തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം 'അർജുൻ റെഡ്ഡി'യുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂർ നായകനാവുന്ന ചിത്രം 'കബീർ സിങ്' എന്ന പേരിലാണ് റിലീസ് ചെയ്യുക. ചിത്രത്തിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാൽ ട്രെയിലർ ലോഞ്ചിങ് ചടങ്ങിനിടെ റിപ്പോർട്ടറുടെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നല്കുന്ന ഷാഹിദിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
കിയാര അദ്വാനിയോട് സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനോട് ആണ് നടൻ ഷാഹിദ് കപൂർ രോഷം പ്രകടിപ്പിച്ചത്. ട്രെയിലർ ലോഞ്ച് കഴിഞ്ഞ് മാധ്യമപ്രവർത്തരുമായി സംസാരിക്കവെയാണ് ചുംബനരംഗങ്ങളെക്കുറിച്ച് ഒരാൾ കിയാരയോട് ചോദിച്ചത്.
ചോദ്യത്തെ നടി പുഞ്ചിരിയോടെയാണ് നേരിട്ടതെങ്കിലും വെറുതെ വിടാൻ ഷാഹിദ് തയ്യാറായിരുന്നില്ല. നിങ്ങൾക്ക് കാമുകി ഉണ്ടോ?' എന്നായിയിരുന്നു റിപ്പോർട്ടറോട് ആദ്യം ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞ് മാറാൻ റിപ്പോർട്ടർ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും ഷാഹിദ് വിടുന്ന മട്ടായിരുന്നില്ല. ചുംബിക്കട്ടെ. മറ്റെന്തെങ്കിലും ചോദിക്കൂ. ചിത്രത്തിൽ മനുഷ്യന്മാരാണ് അഭിനയിച്ചിരിക്കുന്നത്. അല്ലാതെ നായ്ക്കുട്ടികളല്ലെന്നും പറഞ്ഞ് താരം ആ ചോദ്യം അവസാനിപ്പിച്ചു. ഷാഹിദിന്റെ ഉത്തരം കേട്ട് ചുറ്റും കൂടിനിന്നവർ ആർത്തുവിളിക്കുകയും കയ്യടിക്കുകയുമായിരുന്നു.
2017ലാണ് വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഡി പുറത്തിറങ്ങിയത്. വൻവിജയമായി തീർന്ന ചിത്രം വിജയ്യെ തെലുങ്കിലെ സൂപ്പർതാരപദവിയിലേക്കുയർത്തി. അർജുൻ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമെയ്‌ക്കും ഒരുക്കുന്നത്. ജൂൺ 21ന് ചിത്രം തിയേറ്ററുകളിലെത്തും.