1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അലി അബ്ബാസ് സഫർ സംവിധാനം നിർവഹിക്കുന്ന സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം ഭാരതിന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് 11 സെക്കന്റുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
'ടൈഗർ സിന്ദാ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫർ, സൽമാൻഖാൻ, കത്രീന കൈഫ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്. സൽമാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.സുൽത്താൻ', 'ടൈഗർ സിന്ദാ ഹെ' എന്നിവയായിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ മുമ്പ് ഒരുക്കിയിരുന്ന ചിത്രങ്ങൾ. ചിത്രത്തിനായി വിശാൽ ശേഖർ ടീമാണ് സംഗീതമൊരുക്കുന്നത്.
സൽമാൻ ഖാൻ ഫിലിംസ്, റീൽ ലൈഫ് പ്രൊഡക്ഷൻസ്, ടി സിരീസ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ് റിലീസായി ജൂൺ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രിയങ്ക ചോപ്ര ആയിരുന്നു ചിത്രത്തിൽ ആദ്യം നായികയാകുമെന്ന് പറഞ്ഞിരുന്നത്. പക്ഷേ നിക്ക് ജോൺസുമായുള്ള വിവാഹനിശ്ചയത്തെ തുടർന്ന് പ്രിയങ്ക ചിത്രത്തിൽ നിന്നും പിന്മാറി. ശേഷം കത്രീന കൈഫിനെ നായികയാക്കുകയായിരുന്നു. ദിശ പട്ടാനിയും മറ്റൊരു നായികയായി ചിത്രത്തിലുണ്ട്. 2014 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമായ 'ഓഡ് റ്റു മൈ ഫാദർ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഭാരത്.മുംബൈ, ഡൽഹി, അബുദാബി, സ്‌പെയിൻ, മാൾട്ട എന്നിവിടങ്ങളിലായിട്ടായിരുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സുനിൽ ഗ്രോവർ, ജാക്കി ഷ്റോഫ്, താബു, മാനവ് വിജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.