വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ ഈ ചിത്രം മികച്ച ഒരു വഴിത്തിരിവായിരുന്നു സമ്മാനിച്ചത്. മികച്ച നടനുളള ദേശീയ പുരസ്‌കാരം ചരിത്ര സിനിമയിലെ പ്രകടനത്തിലൂടെ നടൻ മമ്മൂട്ടി സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് നിര്‍മ്മാതാവ് പിവി ഗംഗാധരന്‍ ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ്സ് തുറന്നിരിക്കുകയാണ്.
വടക്കന്‍ വീരഗാഥ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മുതലേ മമ്മൂട്ടി തന്നെയായിരുന്നു. എംടി സാറും ഹരിഹരന്‍ സാറും ചേര്‍ന്ന് ആ റോള്‍ ചെയ്യാന്‍ മമ്മൂട്ടിയെ തിരഞ്ഞെടുത്തു. അപ്പോ മമ്മൂട്ടി അതിന് അനുയോജ്യനായ ആളാണെന്ന് എല്ലാവര്‍ക്കും തോന്നി. മമ്മൂട്ടി ബോഡി മാത്രമല്ല ഓരോ അഭിനയങ്ങളും അദ്ദേഹം പ്രാക്ടീസ് ചെയ്ത് നന്നായിട്ട് ചെയ്തു. വാള്‍പ്പയറ്റ് ഒന്നും അദ്ദേഹത്തിന് മുന്‍പ് അറിയില്ലായിരുന്നു. എന്നാല്‍ അത് സമയമെടുത്ത് പഠിച്ചാണ് അദ്ദേഹം അത് ചെയ്തത്.
ഗുരുവായൂര്‍ ഒരു ഹോട്ടലിന്റെ മുകളില്‍ പോയിട്ട് മമ്മൂട്ടിയും മാധവിയും അത് പഠിച്ചു. ഇപ്പോഴത്തെ കാലത്തെ പോലെ ടെക്‌നിക്‌സ് ഒന്നും അന്ന് ഇല്ല. അന്നൊക്കെ ഒറിജിനാലിറ്റിയാണ്. അവര്‍ക്ക് പരിക്ക് ഒന്നും പറ്റിയിരുന്നില്ല. എല്ലാവരും നന്നായിട്ട് ചെയ്തു. ഞങ്ങളുടെ ജീവിതത്തിലെ എറ്റവും നല്ല സിനിമ എന്ന് കരുതുന്ന ചിത്രമാണ് വടക്കന്‍ വീരഗാഥ, അഭിമുഖത്തില്‍ പിവി ഗംഗാധരന്‍ പറഞ്ഞു.