ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് സാമന്ത റൂത്ത് പ്രഭു. പോയ വര്‍ഷത്തില്‍ നാഗചൈതന്യയുമായുള്ള വിവാഹമോചന വാര്‍ത്തകളിലൂടെയാണ് സാമന്ത ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരം തന്നെ ബാധിച്ച ഒരു അസുഖത്തെ കുറിച്ചും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം പങ്കുവച്ചിരുന്നു.
നിരവധി ആരാധകരുള്ള താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും വൈറലാണ്. ഇപ്പോഴിതാ സാമന്ത ഒരു ഇടവേളയ്ക്ക് ശേഷം പുതിയൊരു വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 17ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
>'@whoisgravity പ്രചോദനത്തിന് നന്ദി. ചില ദുഷ്‌കരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയത്. സാദ്ധ്യമായ ഏറ്റവും കര്‍ശനമായ ഭക്ഷണക്രമം ( ഓട്ടോ ഇമ്മ്യൂണ്‍ ഡയറ്റ് , അതെ അങ്ങനെയൊന്നുണ്ട് ) . കഴിക്കുന്ന ആഹാരത്തിലല്ല ശക്തി ചിന്തയിലാണ്.' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആലിയ ഭട്ട്, സംയുക്ത ഹെഗ്‌ഡെ തുടങ്ങിയ നിരവധി താരങ്ങള്‍ സാമന്തയുടെ വീഡിയോയ്ക്ക് പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഫയര്‍ ഇമോജികളും, ശക്തമായ യുവതിയെന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതല്‍.
പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണ് ഇത്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന ഒന്നാണ് മയോസൈറ്റിസ്.