സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ഇഡിയോട് വ്യക്തമാക്കി നടന്‍ ജയസൂര്യ. ഒരു അഭിനേതാവെന്ന നിലയില്‍ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് നടന്‍ ഇഡി സംഘത്തോട് വ്യക്തമാക്കിയത്. ആപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തത്. പരസ്യത്തില്‍ അഭിനയിക്കുന്നതിന് കരാര്‍ പ്രകാരം നല്‍കേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല. സേവ് ബോക്‌സ് ആപ്പില്‍ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആപ്പുമായി ബന്ധപ്പെട്ട് ജയസൂര്യക്ക് എന്തെങ്കിലും ബിസിനസ് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ജയസൂര്യയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. തൃശ്ശൂര്‍ സ്വദേശി സ്വാതിക് റഹിം 2019ല്‍ തുടങ്ങിയ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ലേല ആപ്പാണിത്. ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി 2023 ലാണ് പുറത്തുവരുന്നത്. പിന്നാലെ സ്വാതിക് റഹീം പിടിയിലായി. തുടര്‍ന്ന് ഇഡിയും ഇദ്ദേഹത്തിനെതിരെ കേസെടുത്തു.സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് സ്വാതിക് റഹീം വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.
മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്റെ പ്രചാരണത്തില്‍ നവമാധ്യമങ്ങളിലടക്കം ഭാഗമായി. സ്വാതികിനും ജയസൂര്യക്കുമിടയില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷമാണ് ജയസൂര്യയെ ഇഡി വിളിപ്പിച്ചത്. ഡിസംബര്‍ 24നും ജയസൂര്യ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇന്നലെ ജയസൂര്യയുടെ ഭാര്യ സരിതയും മൊഴി നല്‍കാനെത്തി. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സരിതയാണ്. ഇതാണ് അന്വേഷണം ഇവരിലേക്കും നീളാന്‍ കാരണം. രണ്ടുവര്‍ഷം മുന്‍പ് ഏറെ വിവാദമായ കേസാണ് 'സേവ് ബോക്സ്' ആപ്പ് തട്ടിപ്പ്. ഓണ്‍ലൈന്‍ ലേല ആപ്പായ 'സേവ് ബോക്സി'ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. കേസില്‍ സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശ്ശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഇഡിയും അന്വേഷണം നടത്തുന്നത്. ഇത് രണ്ടാം തവണയാണ് നടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ജയന്‍സൂര്യയുമായി കരാറിലേര്‍പ്പെട്ടിരുന്നതായാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്നവിവരം. സിനിമാ താരങ്ങളുമായി അടുപ്പംപുലര്‍ത്തിയിരുന്ന സ്വാതിഖ് റഹീം ഈ ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് അന്ന് വിവരം ലഭിച്ചിരുന്നു.
സിനിമ താരങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് ആളുകളെ സേവ് ബോക്സ് ആപ്പിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് വിവരം. സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചാണ് സ്വാതിഖ് സേവ് ബോക്സിന്റെ ലോഞ്ചിങ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഈ ചടങ്ങില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് പഴയ ഐ-ഫോണുകള്‍ പുതിയ പെട്ടിയിലാക്കി സമ്മാനമായി നല്‍കി കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.
ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്‌സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നാണ് വിവരം. മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതിഖ് അറസ്റ്റിലായത്.
സംസ്ഥാന സര്‍ക്കാരിന്റെ കാരവന്‍ ടൂറിസത്തിന്റെ മറവിലും ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നു. മറുനാടനാണ് ഈ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ജന്മനാ തട്ടിപ്പുകാരനാണ സ്വാതിക് റഹീം എന്നാണ് നിക്ഷേപകര്‍ പറയുന്നത്. വിലകുറഞ്ഞ ഇലക്രോണിക് ഉല്‍പ്പന്നങ്ങള്‍ ബിഡ്ഡിങ് ആപ്പ് വഴി വില്‍ക്കുന്ന പരിപാടിയാണ് ഇയാള്‍ ആദ്യം തുടങ്ങിയത്. 2020 ല്‍ കോവിഡ് കാലത്ത് ഇത് എട്ടുനിലയില്‍ പൊട്ടി. കേരളത്തിലെ ആദ്യത്തെ ബിഡ്ഡിങ് ആപ്പ് എന്ന് വീമ്പടിച്ചായിരുന്നു തുടക്കം. പരസ്യത്തിനായി വന്‍തുകകള്‍ മുടക്കി. സ്വാതിക് റഹീം നിരവധി കമ്പനികള്‍ തുടങ്ങിയിരുന്നു. ബിഡ് വാല ആപ്പ്, സേവ് ബോക്സ് കണ്‍സപ്റ്റ്സ്, സേവ് ബോക്സ് എന്റര്‍ടെയ്‌ന്മെന്റ്സ്, ത്രിഫ്റ്റി ഇന്‍കുബേഷന്‍, ഫണ്ടേമെന്റല്‍ ട്രേഡിങ് ലിമിറ്റഡ്, സേവ് ബോക്സ് എക്‌സ്പ്രസ് ലിമിറ്റഡ് എന്നിങ്ങനെ നിരവധി കമ്പനികള്‍ ഇയാള്‍ രൂപീകരിച്ചു. 'വെയ് രാജാ വെയ് തൃശൂര്‍' സ്വാതിക് റഹീമിന് എതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തട്ടിപ്പിന് ഇരയായ ചാവക്കാട് സ്വദേശി മുനീര്‍ കെ യുടെ ദുരനുഭവങ്ങള്‍ നേരത്തെ മറുനാടന്‍ മലയാളിയിലൂടെ പങ്കുവച്ചിരുന്നു. പല പുതിയ മേഖലകളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ വരുന്നുവെന്ന് പറഞ്ഞായിരുന്നു നിക്ഷേപ സമാഹരണം.
