സാംസ്കാരിക ലോകത്തിന് വലിയ നഷ്ടം സമ്മാനിച്ച് പ്രശസ്ത സാംസ്കാരിക പ്രവര്ത്തകനും സംഗീത നാടക അക്കാദമി മുന് ചെയര്മാനുമായ സൂര്യ കൃഷ്ണമൂര്ത്തി ( 78) വിട പറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് രണ്ടാഴ്ചയായി അത്യാസന്ന നിലയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1951 ഏപ്രില് 11-ന് കോട്ടയത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. പരേതനായ പി. നടരാജ പിള്ളയുടെയും പരേതയായ സി. സരസ്വതി അമ്മയുടെയും മകനാണ്. നാല് പതിറ്റാണ്ടിലേറെ കേരളത്തിന്റെ കലാ-സാംസ്കാരിക ജീവിതത്തില് നിറഞ്ഞുനിന്ന കൃഷ്ണമൂര്ത്തിയുടെ പേര് ഒരു വ്യക്തിയുടേതു മാത്രമായിരുന്നില്ല; ഒരു സാംസ്കാരിക പ്രസ്ഥാനത്തിന്റെ പേരുകൂടിയായിരുന്നു. 'സൂര്യ'യിലൂടെ സിനിമ, നാടകം, നൃത്തം, സംഗീതം, ചിത്രകല, സാഹിത്യം, നാടോടിക്കലകള് തുടങ്ങി കലയുടെ വിവിധ മേഖലകളെ ഒരേ കുടക്കീഴില് കൊണ്ടുവന്ന കൃഷ്ണമൂര്ത്തി, വേദി തേടിയെത്തിയ നിരവധി കലാകാരന്മാര്ക്ക് അവസരമൊരുക്കിയ വ്യക്തിയായിരുന്നു.
കല തനിക്കൊരു വിനോദമായിരുന്നില്ല. സ്വന്തം വേദനകള്ക്ക് ആശ്വാസം കണ്ടെത്താനുള്ള വഴിയായിരുന്നു കല എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കലാപ്രവര്ത്തനങ്ങളിലും ആ വ്യക്തിപരമായ അനുഭവത്തിന്റെ അടയാളങ്ങള് കാണാമായിരുന്നു. ഐഎസ്ആര്ഒയിലെ എഞ്ചിനീയറില് നിന്ന് 'സൂര്യ'യിലേക്ക് ഐഎസ്ആര്ഒയിലെ മുന് എഞ്ചിനീയറായിരുന്നു കൃഷ്ണമൂര്ത്തി. തുമ്പയിലെ ഐഎസ്ആര്ഒയില് ജോലി ചെയ്തിരുന്ന കാലത്താണ് കലയും സിനിമയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിയത്. മുന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള് കലാമടക്കമുള്ള ശാസ്ത്രജ്ഞരോടൊപ്പം ജോലി ചെയ്തിരുന്ന അദ്ദേഹം, കലാപ്രേമികളായ സഹപ്രവര്ത്തകര്ക്കൊപ്പം ചേര്ന്നാണ് 'സൂര്യ'യുടെ തുടക്കത്തിലേക്ക് നീങ്ങിയത്. ആദ്യകാലത്ത് ഏതാനും പേരുമായി ചേര്ന്ന് ഒരു ഫിലിം സൊസൈറ്റിയായിട്ടായിരുന്നു 'സൂര്യ'യുടെ തുടക്കം. നല്ല സിനിമ സാധാരണക്കാരിലെത്തിക്കണമെന്നും പ്രത്യേകിച്ച് വീട്ടമ്മമാരടക്കമുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആയിരുന്നു ലക്ഷ്യം. പിന്നീട് അത് ഒരു ഫിലിം സൊസൈറ്റിയുടെ പരിധി വിട്ട് വലിയ സാംസ്കാരിക പ്രസ്ഥാനമായി വളര്ന്നു.
