മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സ് പാഞ്ഞെത്തിയപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ് ഡ്രൈവര്‍ ഹസ്സന്‍ ദേളി. നാല് മണിക്കൂര്‍ കൊണ്ടാണ് നാനൂറ്റി അമ്പത് കിലോമീറ്റര്‍ ഹസ്സന്‍ പിന്നിട്ടത്. ആ മനസ്സുറപ്പിനെയും മഹാനന്‍മയെയും വാഴ്ത്തുകയാണ് കേരളം. സമൂഹമാധ്യമങ്ങളില്‍ ഹസന്‍ ഹീറോ ആയിരിക്കയാണ്. ഇതാണ് യഥാര്‍ത്ഥ ദൈവത്തിന്റെ കരങ്ങളെന്നാണ് സമൂഹം ഒന്നടങ്കം പറയുന്നത്.
നിരവധി പേരാണ് ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. യുവതാരം നിവിന്‍ പോളിയും ഇപ്പോള്‍ ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് നിവിന്‍ പോളി ഹസനെ അഭിനന്ദിച്ചിരിക്കുന്നത്. ഹസന്‍ എന്റെ ഹീറോയാണ്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട് എന്നാണ് നിവിന്‍ പോളി കുറിച്ചത്.
പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവനായി വഴിയൊരുക്കി കേരളം ഒരുമിച്ചു നില്‍ക്കുകയായിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയ വേണ്ട നവജാതശിശുവുമായി മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാനായി നാടൊന്നാകെ ഒരുങ്ങി. യാത്രാമധ്യേ ആരോഗ്യമന്ത്രിയുടെ ഇടപെടലില്‍ കുട്ടിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യമേര്‍പെടുത്തി.രാവിലെ പതിനൊന്നിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 400 കി.മീ. അഞ്ചരമണിക്കൂറില്‍ പിന്നിട്ട് ആംബുലന്‍സ് നാലരയോടെ കൊച്ചി അമൃത ആശുപത്രിയിലെത്തി. കാസര്‍കോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് ഒരുക്കിയത്.
KL-60 - J 7739 എന്ന ആംബുലന്‍സ് ഓടിച്ചത് കാസര്‍കോട് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സന്‍ ദേളി എന്ന 34കാരനാണ്. സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്. തന്റെ ദൗത്യം ഏറ്റവും കൃത്യമായി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഇപ്പോള്‍ താരമാകുകയാണ് ഹസ്സന്‍.ഇതാദ്യമായല്ല ഹസ്സന്‍ ദേളി ദീര്‍ഘദൂര യാത്രകള്‍ ഏറ്റെടുക്കുന്നത്. 2017 ഡിസംബര്‍ പത്താം തീയതി മംഗലാപുരത്തെ എജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സന്‍ അന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമെടുത്താണ് ഹസ്സന്‍ രോഗിയെ എത്തിച്ചത്.