കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ നടന്ന അതിരടി സിനിമയുടെ ഇവന്റിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ചിത്രത്തിലെ താരങ്ങളായ ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, റിയ ഷിബു തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. രഞ്ജിനി ഹരിദാസായിരുന്നു അവതാരക. വലിയ ആള്‍ക്കൂട്ടമാണ് ബീച്ചില്‍ താരങ്ങളെ കാണാനായി തടിച്ചുകൂടിയത്.
തിക്കിലും തിരക്കിലും പെട്ട് പലരേയും കാണാതാവുക വരെയുണ്ടായി. ഇതോടെ മക്കളെ കാണാനില്ലെന്നും മൈക്കിലൂടെ അറിയിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പരിപാടിയുടെ സംഘാടകരെ ബന്ധപ്പെട്ടു. അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് രഞ്ജിനി ഹരിദാസ് കുട്ടികളുടെ പേരും പ്രായവും വായിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു സംഭവം
രഞ്ജിനിയ്ക്കൊപ്പം വേദിയില്‍ ടൊവിനോയും ഉണ്ടായിരുന്നു. രഞ്ജിനി പേര് വായിക്കുന്നതിനിടെ കാണികള്‍ക്കിടയില്‍ നിന്നും ചിലര്‍ തമാശകള്‍ പറയുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ടൊവിനോ മൈക്ക് വാങ്ങുകയും അവരോട് ശാന്താരാകാന്‍ പറയുകയും ചെയ്തു. 'പ്രിയപ്പെട്ടവരേ, ഷെയ്ക്ക് ഹാന്റും തരാം ഫോട്ടോയും തരാം. നിങ്ങളുടെ വീട്ടിലെ കുട്ടിയെയാണ് കാണാതായതെങ്കില്‍ നിങ്ങളുടെ നെഞ്ചില്‍ ചെറിയൊരു നെഞ്ചിടിപ്പുണ്ടാകില്ലേ?' എന്നാണ് ടൊവിനോ പറഞ്ഞത്.
പിന്നാലെ രഞ്ജിനി പേര് വായിക്കുന്നത് തുടര്‍ന്നു. ഈ പേരുകളില്‍ പറഞ്ഞ ആള്‍ക്കാര്‍ ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് ടൊവിനോ മൈക്കിലൂടെ ചോദിച്ചപ്പോള്‍ സദസില്‍ നിന്നുമൊരു ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് അടുത്തു നിന്ന തന്റെ സുഹൃത്തിന്റെ കൈ പൊക്കി കാണിച്ചു. ആരാധകന്റെ ഈ തമാശയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത ടൊവിനോയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാലുകയാണ്.
''ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ, പ്ലീസ് മനസിലാക്കൂ. ചില കുട്ടികളെ കാണാന്‍ ഇല്ലെന്ന് പറയുന്നു. ഈ പേരിലുള്ള കുട്ടികള്‍ ദയവ് ചെയ്ത് എത്രയും പെട്ടെന്ന് ഇവിടേക്ക് വരികയോ, തൊട്ടടുത്ത് നില്‍ക്കുന്ന ആളോട് പറയുകയോ ചെയ്യണം. അവരെ കിട്ടുന്നത് വരെ വീട്ടുകാര്‍ക്ക് സമാധാനം ഉണ്ടാകില്ല. നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവ് ചെയ്ത് എല്ലാവരൂടെ സഹകരിച്ച് അവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കൂ'' എന്നാണ് ടൊവിനോ പറഞ്ഞത്.
പിന്നീട് രഞ്ജിനിയും ആരാധകന് മറുപടി നല്‍കി. ''എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോള്‍ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേര് ചാവുമ്പോള്‍ കിടന്ന് ചിരിക്കും. നിങ്ങള്‍ ഇത്രയും പേര് മനോഹരമായി നില്‍ക്കുമ്പോള്‍, ഇടയ്ക്കൊരെണ്ണം. നിന്റെ മുഖം ഞാന്‍ മറക്കില്ല.'' എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.