27 വര്ഷത്തെ ഐഎസ്ആര്ഒ സേവനത്തിന് ശേഷം അദ്ദേഹം സ്വയം വിരമിച്ചത് കലയ്ക്കും സംസ്കാരത്തിനുമായി കൂടുതല് സമയം മാറ്റിവയ്ക്കാനായിരുന്നു. കേരളത്തിലെ വിവിധ വേദികളില് നടന്ന 'സൂര്യ'യുടെ 111 ദിവസത്തെ ഉത്സവം പിന്നീട് രാജ്യാതിര്ത്തികള് കടന്നു. 38 രാജ്യങ്ങളില് ചാപ്റ്ററുകളുള്ള സാംസ്കാരിക സംഘടനയായി 'സൂര്യ' വളര്ന്നുവെന്നാണ് കൃഷ്ണമൂര്ത്തി പറഞ്ഞിരുന്നത്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് എല്ലാ ദിവസവും ഒരു പരിപാടിയെങ്കിലും നടക്കുന്നതിനാല് 365 ദിവസത്തെ സാംസ്കാരികോത്സവമായി 'സൂര്യ' മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
സിനിമ മുതല് നാടോടിക്കല വരെ സിനിമ, ശാസ്ത്രീയ നൃത്തം, നാടകം, കര്ണാടക സംഗീതം, ഗസല്, ചിത്രപ്രദര്ശനം, ഫോട്ടോഗ്രഫി, സാഹിത്യം, കുട്ടികളുടെ നാടകം, നാടോടിക്കലകള്, പ്രഭാഷണങ്ങള്-കലയുടെ വിവിധ മേഖലകളെ ഒരേ വേദിയിലെത്തിക്കുന്നതായിരുന്നു 'സൂര്യ'യുടെ പ്രത്യേകത. പ്രശസ്തരായ കലാകാരന്മാര്ക്കൊപ്പം പുതുതലമുറയ്ക്കും വേദിയൊരുക്കി. പിന്നീട് സ്വന്തം മേഖലയില് ശ്രദ്ധേയരായ നിരവധി കലാകാരന്മാര്ക്ക് തുടക്കകാലത്ത് 'സൂര്യ'യുടെ വേദി ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണമൂര്ത്തി പറഞ്ഞിരുന്നു.
'സൂര്യ'യുടെ പരിപാടികള്ക്ക് ടിക്കറ്റ് സമ്പ്രദായത്തിന് പകരം അംഗത്വ സംവിധാനമായിരുന്നു. കല എല്ലാവര്ക്കും ലഭ്യമാകണം എന്ന ആശയമാണ് അതിനു പിന്നില്. സ്വന്തം ഭൂമിയില് കലാകാരന്മാര്ക്കായി 'ഗണേശം' കലാകാരന്മാരുടെ വേദിയെന്ന തന്റെ ആശയം കൂടുതല് വിപുലമാക്കിയാണ് സ്വന്തം കുടുംബസ്വത്തിലെ 15 സെന്റ് ഭൂമിയില് 'ഗണേശം' എന്ന സാംസ്കാരിക കേന്ദ്രം അദ്ദേഹം ഒരുക്കിയത്. കലാകാരന്മാര്ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഈ കേന്ദ്രത്തില് ലൈറ്റ്, സൗണ്ട് സംവിധാനങ്ങളടക്കം ഒരുക്കിയിരുന്നു. തൈക്കാട് ഭാഗത്തുള്ള 'ഗണേശം' അദ്ദേഹത്തിന്റെ വീടായ 'സൂര്യചൈതന്യ'യുടെ തുടര്ച്ച പോലെയാണ് രൂപകല്പ്പന ചെയ്തത്. 400 പേര്ക്ക് ഇരിക്കാവുന്ന ബ്ലാക്ക് ബോക്സ് തിയേറ്ററിനൊപ്പം രണ്ട് ഓപ്പണ് എയര് ഓഡിറ്റോറിയങ്ങള്, ഗ്രീന് റൂം, കലാകാരന്മാര്ക്കുള്ള ഡോര്മിറ്ററി, ചിത്രകാരന്മാര്ക്ക് സൃഷ്ടികള് പ്രദര്ശിപ്പിക്കാനുള്ള ഗാലറി തുടങ്ങിയ സൗകര്യങ്ങളും അവിടെയുണ്ട്.
