പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ഡെറിക്ക് മാല്‍ക്കം ഒരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ എഴുതിയത് ഓര്‍ക്കുന്നു. ' ഈ നടന്് ഹോളിവുഡ്ഡ് നടന്‍മ്മാരെ വെല്ലുന്ന രീതിയില്‍ അഭിനയിക്കാനും പ്രേക്ഷകരെ സ്വന്തം കരിസ്മകൊണ്ട് പിടിച്ചിരുത്താനും കഴിയുന്നുണ്ട്. പക്ഷേ അയാള്‍ക്കുവേണ്ട രചനാപരവും സാങ്കേതികവുമായ പിന്തുണ എത്രത്തോളം ഇന്ത്യന്‍ സിനിമക്ക് കൊടുക്കാന്‍ കഴിയുന്നുണ്ട്'- ഈ 67ാം വയസ്സിലും കരിയറിന്റെ അവസാനഘട്ടത്തിലെത്തിനില്‍ക്കുമ്പോഴും, യുവാക്കളെ വെല്ലുന്ന ഊര്‍ജ്ജവുമായി ശരിക്കും മാണിക്യമാവുകയാണ് നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി. ഒരു സിനിമകണ്ടാലൊന്നും പ്രവര്‍ത്തിക്കുന്നവയല്ല മനുഷ്യന്റെ കണ്ണുനീര്‍ ഗ്രന്ഥികള്‍ എന്ന ധാരണയെയും 'പേരന്‍പ് ' എന്ന പുതിയ തമിഴ് സിനിമിലെ മമ്മൂട്ടിയുടെ പ്രകടനം തിരുത്തിക്കുറിക്കുന്നു.
സത്യം പറഞ്ഞാല്‍ വ്യാവസായിക സിനിമയുടെ ഇമേജും ഹീറോയിസവും എല്ലാം ചേര്‍ന്ന്് ചങ്ങലക്കിട്ടിരിക്കുന്ന ഒരു മൊഗാതാരത്തിലെ നടന്റെ പുനര്‍ജ്ജനിലാണ് പേരന്‍പ്. നിസ്സംശയം പറയാം ഇത്തവണത്തെ ദേശീയ അവാര്‍ഡിന് മല്‍സരിക്കാന്‍ മമ്മൂട്ടിയുമുണ്ടാവും. കാമ്പില്ലാ കഥാപാത്രങ്ങളൊരുക്കി മഹാനടനെകൊണ്ട് കോമളി വേഷം കെട്ടിക്കുന്ന മലയാളത്തിലെ സംവിധായകര്‍ ഈ തമിഴ് ചലച്ചിത്രം കണ്ടുപടിക്കട്ടെ. എത്ര ഖനനം ചെയ്താലും തീരാത്ത ഭാവങ്ങളുടെ അക്ഷയ ഖനിയാണ് താനെന്ന് ഈ നടന്‍ ഒരിക്കല്‍കൂടി തെളിയിക്കുന്നു.
കഴിഞ്ഞ അഞ്ചാറുവര്‍ഷങ്ങള്‍ക്കിടയില്‍ മമ്മൂട്ടിയിലെ നടനെ ചൂഷണം ചെയ്യുന്ന എത്ര കഥാപാത്രങ്ങള്‍ ഉണ്ടായി എന്ന് നോക്കിയാലറിയാം.
