മുംബൈ: ശ്രീദേവിയുടെ 55-ാം പിറന്നാൾ ആഘോഷമായിരുന്നു ഇക്കഴിഞ്ഞ 13-ാം തീയതി. ഇത്തവണ ശ്രീദേവി ഇല്ലാത്ത ആഘോഷമായിരുന്നു. മുൻകാലങ്ങളിൽ കുടുംബം ഒന്നിച്ചു ചേർന്ന് ആഘോഷമാക്കുന്ന ദിവസമാണ് ഇത്. പക്ഷേ ഇത്തവണ ആ ദിവസത്തിന് കണ്ണീർമയമായിരുന്നു കാര്യങ്ങൾ. ശ്രീയില്ലാതെ അവരുടെ ഓർമ്മകളിൽ കുടുംബം ഒത്തുചേരുകയുണ്ടായി. ഇതോടെ ചടങ്ങിനിടെ ശ്രീയെ ഓർത്ത് ബോണി കപൂർ വികാരധീനനായി. ശ്രീദേവിയെ കുറിച്ചുള്ള പ്രണയകാല ഓർമ്മകളിൽ വിതുമ്പുകയായിരുന്നു ബോണി കപൂർ.
'ശ്രീദേവിയെ ആദ്യമായി സ്‌ക്രീനിൽ കണ്ടപ്പോൾ തന്നെ ഞാനവരുമായി പ്രണയത്തിലായി. വൺ സൈഡ് ലൈനായിരുന്നു അത്. ഒടുവിൽ അവരെ കാണാൻ ഞാൻ ചെന്നൈയിലേയ്ക്ക് പോയി. ശ്രീയന്ന് സിനിമയിൽ ഏറെ തിരക്കുള്ള താരമാണ്. ശ്രീയെ കാണുമ്പോൾ അവർക്ക് ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവർക്ക് പുറകേ ഞാനലഞ്ഞു ഏകദേശം 12 വർഷങ്ങളെടുത്തു അവർക്കരികിലെത്താൻ.
അവൾ ബാക്കിവെച്ച ശൂന്യത ഒന്നും കൊണ്ടും നികത്താനാവില്ല. അവൾ ബാക്കിവെച്ച സൽപേരും നല്ല ഓർമ്മകളുമാണ് ഞങ്ങൾക്ക് കൂട്ടായിട്ടുള്ളത്. ശ്രീയുടെ മരണശേഷം ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു. ജാൻവിയുടെ ആദ്യസിനിമ കാണാൻ അവൾ കാത്തു നിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഃഖം. അർജുനും അൻഷുലയും ജാൻവിയേയും ഖുശിയേയും അംഗീകരിച്ചു എന്നതാണ് ഏറെ സന്തോഷം നൽകുന്ന കാര്യം.' ബോണി പറഞ്ഞു.
ആദ്യഭാര്യ മോന കപൂറിനെയും മക്കളായ അർജുൻ അൻഷുല എന്നിവരേയും ഉപേക്ഷിച്ചാണ് ബോണി ശ്രീദേവിയെ വിവാഹം കഴിച്ചത്. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് നാലു മക്കളും ഒന്നിച്ചത്.