കലാകാരന്മാര്ക്ക് വേദി ലഭിക്കണം, പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം അവര്ക്ക് തന്നെ ലഭിക്കണം എന്നതായിരുന്നു ആശയം. പല നാടകസംഘങ്ങള്ക്കും രണ്ട് അവതരണങ്ങള്ക്കുള്ളില് തന്നെ ആദ്യ ചെലവ് തിരിച്ചുപിടിക്കാനായതായും അദ്ദേഹം പറഞ്ഞിരുന്നു. 'ദൈവം തന്ന കല വില്ക്കാന് ഞാന് ആഗ്രഹിക്കുന്നില്ല' കലാപ്രവര്ത്തനങ്ങള്ക്ക് പിന്നിലെ തന്റെ വ്യക്തിപരമായ പ്രേരണയും കൃഷ്ണമൂര്ത്തി തുറന്നുപറഞ്ഞിരുന്നു. മലയാള ഭാഷയോടുള്ള സ്നേഹം വളര്ത്തിയത് തന്റെ വളര്ത്തമ്മയായ കവയിത്രി സുഗതകുമാരിയാണെന്നും, സ്വന്തം വേദനകള്ക്ക് ആശ്വാസം കണ്ടെത്തിയത് കലയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനാല് തന്നെ തന്റെ സൃഷ്ടികളില് കേവലം വിനോദത്തിന് പ്രാധാന്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ദൈവം സമ്മാനിച്ച കലയില് വിട്ടുവീഴ്ച ചെയ്യേണ്ടിവരരുത്; ദൈവം തന്നത് വിറ്റഴിക്കാന് താന് ആഗ്രഹിക്കുന്നില്ല' എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. 'തമസോമോ ജ്യോതിര്ഗമയ' മുതല് നൂറാം സൃഷ്ടിയിലേക്ക് ലൈറ്റ് ആന്ഡ് സൗണ്ട് ഷോകളുടെ രംഗത്തും കൃഷ്ണമൂര്ത്തി വേറിട്ട സാന്നിധ്യമായിരുന്നു. ക്ഷേത്രങ്ങളും ആചാരങ്ങളും ക്ഷേത്രകലാരൂപങ്ങളും പ്രമേയമാക്കിയ 'തമസോമാ ജ്യോതിര്ഗമയ'യായിരുന്നു ആദ്യ ലൈറ്റ് ആന്ഡ് സൗണ്ട് അവതരണം. പിന്നീട് 40-ലേറെ ഇത്തരം ഷോകള് സംവിധാനം ചെയ്തു. നാടകകൃത്ത്, സംവിധായകന് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങളിലൊന്നായ 'മെല്വിലാസം' 400 വേദികള് പിന്നിട്ടിരുന്നു. ഒരേ കഥാപാത്രങ്ങളെ ഉള്പ്പെടുത്തി ഒരുക്കിയ 'ചായക്കടക്കഥകള്' എന്ന നാടകപരമ്പരയും ശ്രദ്ധ നേടി.
എം.എസ്. സുബ്ബുലക്ഷ്മിയുടെ വീട്ടില് പിറന്ന ആശയം 'സൂര്യ'യുടെ ഉത്സവത്തിന് പിന്നിലെ ഒരു പ്രധാന ഓര്മ ചെന്നൈയിലെ എം.എസ്. സുബ്ബുലക്ഷ്മിയുടെ വീട്ടിലേതായിരുന്നു. എം.എസ്. സുബ്ബുലക്ഷ്മി, കൃഷ്ണമൂര്ത്തി, കെ.ജെ. യേശുദാസ്, പത്മ സുബ്രഹ്മണ്യം, മൃദംഗവിദ്വാന് മാവേലിക്കര കൃഷ്ണന്കുട്ടി നായര് എന്നിവര് പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് 'സൂര്യ' ഫെസ്റ്റിവലിന്റെ ആശയം രൂപപ്പെട്ടതെന്ന് കൃഷ്ണമൂര്ത്തി ഓര്മിച്ചിരുന്നു. എല്ലാ വര്ഷവും പരിപാടികളില് പങ്കെടുക്കാമെന്ന് അന്ന് പലരും ഉറപ്പുനല്കി. യേശുദാസ് പിന്നീട് ഒരു വര്ഷം പോലും മുടക്കാതെ 'സൂര്യ'യില് പരിപാടി അവതരിപ്പിച്ചുവെന്നും പത്മ സുബ്രഹ്മണ്യം 35 വര്ഷം പരിപാടികളുടെ ഭാഗമായി എന്നും കൃഷ്ണമൂര്ത്തി പറഞ്ഞിരുന്നു. ഒക്ടോബര് ഒന്നിന് യേശുദാസിന്റെ പരിപാടിക്കായി 'സൂര്യ'യില് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. ഒരിക്കല് ഓസ്ട്രേലിയയിലെ പരിപാടിക്കായി ആ തീയതി മാറ്റേണ്ടിവന്നപ്പോള് പോലും യേശുദാസ് തന്റെ അനുമതി തേടിയിരുന്നതായി കൃഷ്ണമൂര്ത്തി ഓര്മിച്ചിരുന്നു. വാച്ച് ധരിക്കാത്ത 'സൂര്യ' കൃഷ്ണമൂര്ത്തിയുടെ വ്യക്തിജീവിതത്തിലും ചില പ്രത്യേക ശീലങ്ങളുണ്ടായിരുന്നു. കൈയില് വാച്ച് ധരിക്കാറില്ലായിരുന്നു. പിതാവ് ടി. നടരാജ പിള്ളയില് നിന്നാണ് ഈ ശീലം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 'സൂര്യ'യുടെ പരിപാടികള് വൈകിട്ട് 6.45ന് ആരംഭിക്കുന്നതും യാദൃച്ഛികമായിരുന്നില്ല. തുമ്പയിലെ ഐഎസ്ആര്ഒയിലെ ജോലി 5.30ന് അവസാനിക്കും. നഗരത്തിലെത്തുമ്പോള് 6.15 ഓളം ആകും. അതിനാലാണ് 6.45 പരിപാടി തുടങ്ങാനുള്ള സമയമായി നിശ്ചയിച്ചതെന്നും പിന്നീട് അത് മാറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തലയിലെ മുടി കുറഞ്ഞതോടെ റിഹേഴ്സലിനിടെ ആര്ക്ക് ലൈറ്റിന്റെ ചൂടില് നിന്ന് തലയോട്ടിയെ സംരക്ഷിക്കാന് തുടങ്ങിയ തൊപ്പി ധരിക്കല് പിന്നീട് അദ്ദേഹത്തിന്റെ സ്ഥിരം ശീലമായി. കറുത്ത പാന്റും വെള്ള ഷൂസും അദ്ദേഹത്തിന്റെ വേഷത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. 'സൂര്യ കൃഷ്ണമൂര്ത്തി' എന്ന പേര് ലഭിച്ചതും മകളില് നിന്ന് 'സൂര്യ കൃഷ്ണമൂര്ത്തി' എന്ന പേര് പോലും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ചെറിയ കുടുംബകഥയിലൂടെയാണ് വന്നത്. മകള് സീത പ്രൈമറി ക്ലാസില് പഠിക്കുന്ന കാലത്ത് അച്ഛനോട് ദേഷ്യപ്പെട്ട് 'സൂര്യ കൃഷ്ണമൂര്ത്തി' എന്ന് വിളിച്ചുവത്രെ. പിന്നീട് സുഹൃത്തുക്കളും മാധ്യമങ്ങളും ആ പേര് ഉപയോഗിച്ചുതുടങ്ങി.
അങ്ങനെ നടരാജ കൃഷ്ണമൂര്ത്തി പൊതുസമൂഹത്തിന് 'സൂര്യ കൃഷ്ണമൂര്ത്തി'യായി. മുന്നോട്ട് പോകേണ്ടത് 'സൂര്യ' ജീവിതത്തിന്റെ അവസാനഘട്ടത്തിലും 'സൂര്യ'യുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നില്ല. പരിശീലനം നേടിയ യുവാക്കള് പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനുണ്ടെന്നായിരുന്നു വിശ്വാസം. വ്യക്തിയായി കൃഷ്ണമൂര്ത്തി ഇനി ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ പേരില് മാത്രം ഒതുങ്ങുന്നതല്ല 'സൂര്യ'യുടെ പാരമ്പര്യം. വേദി തേടിയെത്തിയ കലാകാരന്മാര്ക്കും കല ആസ്വദിക്കാന് എത്തിയ പ്രേക്ഷകര്ക്കും കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിനും അദ്ദേഹം നല്കിയ ഇടങ്ങളിലൂടെയും അവസരങ്ങളിലൂടെയും ആ സാന്നിധ്യം തുടരും. ഒരു മനുഷ്യന് സ്വന്തം സ്വത്ത് കലാകാരന്മാര്ക്കായി തുറന്നുകൊടുത്തു. ഒരു ഫിലിം സൊസൈറ്റി ഒരു സാംസ്കാരിക പ്രസ്ഥാനമായി വളര്ത്തി. കല ജീവിതത്തിന്റെ ഭാഗമല്ല, ജീവിതം തന്നെയാക്കി മാറ്റിയ ആ മനുഷ്യനെയാണ് കേരളം ഇനി ഓര്മിക്കുന്ന ത്സൂര്യ കൃഷ്ണമൂര്ത്തി