ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നെത്തിയ പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫർ തിയേറ്ററിലും കൊളിളക്കം സൃഷ്ടിച്ച് മുന്നേറുകയാണ്.മലയാള സിനിമ കണ്ട വൻ വിജയത്തിലേക്ക് ചിത്രം കുതിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മോഹൻലാൽ എന്ന താരത്തെ അദ്ദേഹത്തിന്റെ ആരാധകർ എങ്ങനെയാണോ കാണാൻ ആഗ്രഹിച്ചത് അതു തന്നെയായിരുന്നു പൃഥ്വിരാജ് ഒരുക്കിയിരിക്കുന്നത്. ചിത്രം റീലിസ് ദിവസം തിയേറ്ററിലെത്തി കണ്ടവരിൽ മോഹൻലാലും ഉണ്ടായിരുന്നു. എറണാകുളം കവിതാ തിയേറ്ററിൽ പൃഥിയും, മോഹൻലാലും ഒപ്പം ലൂസിഫറിന്റെ അണിയറപ്രവർത്തകരും ഫാൻസിനൊപ്പം സിനിമ കാണാനെത്തിയതും വാർത്തയായിരുന്നു. എന്നാൽ ലാലുമൊത്ത് ആദ്യദിവസം ലൂസിഫർ കാണാൻ പോയ രസകരമായ അനുഭവം തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. 91.7 എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് പൃഥി അനുഭവം പങ്ക് വച്ചത്.
പൃഥ്വിയുടെ വാക്കുകൾ ഇങ്ങനെ-
'ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇനി സംവിധാനം ചെയ്യുമോന്നും അറിയില്ല. എന്തായാലും ഈ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാം എന്ന് വിചാരിച്ച് എറണാകുളത്തെ കവിതാ തിയേറ്ററിലേക്ക് പോവുകയാണ്. അപ്പോൾ എന്നോട് ആന്റണി ചേട്ടൻ പറഞ്ഞു, ട്രാവൻകൂർ ഹോട്ടലിൽ വന്നിട്ട് നമുക്ക് ഒരുമിച്ചു പോകാം. അങ്ങനെ ഞാൻ ട്രാവൻകൂറിലേക്ക് പോയി. ഞാൻ നോക്കിയപ്പോൾ ലാലേട്ടൻ വന്നു വണ്ടിയിലിരിക്കുന്നു. ഞാൻ ചോദിച്ചു, ചേട്ടനിതെങ്ങോട്ടാ? അപ്പോ പറഞ്ഞു മോനെ ഞാനും വരുന്നുണ്ട്.
ഞാൻ ചോദിച്ചു, കവിതാ തിയേറ്രറിലോ?ചേട്ടൻ കവിതാ തിയേറ്രിലേക്ക് വരുന്നോ? എന്റെ പൊന്നേട്ടാ അത് നടക്കൂല. ഒരു കുഴപ്പവുമില്ല മോനെ. ചേട്ടൻ വരുന്നുണ്ട്. മോന് ചേട്ടൻ തരുന്ന ഗിഫ്റ്റാണത് എന്ന് ലാലേട്ടൻ പറഞ്ഞു. എനിക്കാണെങ്കിൽ സിനിമ കാണാനും വയ്യ, ലാലേട്ടൻ അടുത്തിരിക്കുന്നു. ചില്ലറപെട്ട കാര്യമൊന്നുമല്ല. മോഹൻലാൽ ആണേ...പത്തയ്യായിരം ആൾക്കാരുടെ ഇടയിലേക്ക് കൊണ്ടിറങ്ങുമ്പോൾ അതെനിക്കൊരു ലൈഫ് ടൈം എക്സ്പീരിയൻസ് ആയിരുന്നു. സിനിമ ഡയറക്ട് ചെയ്തു എന്നതിന്റെ അത്രയും വലിയ എക്സ്പീരിയൻസ് തന്നെയായിരുന്നു നോർമൽ ഓഡിയൻസിന്റെ ഇടയിലിരുന്ന് ലാലേട്ടന്റെ തൊട്ടടുത്തിരുന്ന് കാണുക എന്നുള്ളത്.