ആര്‍ക്കെങ്കിലും പണം തിരിച്ചുകിട്ടിയിട്ടുണ്ടെങ്കില്‍, അത് പുതിയ ഇരകളെ പറ്റിച്ചുകൊണ്ടായിരുന്നു. തട്ടിപ്പുപുറത്ത് വന്നതോടെ, സ്വാതിക് മുങ്ങിയിരുന്നു. നേരത്തെ ദുബായില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായും പറയുന്നു. ബിഡ്ഡിങ് ആപ്പിങ്ങിന്റെ മറവില്‍ കിട്ടിയ പണം സ്വാതിക് എന്തിന് ഉപയോഗിച്ചു എന്ന കാര്യവും ദുരൂഹമാണ്. ലേലം വിളിച്ച് ഇലക്ടോണിക് സാധനങ്ങള്‍ നേടിയെടുക്കുന്ന പരിപാടിക്കാണ് സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ് ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന് 40,000 വിലയുള്ള ഒരു ലാപ്ടോപ് ഒരു രൂപയ്ക്ക് നിങ്ങള്‍ക്ക് ലേലം വിളിച്ചുതുടങ്ങാം. കൂടുതല്‍ ആളുകള്‍ വന്നാല്‍ വീണ്ടും ലേലം വിളിക്കാം. കൂടുതല്‍ ബിഡ്ഡുകള്‍ ഉണ്ടോയെന്ന് രണ്ടുമിനിറ്റോളം ആപ്പിന്റെ സംവിധാനം കാത്തിരിക്കും. പിന്നീട് എത്ര തുകയ്ക്കാണോ നിങ്ങള്‍ ഒടുവില്‍ ലേലം വിളിച്ചത് ആ തുകയ്ക്ക് നിങ്ങള്‍ക്ക് ലാപ് ടോപ് കിട്ടും. ഇതായിരുന്നു തട്ടിപ്പിന്റെ പ്രാഥമിക രൂപം. തുടര്‍ വിദ്യാഭ്യാസത്തിന് വായ്പ എടുത്തവര്‍ പോലും സ്വാതികിന്റെ വലയില്‍ വീണിട്ടുണ്ട്. സ്ത്രീകളെയും യുവാക്കളെയും ആണ് ഇയാള്‍ കൂടുതലും വീഴ്ത്തിയത്. തൃശൂര്‍ ആസ്ഥാനമായി ആയിരുന്നു തട്ടിപ്പ്. തൃശൂര്‍ തന്നെ ആറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു. മറ്റുജില്ലകളില്‍ വേറെ.
തട്ടിപ്പിന്റെ രീതി സേവ് ബോക്സ് ആപ്പിന്റെ ലൈസന്‍സ് കിട്ടാന്‍ താന്‍ നേരിട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചുവെന്നാണ് ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം, കാരവന്‍ ടൂറിസത്തിന്റെ പ്രമോട്ടര്‍ എന്നിങ്ങനെ സെല്‍ഫ് പ്രമോഷന്‍. സേവ് ബോക്സ് എക്‌സ്പ്രസ് എന്ന പേരില്‍ ആമസോണ്‍ ഒക്കെ പോലുള്ള ഡെലിവറി സിസ്റ്റം, ( ഫ്രാഞ്ചൈസി താരമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടുന്നു) 25,000 രൂപ നിക്ഷേപിച്ചാല്‍ മാസം 5 ലക്ഷം സമ്പാദിക്കാം, കേരളത്തിലുടനീളം സേവ് ബോക്സ് സ്റ്റോര്‍ തുടങ്ങാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് ലക്ഷങ്ങള്‍, സ്റ്റാര്‍ട്ട് അപ്പ് മോഹങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരെ ആകര്‍ഷിച്ച് വിദേശ ഏഞ്ചല്‍ നിക്ഷേപകരെ കൊണ്ടു വരാമെന്ന് പറഞ്ഞ് കുരുക്കല്‍, സ്റ്റാര്‍ട്ട് അപ്പ് ആശയം അടിച്ചുമാറ്റി പുറത്തുവില്‍ക്കല്‍, വെറുതെയിരുന്നാല്‍ പണം കിട്ടുമെന്ന് പറഞ്ഞ് ക്രിപ്റ്റോ എക്സ്ചേഞ്ച് എന്നിങ്ങനെ വളരെ വ്യാപ്്തിയേറിയതായിരുന്നു സ്വാതിക് റഹീമിന്റെ തട്ടിപ്പ്.