നടി എന്നതിലുപരി മോഡലും ക്ലാസിക്കല്‍ ഡാന്‍സറും അഭിഭാഷകയുമൊക്കെയായി പേരെടുത്ത നടിയാണ് സുരഭി സന്തോഷ്. കുട്ടനാടന്‍ മാര്‍പ്പാപ്പയിലൂടെ തുടങ്ങി ധ്യാന്‍ ശ്രീനിവാസന്റെ 'ആപ് കൈസാ ഹോ'യില്‍ നടിയുടെ സിനിമാ ജീവിതം എത്തിനില്‍ക്കുമ്പോള്‍ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് നടി. ബാംഗ്ലൂരില്‍ വച്ച് നടന്ന നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. തൂവെള്ള ലെഹങ്കയില്‍ അതിസുന്ദരിയായി എത്തിയിരിക്കുന്ന നടിയുടെ വസ്ത്ര വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഫാഷന്‍ ലോകം ഉറ്റുനോക്കുന്നത്.
കുഞ്ഞു ചെറിപ്പൂക്കള്‍ തുന്നി ഡിസൈന്‍ ചെയ്ത ബ്ലൗസ് ഒറ്റനോട്ടത്തില്‍ തന്നെ ആരാധകരുടെ ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് മറ്റു ഡിസൈനുകളൊന്നും ഷാളിലോ പാവാടയിലോ ഇല്ല. അതുകൊണ്ടുതന്നെ ബ്ലൗസിന്റെ മനോഹാരിത പൂര്‍ണതയിലേക്ക് എത്തിക്കുവാന്‍ സാധിക്കുന്നുമുണ്ട്. ഇക്താരാ ബൂട്ടിക് എന്ന തിരുവനന്തപുരത്തെ സ്റ്റോറാണ് നടിയ്ക്ക് ഈ ലെഹങ്ക ഡിസൈന്‍ ചെയ്തു നല്‍കിയിരിക്കുന്നത്. അതിമനോഹരമായ ഒരു വിവാഹനിശ്ചയ വസ്ത്രമാണ് സുരഭിയ്ക്ക് വേണ്ടി ഇവര്‍ തയ്യാറാക്കിയത്. വെളുത്ത പട്ടില്‍ ലളിതവും എന്നാല്‍ മനോഹരവുമായ രൂപത്തില്‍ വിവാഹവസ്ത്രം ഒരുക്കി നല്‍കാന്‍ സാധിച്ചുവെന്നാണ് ബൂട്ടിക് സ്റ്റോര്‍ വ്യക്തമാക്കിയത്. സുരഭി നല്‍കിയ കോമ്പിനേഷന്‍ പ്രകാരമായിരുന്നു വസ്ത്രം ഡിസൈന്‍ ചെയ്തത്. വൈറ്റ് കുര്‍ത്തയാണ് വരന്‍ പ്രണവും അണിഞ്ഞിരിക്കുന്നത്.
2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം 'കുട്ടനാടന്‍ മാര്‍പ്പാപ്പ'യിലൂടെയാണ് സുരഭി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു സുരഭിക്ക്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച സുരഭി ഒടുവില്‍ അഭിനയിച്ചത് ധ്യാന്‍ ശ്രീനിവാസനോടൊപ്പം 'ആപ് കൈസാ ഹോ' എന്ന ചിത്രത്തിലാണ്. പ്രണവ് ചന്ദ്രന്‍ എന്ന പ്രശസ്ത ബോളിവുഡ് ഗായകനാണ് സുരഭിയെ വിവാഹം കഴിക്കുവാന്‍ പോകുന്നത്. വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണിത്. സരിഗമ ലേബലിലെ ആര്‍ടിസ്റ്റായ പ്രണവ് മലയാളി തന്നെയാണ്. കണ്ണൂര്‍ പയ്യന്നൂരാണ് ജന്മനാട്, പക്ഷേ ജനിച്ചു വളര്‍ന്നതെല്ലാം മുംബൈയില്‍ ആണ്. മാര്‍ച്ചിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചുനാളുകളായെങ്കിലും ഇപ്പോഴാണ് ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ട് ആ വിശേഷം ആരാധകരെയും അറിയിച്ചത്. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ആയിരുന്നു വിവാഹനിശ്ചയം നടത്തിയത്. പിന്നീടാണ് ഇരുവരും തമ്മില്‍ മനസ്സിലാക്കാന്‍ കുറച്ചു കൂടുതല്‍ സമയം എടുത്തു. അതുകൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂചന ഇതുവരെ എവിടെയും നല്‍കാതിരുന്നത്.
ഇത്രയും നാള്‍കൊണ്ട് ഞങ്ങള്‍ പരസ്പരം നന്നായി മനസ്സിലാക്കി ഒരുമിച്ച് പോകാന്‍ പറ്റുമെന്ന് മനസ്സിലായി. അതാണ് ഇപ്പോള്‍ എല്ലാവരോടും ഈ വിവരം വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. എന്റെ അഭിരുചികള്‍ മനസ്സിലാക്കുന്ന, എനിക്ക് കംഫര്‍ട്ടബിള്‍ ആയ ഒരാള്‍ ആണ് പ്രണവ്. ആദ്യ കൂടിക്കാഴ്ചയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന മാര്‍ച്ച് 25നു തന്നെയാണ് ഇരുവരുടെയും വിവാഹവും നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം കോവളത്ത് വച്ചായിരിക്കും ചടങ്ങുകള്‍.
തിരുവനന്തപുരം ആണ് സുരഭിയുടെ നാട്. പക്ഷേ ബെംഗളൂരുവില്‍ ആണ് താമസിക്കുന്നത്. ഇപ്പോള്‍ അഡ്വക്കേറ്റ് ആയി ബെംഗളൂരുവില്‍ പ്രാക്ടീസ് ചെയ്യുകയാണ്. അഭിനയവും ഒപ്പം കൊണ്ടുപോകുന്നുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, ജയറാമിനൊപ്പം മൈ ഗ്രേറ്റ് ഫാദര്‍, നൈറ്റ് ഡ്രൈവ്, കിനാവള്ളി, ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോരി എന്നിവയാണ് അഭിനയിച്ച സിനിമകള്‍. മൂന്നു സിനിമകള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കി. ധ്യാന്‍ ശ്രീനിവാസനോടൊപ്പം ആപ് കൈസേ ഹോ, ബാന്ദ്ര സിനിമയുടെ നിര്‍മാതാക്കളുടെ ചിത്രമായ ത്രയം, അതില്‍ സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അനാര്‍ക്കലി തുടങ്ങിയവരാണുള്ളത്, പിന്നെ ഇന്ദ്രജിത് സുകുമാരന്റെ അനുരാധ എന്ന ചിത്രവും.