സന്തോഷ് പണ്ഡിറ്റ് എന്ന പേര് കേൾക്കുമ്പോൾ ആദ്യകാലങ്ങളിൽ നമുക്ക് ഓർമ്മ വരുന്നത് ഒരുപക്ഷേ പരിഹാസവും ആക്ഷേപങ്ങളും എന്നിങ്ങനെയുള്ള പല കാര്യങ്ങളുമായിരിക്കും. സിനിമയെ വികൃതമാക്കി ചിത്രീകരിക്കുന്ന കഴിവില്ലാത്ത ഒരാൾ, അഭിനയം എന്തെന്ന് അറിയില്ലാഞ്ഞിട്ട് കൂടി സ്വന്തമായി സിനിമ എടുത്ത് അതിലെ ഒട്ടുമിക്ക കാര്യങ്ങളും അലക്ഷ്യമായി ചെയ്യുന്നു. കൂവാനും തെറിപറയാനും മാത്രം ഇയാളുടെ സിനിമ കാണാൻ ആൾക്കാർ തീയേറ്ററിൽ കയറുന്നു. എന്നിങ്ങനെയായിരുന്നു സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെക്കുറിച്ച് കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ കേട്ടിരുന്ന കാര്യങ്ങൾ
എന്നാൽ ഇന്ന് താൻ അതൊന്നുമല്ല അതിലെല്ലാം ഉപരി സഹജീവികളോട് കൂറുള്ള ഒരു മനുഷ്യനാണെന്നു കൂടി തെളിയിച്ച വർഷങ്ങളായിരുന്നു കടന്നു പോയത്. ഇന്ന് ആത്മാർത്ഥയുള്ള ഓരാളുപോലും സന്തോഷിനെ അസഭ്യം പറയാനോ ആക്ഷേപിക്കാനോ വരില്ലെന്നു മാത്രമല്ല നല്ലതുമാത്രമെ ഇയാളെക്കുറിച്ച് ഇന്ന് എവിടെയും കേൾക്കാനുമുള്ളു. അത്തരത്തിലേക്ക് സന്തോഷ് എന്ന വ്യക്തിയും മനുഷ്യനും മാറിയിരിക്കുന്നു. തന്നോട് സഹായം ആവശ്യപ്പെട്ടുവരുന്ന ഓരാളെപ്പോലും മടക്കി അയക്കാറില്ല. അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവശ്യ സഹായങ്ങൾ അവർക്കരികിലേക്ക് എത്തി നൽകുന്നതാണ് ഈ മനുഷ്യനെ വേറിട്ടു നിർത്തുന്നത്. സമ്പാദ്യത്തിന്റെ പാതിയും ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കുകയാണ് മുൻ സർക്കാർ ഉദ്യോഗസ്ഥൻ.
'തന്റെ ജീവിതത്തിൽ ചാരിറ്റി തുടങ്ങിയത് അച്ഛൻ നൽകിയ ഉപദേശങ്ങളിൽ നിന്നുമാണെന്ന് പണ്ഡിറ്റ് അടിവരയിടുന്നു. നിങ്ങൾ ഒരു പത്തു ലക്ഷം രൂപ കിട്ടിയാൽ നിങ്ങൾക്ക് പ്രായോഗികമായി ജീവിക്കാൻ അഞ്ചു ലക്ഷം രൂപ മതിയാകും. ബാക്കിയുള്ള പണം ഉപയോഗിച്ച് സഹജീവികൾക്ക് സഹായം ചെയ്യാനാണ് അച്ഛൻ തന്നെ പഠിപ്പിച്ചത്. താൻ സിനിമാ മേഖലയിലേക്ക് വരുന്നതിന് മുൻപും ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിരുന്നു. പക്ഷേ അന്നൊന്നും പുറത്തറിയാത്തത് താൻ ഒരു സെലിബ്രറ്റി അല്ലായിരുന്നതുകൊണ്ടുമായിരുന്നെന്നും' സന്തോഷ് പറഞ്ഞു.
കേരളത്തിൽ പ്രളയം എത്തിയപ്പോഴും അട്ടപ്പാടിയിലെ ആദിവാസികൾക്കും ആശ്വാസമായി ഈ മനുഷ്യൻ എന്നും ഒപ്പമുണ്ടായിരുന്നു. അവർക്ക് എന്താണോ ആവശ്യമുള്ളത് അത് തന്നാൽ കഴിയുന്നതാണെങ്കിൽ മടികൂടാതെ അവശ്യസമയത്ത് തന്നെ എത്തിച്ചു നൽകാൻ ഈ മനുഷ്യൻ സജ്ജനായിരുന്നു. ഗജ ചുഴലിക്കാറ്റ് തമിഴ് നാടിനെ തകർത്തപ്പോഴും 14 ദിവസത്തോളം സഹായങ്ങൾ നൽകാനായി താൻ ഗജബാധിത സ്ഥലങ്ങളായ നാഗപ്പട്ടണം വേളാങ്കണ്ണി എന്നിവിടങ്ങളിൽ ചിലവഴിച്ചെന്നും സന്തോഷ് പറയുന്നു. അവർക്ക് വേണ്ടിയിരുന്ന അടിസ്ഥാന കാര്യങ്ങൾ താൻ ചെയ്തു നൽകി. ഇനിയും നൽകും എന്നും ഇദ്ദേഹം അടിവരയിടുന്നു. സഹജീവികൾക്ക് സഹായം ചെയ്തില്ലെങ്കിൽ മനുഷ്യനായി ഇരുന്നിട്ട് കാര്യമല്ല പിന്നെ മനുഷ്യനും മൃഗവും തമ്മിൽ എന്ത് വ്യത്യാസമാണെന്നും സന്തോഷ്.