നമ്മുടെ ചലച്ചിത്രകാരന്‍മ്മാരുടെ പ്രതിഭാ ദാരിദ്രം. വേണുവിന്റെ മുന്നറിയപ്പ്, പത്തേമാരിയിലെ ചിലരംഗങ്ങള്‍ തുടങ്ങിയ മാറ്റിവെച്ചാല്‍, സമീപകാലത്ത് മമ്മൂട്ടിയുടെ പ്രതിഭതെളിയിക്കുന്ന യാതൊരു വേഷം കൈയില്‍ കിട്ടാറില്ലായിരുന്നു. ഈ ടെയിലര്‍ മേഡ് അരോചകങ്ങള്‍ക്കിടയില്‍, മണ്ണില്‍ നില്‍ക്കുന്ന നാടന്‍ കഥാപാത്രത്തിന്റെ കഥ ഈ താരത്തിനുകൊടുത്ത സംവിധായകന്‍ റാമിനോട് പ്രേക്ഷകര്‍ കടപ്പെട്ടിരിക്കുന്നു. ഇനി തീര്‍ത്തും മമ്മൂട്ടിയുടെ വണ്‍മാന്‍ഷോയല്ല ഈ ചിത്രം. അടിസ്ഥാനമായി ഇതൊരു സംവിധായകന്റെ സിനിമ തന്നെയാണ്. സാധാരണക്കാരനായ അച്ഛന്റെയും, അസുഖക്കാരിയായ മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങളായി പറഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍, കിം കിഡുക്കിന്റെയും താര്‍ക്കോവിസ്‌ക്കിയുടെയും ചില സിനിമകളാണ് ഓര്‍ത്തുപോയത്. ഇന്ത്യന്‍ സിനിമയില്‍ ഇനിയും അത്ഭുദങ്ങള്‍ കാട്ടാന്‍ കഴിവുള്ളയാണാണ് റാം എന്ന് ഒരിക്കല്‍കൂടി തെളിയുന്നു. ദേശീയ അവാര്‍ഡ് നേടിയ തങ്കമീന്‍കള്‍ എന്ന ഒറ്റപ്പടം കണ്ടവര്‍ക്ക് അറിയാം റാമിന്റെ ക്രാഫ്റ്റ്. കട്രത് തമിഴും, തങ്കമീന്‍കളും, തരമണിയുമൊക്കെയൊരുക്കിയ തമിഴ് സംവിധായകന്‍ റാമിന് കേരളത്തിലും ആരാധകര്‍ ഏറെയുണ്ട്. പരീക്ഷണങ്ങള്‍ ഒരുക്കാന്‍ പൊതുവെ വിമുഖത കാട്ടുന്ന ഇന്ത്യന്‍ സംവിധായകരില്‍നിന്ന് വേറിട്ട പാതയൊരുക്കാനുള്ള റാമിന്റെ ശ്രമങ്ങളും പ്രശംസനീയം ന്നെ. അമീര്‍സുല്‍ത്താനും, ശശികുമാറും, സുശീലനും, സൂശിഗണേഷനും, മിഷ്‌ക്കിനും, വസന്തബാലനും, ഗൗതംമേനോനും, വിജയ് സേതുപതിയുമൊക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന നവതരംഗത്തെ പുഷ്ടിപ്പെടുത്തുന്ന സംവിധായകരുടെ പാതയിലുടെയാണ് റാമിന്റെയും സഞ്ചാരം.
പറഞ്ഞുവരുന്നത് ഇതൊരു ബുദ്ധിജീവി പടം ആണെന്നല്ല. നല്ല സിനിമയെ സ്‌നേഹിക്കുന്ന, ഏത് സാധാരക്കാരനും മനസ്സിലാവുന്ന രീതിയില്‍, ഒറ്റപ്പെട്ടുപോല ഒരു പിതാവും മകളും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ നീങ്ങുന്നത്. പേരന്‍പ് എന്ന വാക്കിന്റെ അര്‍ഥം വലിയ സ്‌നേഹം എന്നുതന്നെ.അമുദന്‍ എന്ന ദീര്‍ഘകാലം ഗള്‍ഫില്‍ ജോലിചെയ്ത് നാട്ടിലെത്തിയ ഒരു സാധാരണക്കാരായ ടാക്‌സി ഡൈവ്രറുടെ റോളിലാണ് മമ്മൂട്ടിയെത്തുന്നത്.സ്പാസ്റ്റിക്ക് പരാലിസിസ് എന്ന സവിശേഷരോഗമുള്ള പാപ്പയെന്ന് വിളിക്കുന്ന തന്റെ മകളാണ് അയാളുടെ എല്ലാം. പത്ത് വര്‍ഷത്തിലേറെയായി ഗള്‍ഫില്‍ ജോലി തിരച്ചെത്തുമ്പോള്‍ അയാള്‍ അറിയുന്നത് കൗമാരത്തിലേക്ക് കടന്ന തന്റെ മകളെ തനിച്ചാക്കി ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നാണ്. കൈവിരലുകള്‍ ഒടിഞ്ഞു തൂങ്ങി, നാവ് പുറത്തേക്ക് തള്ളി, പിണഞ്ഞ കാലുമായി വേച്ച് നടക്കുന്ന തന്റെ മകള്‍ക്ക് പിന്നീടയാള്‍ അമ്മയുമാവുന്നു. കുട്ടി ആദ്യമൊന്നും അമുദനെ അംഗീകരിക്കുന്നില്ല. സ്വന്തം ബന്ധുക്കള്‍പോലും ഒറ്റപ്പെടുത്താന്‍ തുടങ്ങുന്നതോടെ അയാള്‍ ഊട്ടിയിലെ ഏകാന്തമായ ഒരിടത്തേക്ക് മാറുന്നു. മകളുടെ പ്രതീ സമ്പാദിക്കാനായി പാടുകയും ആടുകയും ചെയ്യുന്ന അമുദന്റെ അഞ്ചു മിനിട്ടിലേറെ നീണ്ടു നില്‍ക്കുന്ന ഒരു ഷോട്ടുണ്ട്.ക്ലാസിക്ക് എന്ന് പറഞ്ഞുപോവും.
എന്നാല്‍ തടാകവും മഞ്ഞും എല്ലാമായി പ്രകൃതി അനുഗ്രഹിച്ച ആ നാട്ടില്‍നിന്ന് റിയല്‍ എസ്‌റ്റേ് മാഫിയയുടെ കള്ളക്കളികള്‍ അയാളെയും മകളെയും വീണ്ടും നഗരത്തിലെത്തിക്കയാണ്. പിതാവും മകളുമായുള്ള വൈകാരിക രംഗങ്ങള്‍ ഇത്രമേല്‍ ശക്തമായി മറ്റൊരു സിനിമയിലും പകര്‍ത്തപ്പെട്ടിട്ടില്ല. പ്രത്യേകിച്ചും ലൈംഗികത എന്ന വിഷയം. മകളുടെ പാഡുവാങ്ങാനായി രാത്രി ഓടിപ്പോകുന്ന പിതാവ്, പാഡ് മാറ്റിച്ചുകൊടുക്കുന്നതും അയാള്‍ തന്നെ. മാനസിക -ശാരീരിക വൈകല്യങ്ങള്‍ക്കിടയിലും അവള്‍ വളരുകയാണെന്നും അവളില്‍ ലൈഗികാഭിമുഖ്യം ഉയരുന്നതും അമുദന്‍ ഞെട്ടലോടെ തരിച്ചറിയുന്നുണ്ട്. വിവാഹം ഒരിക്കലും നടപ്പില്ലെന്ന് ഉറപ്പായ തന്റെ മകള്‍ക്ക് പിന്നെ ശാരീരിക ആവശ്യങ്ങള്‍ക്ക് എന്താണ് പോംവഴിയെന്ന അമുദന്റെ അന്വേഷണം ഞെട്ടലോടെ മാത്രമേ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയൂ. കമലാഹസന്റെ മഹാനദിയൊക്കെയാണ് സമാനമായ വിറയല്‍ അവശേഷിപ്പിക്കുന്നത്. ട്രാന്‍സ് ജെന്‍ഡറുകളുടെ ജീവിതാവസ്ഥകള്‍, വെകല്യമുള്ളവരുടെ അഭയകേന്ദ്രങ്ങള്‍ എന്നപേരില്‍ നടക്കുന്ന സ്ഥാപങ്ങളുടെ കറുത്ത മുഖം എന്നിവയിലുടെയും ഈ ചിത്രം കടന്നുപോവുന്നുണ്ട്.
സാധാരണ ആര്‍ട്ട് ചാപ്പയൊട്ടിച്ച പടങ്ങളെപ്പോലെ ഇഴഞ്ഞു നീങ്ങുന്നതല്ല ഈ പടം. മനോഹരമായ ഫ്രയിമുകളിലൂടെ, ജാലക്കാഴ്ചകളിലൂടെ, രാത്രി ദൃശ്യങ്ങളിലൂടെ ചടുലമായിത്തന്നെ ചിത്രം മുന്നോട്ടുപോവുന്നു. കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്ന മമ്മൂട്ടിയുടെ ഒരു ആരാധകനും പണം പോവും എന്ന ആധിയുണ്ടാവേണ്ട കാര്യമില്ല. അമുദന്‍ താമസിക്കുന്ന ഊട്ടിയിലെ വീട് തട്ടിയെടുക്കുന്നതിനായി റിയല്‍ എസ്‌റ്റേറ്റ് -റിസോര്‍ട്ട് മാഫിയ നടത്തുന്ന ചില ശ്രമങ്ങളും, അതിനായി വരുന്ന ഒരു വേലക്കാരിയുമൊക്കെയുള്ള ആദ്യപകുതിയിലെ ചില ഭാഗങ്ങില്‍ മാത്രമാണ് ഈ ലേഖകന് അഭിപ്രായ വ്യത്യാസമുള്ളത്. പക്ഷേ അവിടെയും ഒറിജിനാലിറ്റി നഷ്ടപ്പെടാതെ കൊണ്ടുപോകാന്‍ സംവിധായകന് ആവുന്നുണ്ട്.
റാമിന്റെ തങ്കമീന്‍കളിലൂടെ സിനിമയില്‍ എത്തിയ സാധനയാണ് അമുദന്റെ രോഗിയായ മകളായി എത്തിയിരിക്കുന്നത്. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള കഥാപാത്രത്തെ പൂര്‍ണമായും തന്നിലേക്ക് സ്വാംശീകരിച്ചിരിക്കുകയാണ് ഈ മിടുക്കി. മമ്മൂട്ടിയും സാധനയും തമ്മിലുള്ള കെമിസ്ട്രി അല്‍പ്പം പാളിയിരുന്നെങ്കില്‍ ചിത്രം ചീറ്റിപ്പോയേനെ. വീട്ടുജോലിക്കാരി വിജയലക്ഷ്മിയുടെ വേഷമിട്ട അജ്ഞലി, ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട മലയാളിയായ അഞ്ജലി അമീര്‍ എന്നിവരുടെും പ്രകടനം എടുത്തു പറയാതെ തരമില്ല. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തായ അഞ്ജലി അമീറിന് ഈ പടം ബ്രേക്കാവുമെന്ന് ഉറപ്പാണ്. ആദ്യ പകുതിയെ കിംകിഡുക്കിന്റെ 'സമ്മര്‍ വിന്റര്‍ ഫാള്‍ സ്പ്രിങ്ങിനെ' ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍, പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ തേനി ഈശ്വറിന്റെ ക്യാമറ ചലിക്കുമ്പോള്‍ കിട്ടുന്നത് ഗംഭീര ഫ്രയിമുകളാണ്.സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ പേര് എഴുതിക്കാണിക്കുമ്പോഴേ തീയേറ്ററില്‍ കൈയടി ഉയരുകയാണ്. ആ പ്രതീക്ഷ കാത്തു്െകാണ്ടുതന്നെയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലവും.
വാല്‍ക്കഷ്ണം: നല്ല സിനിമകളെ ആര്‍ട്ട് പടങ്ങള്‍ എന്ന് ചാപ്പയടിച്ച് തീയേറ്ററിന് പുറത്താക്കുകയെന്ന കലാപരിപാടി കഴിഞ്ഞ കുറേക്കാലമായി മലയാളത്തില്‍ ഉണ്ടായിരുന്നു. സലീം കുമാറിന്റെ 'കറുത്ത ജൂതന്റെ'യൊക്കെ അനുഭവം നോക്കുക. മമ്മൂട്ടിയുടെ സമീപകാലത്തെ എറ്റവും മികച്ച നടന മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടും 'മുന്നറിയിപ്പ്' എന്ന ചിത്രത്തിന് ഫാന്‍സുകാര്‍ പോലും കയറിയില്ല. എന്നാല്‍ ഈ പടത്തെ സംബന്ധിച്ച് ഏറ്റവും സ്‌ന്തോഷിപ്പിക്കുന്ന കാര്യം ഇതാണ്്. ഹൗസ് ഫുള്ളായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒരു പക്കാ കൊമേര്‍ഷ്യല്‍ സിനിമക്കെന്നപോലെ ഫാന്‍സുകാരും കൈയടിക്കുന്നു. നല്ല ചിത്രം ഒരുക്കിയാല്‍ മാത്രം പോര അത് നന്നായി മാര്‍ക്കറ്റ് ചെയ്യുകയും വേണമെന്ന് പേരന്‍പിന്റെ വിജയം ഓര്‍മ്മിപ്പിക്കുന്നു.