Latest News

'സാമൂഹിക മാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല'; കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ ഹിന്ദിയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ധൈര്യമുണ്ടാകുമോ എന്ന് അത്ഭുതപ്പെട്ടുവെന്നും ശബാന ആസ്മി

Malayalilife
 'സാമൂഹിക മാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല'; കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ ഹിന്ദിയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ധൈര്യമുണ്ടാകുമോ എന്ന് അത്ഭുതപ്പെട്ടുവെന്നും ശബാന ആസ്മി

 മമ്മൂട്ടിയെപ്പോലൊരു സൂപ്പര്‍താരം 'കാതല്‍' പോലുള്ള സിനിമ ചെയ്യാന്‍ കാണിച്ച ധൈര്യത്തില്‍ അത്ഭുതം തോന്നിപ്പോയെന്നും ബോളിവുഡ് നടി ശബാന ആസ്മി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേയാണ് തെന്നിന്ത്യന്‍ സിനിമയെക്കുറിച്ചും തന്റെ കലാപരമായ നിലപാടുകളെക്കുറിച്ചും അവര്‍ മനസ്സ് തുറന്നത്. 

കാതല്‍ പോലൊരു സിനിമ മലയാളത്തില്‍ പിറന്നതിനേക്കുറിച്ച് സംസാരിച്ച ശബാന, ഹിന്ദി സിനിമാമേഖലയിലെ മമ്മൂട്ടിയുടെ സ്ഥാനത്തുള്ള ആര്‍ക്കെങ്കിലും അത്തരത്തിലൊരു സിനിമയില്‍ അഭിനയിക്കാനോ നിര്‍മ്മിക്കാനോ ധൈര്യമുണ്ടാകുമോ എന്ന് താന്‍ അത്ഭുതപ്പെട്ടതായി പറഞ്ഞു. ജ്യോതികയുള്ളതുകൊണ്ടാണ് 'കാതല്‍' കണ്ടതെന്നും, ആ സിനിമ തനിക്ക് വളരെയധികം ഇഷ്ടമായെന്നും ശബാന ആസ്മി കൂട്ടിച്ചേര്‍ത്തു. ജ്യോതികയ്‌ക്കൊപ്പം 'ഡബ്ബാ കാര്‍ട്ടല്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. തെന്നിന്ത്യന്‍ സിനിമാമേഖല വലുതാണെന്നും, തനിക്കേറെ പ്രിയപ്പെട്ട സിനിമകള്‍ പുറത്തിറങ്ങുന്നത് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണെന്നും ശബാന ആസ്മി ചൂണ്ടിക്കാട്ടി. 

മുന്‍നിര മലയാള സിനിമകളെക്കുറിച്ചല്ല താന്‍ പറയുന്നതെന്നും, മുംബൈയിലും മറ്റുമുള്ള പല സഹപ്രവര്‍ത്തകര്‍ക്കും മലയാള സിനിമകള്‍ വളരെയധികം ഇഷ്ടമാണെന്നും അവര്‍ വ്യക്തമാക്കി. 'ഡബ്ബാ കാര്‍ട്ടലില്‍' തനിക്കൊപ്പം അഭിനയിച്ച നിമിഷ സജയനേക്കുറിച്ചും ശബാന ആസ്മി പരാമര്‍ശിച്ചു. നിമിഷ മികച്ച പ്രകടനമാണ് 'ഡബ്ബാ കാര്‍ട്ടലില്‍' കാഴ്ചവെച്ചതെന്ന് അവര്‍ പറഞ്ഞു. 

സാമൂഹിക മാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല എന്നുള്ളത് മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ച കാര്യമാണെന്ന് ശബാന ആസ്മി അടിവരയിട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ വിശാല്‍ മേനോനുമായി നടത്തിയ 'ഓഫ് ഫയര്‍ ആന്‍ഡ് ഗ്രേസ്' എന്ന സംഭാഷണത്തിനിടെ, രാജേഷ് ഖന്ന നായകനായ ഒരു സിനിമയിലെ സംഭാഷണമാണ് തന്റെ ചിന്താഗതി മാറ്റിയതെന്ന് ശബാന വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ വീട്ടിലെ സ്ത്രീയുടെ വേദന സ്വന്തം വീട്ടിലെ സന്തോഷത്തേക്കാള്‍ വലുതാണെന്ന് സൂചിപ്പിക്കുന്ന വരികളായിരുന്നു അത്. 

അതിനുശേഷം സ്ത്രീകളുടെ വിധേയത്വത്തെ സ്വാഭാവികവത്കരിക്കുന്നതോ അസമത്വത്തെ വൈകാരിക സത്യമായി ചിത്രീകരിക്കുന്നതോ ആയ വേഷങ്ങള്‍ വേണ്ടെന്ന് വെച്ചുവെന്നും അവര്‍ പറഞ്ഞു. തന്റെ ധാര്‍മികമായ വ്യക്തതയ്ക്ക് പിന്നില്‍ ഭര്‍ത്താവും കവിയുമായ ജാവേദ് അക്തറുമായി പങ്കിടുന്ന ലോകവീക്ഷണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ അടിസ്ഥാനമൂല്യങ്ങള്‍ ഒന്നുതന്നെയാണ്. ജാവേദിന്റെ തിരക്കഥകളിലെ നായകന്മാര്‍ സമൂഹത്തിനെതിരേ പോരാടുന്നവരായിരുന്നു, ക്രൂരത ആഘോഷിക്കുന്നവരായിരുന്നില്ല,' ശബാന പറഞ്ഞു.

shabana azmi-malayalam praise kaathal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES