സിനിമാ സെന്‍സര്‍ഷിപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി രഞ്ജി പണിക്കര്‍. സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നത് അബദ്ധവും തട്ടിപ്പ് പരിപാടിയുമാണെന്ന് രഞ്ജി പണിക്കര്‍. സര്‍ക്കാരിന്റെ താല്‍പര്യം അനുസരിച്ചാണ് സെന്‍സര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമയുടെ ഹോര്‍ത്തൂസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍.
ഇന്ത്യയില്‍ സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്ന് പറയുന്നത് ഏറ്റവും വലിയ അബദ്ധമാണെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. അതാത് കാലത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യമുള്ള ആളുകളെ വെച്ചാണ് സെന്‍സര്‍ഷിപ്പ് നടപ്പാക്കുന്നത്. ഇത് ബിജെപിയുടെ കാലത്ത് തുടങ്ങിയതല്ലെന്നും കോണ്‍ഗ്രസ് ഭരണകാലത്തും സമാനമായ രീതികള്‍ നിലവിലുണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരികള്‍ക്ക് താല്‍പ്പര്യമുള്ളവരെ നിയമിച്ച്, തങ്ങള്‍ക്കിഷ്ടമില്ലാത്തവയെ സെന്‍സര്‍ ചെയ്യുന്ന ഈ സംവിധാനം ഒരു വലിയ തട്ടിപ്പ് മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നത്തെ കാലത്ത് സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ യൂട്യൂബില്‍ ലഭ്യമാകുമ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രസക്തിയെ രഞ്ജി പണിക്കര്‍ ചോദ്യം ചെയ്തു. കുറച്ചാളുകള്‍ക്ക് പണം നല്‍കി, സ്വന്തം കാശും മുടക്കി സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നത് ഒരു വഴിപാട് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ എല്ലാ സിനിമകളും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വലിയ പോരാട്ടം നടത്തേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താന്‍ എഴുതിയ ഒരു സിനിമയിലും അമ്പത് വെട്ടുകള്‍ ഇല്ലാതെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ 'ദി കിങ്' എന്ന സിനിമയുടെ സെന്‍സര്‍ സമയത്തെ അനുഭവം ഉദാഹരണമായി രഞ്ജി പണിക്കര്‍ ചൂണ്ടിക്കാട്ടി. നായിക നടക്കുമ്പോള്‍ ഇടുപ്പ് ഇളകുന്നത് അനുവദനീയമല്ലെന്ന് അന്ന് സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം ഓര്‍മ്മിച്ചു. ഇത് ലോകത്ത് ഏത് സ്ത്രീയും പുരുഷനും നടക്കുന്ന സ്വാഭാവികമായ ശാരീരിക ചലനമാണെന്നും, ഇളകാതെ എങ്ങനെയാണ് നടക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. കാലാകാലങ്ങളുണ്ടാകുന്ന ഇത്തരം മണ്ടന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ പോരാടണമെന്നും, ജനാധിപത്യ സംവിധാനത്തില്‍ കോടതിയെ സമീപിക്കാനുള്ള അവസരം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.