സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് സുരേഷ് ഗോപിയും നന്ദനയും. ചിത്രത്തില്‍ കുഞ്ചാക്കോബോബന്റെ പെയറായി എത്തിയ നന്ദന കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അഭിനയ ലോകം വിട്ടെങ്കിലും സുരേഷ് ഗോപിയുമായുള്ള അടുപ്പവും സ്നേഹവും ഇഴമുറിയാതെ സൂക്ഷിച്ചിരുന്നു. ഭര്‍ത്താവ് മനോജിനും അദ്ദേഹത്തിന്റെ കുടുംബവുമായും സുരേഷ് ഗോപിയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ, മനോജിന്റെ വേര്‍പാട് അറിഞ്ഞ് ചെന്നൈയിലെ വീട്ടിലേക്ക് ഓടിയെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
നന്ദനയെ ആശ്വസിപ്പിച്ച് അദ്ദേഹം മടങ്ങിയത് നിറകണ്ണുകളോടെയായിരുന്നു. മനോജിന്റെ പിതാവ് ഭാരതിരാജയുമായും അദ്ദേഹം സംസാരിച്ചു. തുടര്‍ന്നാണ് അദ്ദേഹം ആ ചിത്രം തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ചത്.
പ്രിയപ്പെട്ട ഭാരതിരാജ സാറിനെ വീട്ടിലെത്തി കണ്ടെന്നും അദ്ദേഹത്തിന്റെ മകന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെന്നും മനോജിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേയെന്നുമാണ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു മനോജിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ഇപ്പോഴും ആ വിയോഗം പ്രിയപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. അതിനിടെയാണ് മകന്റെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന ഭാരതിരാജയേയും മനോജിന്റെ ഭാര്യയായ നന്ദനയേയും സുരേഷ് ഗോപി സന്ദര്‍ശിച്ചത്.
വെറും 48-ാം വയസിലാണ് മനോജിന്റെ വേര്‍പാട് സംഭവിച്ചത്. പ്രണയിച്ചു വിവാഹിതരായ നന്ദനയ്ക്കും മനോജിനും രണ്ടു പെണ്‍മക്കളാണ് ഉള്ളത്. മക്കളെ രണ്ടു പേരെയും നന്ദനയെ ഏല്‍പ്പിച്ച് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു മനോജ് മരണത്തിലേക്ക് പോയത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴാം തീയതി ഹൃദയവാല്‍വിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു മനോജ്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധനയ്ക്കുപോയപ്പോഴും പ്രശ്നങ്ങളൊന്നും തന്നെ പറഞ്ഞിരുന്നില്ല. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഇന്നലെ ചൊവ്വാഴ്ച വൈകീട്ട് തീരെ അവിചാരിതമായിട്ടായിരുന്നു അന്ത്യം സംഭവിച്ചത്.
സ്നേഹിതന്‍, കല്യാണക്കുറിമാനം, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യര്‍ സിബിഐ, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ നന്ദന കോഴിക്കോടുകാരിയാണ്. മലയാളി പ്രേക്ഷകര്‍ക്കെന്നപോലെ വീട്ടുകാര്‍ക്കും നന്ദനയേയും മനോജിനെയും കുറിച്ച് പറയാന്‍ നൂറുനാവുമാണ്. കോഴിക്കോടിന്റെ മരുമകന്‍ എന്നായിരുന്നു നന്ദനയുടെ വീട്ടുകാര്‍ക്കിടയില്‍ സംവിധായകനായ ഭാരതിരാജയുടെ മകന്‍ മനോജ് അറിയപ്പെട്ടിരുന്നത്. ഒരുവര്‍ഷം മുന്‍പ് നന്ദനയും മനോജും കുടുംബവും കോഴിക്കോട്ട് നന്ദനയുടെ വീട്ടില്‍ വന്നിരുന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദം കാട്ടുന്ന പ്രകൃതമായിരുന്നു മനോജിന്റേത്. കുറച്ച് വര്‍ഷം മാത്രം സിനിമാ രംഗത്ത് തുടര്‍ന്ന നന്ദന വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുമുള്ളൂ. എങ്കിലും ഒരു പാവം പിടിച്ച പെണ്‍കുട്ടിയുടെ മുഖത്തോടെ സിനിമയില്‍ തിളങ്ങിയ നന്ദനയെ ഇന്നും ആരാധകര്‍ക്ക് ഓര്‍മ്മയുണ്ട്.