കൊച്ചി: സന്തോഷവാര്‍ത്ത അറിയിച്ച് ചര്‍ത്തുപിടിക്കുമ്പോള്‍ താരപരിവേഷങ്ങളായിരുന്നില്ല, സാന്ത്വനത്തിന്റെ മുഖമാണ് ബേബി അവരില്‍ കണ്ടത്. കയറിക്കിടക്കാന്‍ സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷം ഉള്ളില്‍ നിറയുകയായിരുന്നു അപ്പോള്‍. എറണാകുളം പ്രസ്സ് ക്ലബ്ബ് ജീവനക്കാരി ബേബിക്ക് സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ തങ്ങളുടെ 'അമ്മ വീട്' പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള തുക കൈമാറുന്നതായിരുന്നു ചടങ്ങ്. കൊച്ചിയില്‍ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍വെച്ച് വീട് പണിയാനുള്ള തുകയുടെ ആദ്യ ഗഡു രണ്ട് ലക്ഷം രൂപ പ്രസിഡന്റ് മോഹന്‍ലാല്‍ നേരിട്ട് കൈമാറി. സിനിമാതാരങ്ങളും അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളുമായ ഇടവേള ബാബു, ജഗദീഷ്, അജുവര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍ ആണ് ബേബിയുടെ വീടിന്റെ ചിലവ് വഹിക്കുന്നത്. സാന്ത്വനത്തിന്റെ കരുതല്‍ ഒരു വീട്ടമ്മയുടെയും മക്കളുടെയും നിറസന്തോഷമായി മാറിയ നിമിഷങ്ങള്‍വാടക വീട്ടിലാണ് ബേബിയും കുടുംബവും താമസിച്ചുവന്നത്. ഇതിനിടെ ഒരുവര്‍ഷം മുമ്പ് അപകടത്തില്‍ ഭര്‍ത്താവ് മോഹന്‍കുമാര്‍ മരണപ്പെട്ടു.
വിദ്യാര്‍ഥികളായ രണ്ടുമക്കളാണ് ബേബിക്കുള്ളത്. എറണാകുളം കമ്മട്ടിപ്പാടത്തുള്ള 2.5 സെന്റ് സ്ഥലമാണ് ആകെയുള്ള ഇവരുടെ സമ്പാദ്യം. സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ബേബി സര്‍ക്കാര്‍ സംവിധാനങ്ങളിലുള്‍പ്പെടെ മുട്ടാത്ത വാതിലുകളില്ല. അങ്ങനെയിരിക്കെ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ സിനിമ താരവും അമ്മ സംഘടന പ്രസിഡന്റുമായ മോഹന്‍ലാല്‍ എത്തിയതാണ് വഴിത്തിരിവായത്. മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടം വിഷയം മോഹന്‍ലാലിനെ അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ അപേക്ഷ വാങ്ങുകയും അത് സ്വീകരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്തു. സംഘടനയുടെ 'അമ്മവീട്' പദ്ധതിയിലുള്‍പ്പെടുത്തിയതോടെ കുടുംബത്തിന്റെ സ്വപ്നത്തിന് സാക്ഷാത്കാരമാകുകയായിരുന്നു. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കിലാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. പദ്ധതിയിലൂടെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി അഞ്ച് വീടിന്റെ പണി പൂര്‍ത്തിയാക്കി താക്കോല്‍ ഇതിനോടകം കൈമാറി. നാല് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.