മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായി അറിയപ്പെടുന്നവരാണ് പ്രേംനസീറും ഷീലയും.1963 നും 1983 നും ഇടയ്ക്കുള്ള കാലത്ത് നായകനും നായികയുമായി അഭിനയിച്ച 121 ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് ആര്‍ദ്രപ്രണയത്തിന്റെ അമൂല്യ നിമിഷങ്ങള്‍ ആയിരുന്നു.1963 ല്‍ എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകള്‍എന്ന സിനിമയിലൂടെയാണ് നസീറും ഷീലയും നായകനും നായികയുമായി രംഗത്തെത്തുന്നത്. പിന്നീട് ഇവര്‍ ഒന്നിച്ച സിനിമകളൊക്കെ മലയാള സിനിമാ ചരിത്രത്തിലും ഇടംനേടിയവയാണ്.
അക്കാലത്ത് മികച്ച പ്രതിഫലം വാങ്ങിയ രണ്ട് താരങ്ങളുമായിരുന്നു ഇരുവരും. എന്നാല്‍ പ്രേംനസീറിനേക്കാള്‍ താനാണ് കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നതെന്ന് ഷീല ഒരിക്കല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എല്ലാ നടന്മാരെക്കാളും നസീറിനെക്കാളും പ്രതിഫലം സിനിമയില്‍ വാങ്ങിയിരുന്നത് താനാണെന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നസീറിന്റെ മകന്‍ ഷാനവാസ്.
ഷീല ഒരിക്കലും സിനിമയില്‍ പ്രേം നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നല്‍ മാത്രമാണെന്നും അന്നും ഇന്നും നായികമാര്‍ക്ക് നായകന്മാരേക്കാള്‍ പ്രതിഫലം കുറവാണെന്നും ഷാനവാസ് പറഞ്ഞു.
ഇതെല്ലാം വയസ്സായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ്. ഇതേ കാര്യം നസീര്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞുവെങ്കില്‍ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമല്ല. കൂടുതല്‍ വാങ്ങുകയാണെങ്കില്‍ വാങ്ങിക്കോട്ടെ എന്നേ അദ്ദേഹം പറയൂ.നസീറിനെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വീട്ടില്‍ ചര്‍ച്ച ചെയ്യാറില്ലെന്ന് ഷാനവാസ് പറഞ്ഞു.
ഞാന്‍ ഒരിക്കലും അതൊന്നും വീട്ടില്‍ സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല. ഗോസിപ്പുകളൊന്നും ഞങ്ങള്‍ക്ക് വിഷയമല്ലായിരുന്നു.നസീറും ഷീലയും ഏറ്റവും ആഘോഷിക്കപ്പെട്ട താരജോടിയായിരുന്നുവെങ്കിലും തനിക്കിഷ്ടം ശാരദയ്ക്കും ജയഭാരതിക്കുമൊപ്പമുള്ള സിനിമകളാണെന്ന് ഷാനവാസ് കൂട്ടിച്ചേര്‍ത്തു.