ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ 54-ാം ജന്മദിനമായിരുന്നു ഇന്നലെ. നിരവധി പേരാണ് നടന് ആശംസ നേര്‍ന്നത്. സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും പ്രിയതാരത്തിന് ആശംസ നേര്‍ന്ന് താരസുഹൃത്തുക്കളും ആരാധകരും എത്തിയപ്പോള്‍ നടന് മറ്റൊരു സന്തോഷത്തിന്റെ പിന്നാലെയായിരുന്നു. സല്ലുഭായിക്ക് ഏറ്റവും മനോഹരമായൊരു പിറന്നാള്‍ സമ്മാനം തന്നെയേകിയിരിക്കുകയാണ് സല്‍മാന്റെ പ്രിയ സഹോദരി അര്‍പിത ഖാന്‍.
സല്ലുഭായിയുടെ ജന്മദിനം പങ്കിടുന്ന ഒരു മാലാഖക്കുട്ടിയെയാണ് അര്‍പിത സമ്മാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് അര്‍പിത ഖാനും ആയുഷ് ശര്‍മയ്ക്കും ഒരു പെണ്‍കുട്ടി ജനിച്ചത്. അയാത് ശര്‍മ എന്നാണ് അര്‍പിത മകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.ഭായിജാനിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ കുഞ്ഞിനെ വരവേല്‍ക്കാന്‍ അര്‍പിതയും ഭര്‍ത്താവും ഒരുങ്ങുന്നതായി ആഴ്ചകള്‍ക്കു മുന്‍പു തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
2014 ലാണ് അര്‍പിതയും ആയുഷും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നു വയസ്സുകാരനായ അഹില്‍ എന്നൊരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. 'ലവ്യാത്രി' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ആയുഷ് തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരുന്നു
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പിറന്നാളാശംസയുമായി മലയാളത്തിന്റെ യുവനായകന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തി. സല്‍മാനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സല്‍മാന് ആശംസ നേര്‍ന്നിരിക്കുന്നത്. ഇത് മോര്‍ഫ് ചെയ്ത ചിത്രമല്ലെന്നും സല്‍മാനോടൊപ്പമുള്ളതായി ആകെയുള്ള ചിത്രം ഇതാണെന്നും താരം ഇന്‍സ്റ്റ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നു. 'ഹാപ്പി ബെര്‍ത്ത് ഡേ സല്‍മാന്‍, എപ്പോഴും ഫാന്‍ ബോയ്' എന്നാണ് ഉണ്ണി മുകുന്ദന്റെ ആശംസാ വാചകങ്ങള്‍.
മാത്രമല്ല പിറന്നാളിന് വീടിന് മുമ്പില്‍ വന്‍ കൂട്ടമായെത്തി അദ്ദേഹത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ആരാധകര്‍. സല്‍മാന്‍ ഖാന്‍ തന്നെ തന്റെ ഫേസ്ബുക്കിലൂടെ അതിന്റെ വീഡിയോയും പങ്കുവച്ചു.