്ററുകളില്‍ പ്രതിദിനം നാല് ഷോകള്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
വലിയ സിനിമകളുടെ റിലീസ് സമയത്ത് അഞ്ചാമത് സ്‌പെഷ്യല്‍ ഷോ നടത്തുന്നതിനായി നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും പ്രത്യേക അനുമതികള്‍ വാങ്ങേണ്ടി വന്നിരുന്ന സ്ഥാനത്താണ് പുതിയ ഉത്തരവിലൂടെ ഈ തടസ്സങ്ങള്‍ നീങ്ങുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ഇനി മുതല്‍ പ്രത്യേക അനുമതി കൂടാതെ തന്നെ അഞ്ച് ഷോകള്‍ നടത്താന്‍ തിയറ്ററുകള്‍ക്ക് സാധിക്കും. സര്‍ക്കാരിന്റെ ഈ തീരുമാനം തമിഴ് സിനിമാ വ്യവസായത്തിന് വലിയ ഉണര്‍വ്വ് നല്‍കുമെന്നാണ് വിലയിരുത്തല്‍.