ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനെതിരെ സോഷ്യല്‍ മീഡിയ. വരാനിരിക്കുന്ന ഇതിഹാസ ചിത്രം 'രാമായണ'ത്തില്‍ ശ്രീരാമനായി വേഷമിടുന്നതിന് വേണ്ടി താരം സസ്യാഹാരം മാത്രമാണ് കഴിക്കുന്നതെന്ന പ്രചാരണം തെറ്റാണെന്നാണ് സൈബറിടത്തില്‍ ഉയര്‍ന്ന വരുന്ന ആക്ഷേപം. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയയില്‍ രോഷത്തിന് കാരണമായത്. നെറ്റ്ഫ്‌ലിക്‌സില്‍ അടുത്തിടെ റിലീസ് ചെയ്ത 'ഡൈനിങ് വിത്ത് ദി കപൂര്‍സ്' എന്ന റിയാലിറ്റി ഷോയിലെ ദൃശ്യങ്ങളാണ് താരത്തിന്റെ പിആര്‍ ടീമിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായത്.
രാമന്റെ വിശുദ്ധമായ വേഷത്തോടുള്ള ആദരവ് കാരണം രണ്‍ബീര്‍ മദ്യപാനവും മാംസാഹാരവും പൂര്‍ണ്ണമായി ഉപേക്ഷിച്ച് 'സാത്വിക' ജീവിതശൈലി പിന്തുടരുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കപൂര്‍ കുടുംബം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതായി കാണിക്കുന്ന ഷോയിലെ ഒരു രംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വിഡിയോയില്‍ ഫിഷ് കറിയും ജംഗ്ലി മട്ടണ്‍ പോലുള്ള മാംസ വിഭവങ്ങളും തീന്‍മേശയില്‍ വിളമ്പുന്നത് കാണാം. രണ്‍ബീറും കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം ആസ്വദിക്കുന്നുണ്ട്.
ഇതോടെ, പ്രചാരണവും യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. 'നുണകള്‍ ഒന്നൊന്നായി' എന്ന തലക്കെട്ടോടെയാണ് പലരും പ്രതികരിക്കുന്നത്. 'ഇമേജ് ബില്‍ഡിംഗിനായി അനാവശ്യമായ നാടകങ്ങള്‍' ഉണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടു. രണ്‍ബീറിന്റെ പിആര്‍ ടീമിനെതിരെയാണ് പ്രധാന വിമര്‍ശനം. നടനെതിരെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.