ഞാന്‍ അത്ഭുതത്തോടെ നോക്കിയിരുന്നു; കോട്ടയം രമേഷ് അയ്യപ്പനും കോശിയും എന്ന സച്ചിയുടെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയതിനെക്കുറിച്ച് കുറിപ്പ് പങ്കുവച്ച് അഫ്‌സല്‍

Malayalilife
 ഞാന്‍ അത്ഭുതത്തോടെ നോക്കിയിരുന്നു; കോട്ടയം രമേഷ് അയ്യപ്പനും കോശിയും എന്ന സച്ചിയുടെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയതിനെക്കുറിച്ച് കുറിപ്പ് പങ്കുവച്ച് അഫ്‌സല്‍

ന്നലെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചത്. അകാലത്തിന്റെ പൊലിഞ്ഞ അദ്ദേഹത്തിന്റെ മരണം മലയാളസിനിമയെ നടുക്കിയിരിക്കയാണ്. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഉപ്പും മുളകും എന്ന ഹിറ്റ് സീരിയലിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ അഫ്‌സല്‍ കരുനാഗപള്ളി പങ്കുവച്ച സച്ചിയുടെ ഒരു ഓര്‍മ്മകുറിപ്പാണ് ശ്രദ്ധനേടുന്നത്. ഉപ്പും മുളകില്‍ ബാലുവിന്റെ അച്ഛന്‍ മാധവന്‍ തമ്പിയായി എത്തുന്ന കോട്ടയം രമേഷ് അയ്യപ്പനും കോശിയും എന്ന സച്ചിയുടെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇതേപറ്റിയാണ് അഫ്‌സലിന്റ കുറിപ്പ്. രമേശ് ഈ സിനിമയിലേക്ക് എത്തിയതിനെപറ്റിയും സച്ചിയെ നേരില്‍ കണ്ട നിമിഷത്തെകുറിച്ചുമാണ് അഫ്‌സല്‍ കുറിച്ചത്.

കഴിഞ്ഞ വര്‍ഷമാദ്യം ഒരു ദിവസം ഉപ്പും മുളകും ഷൂട്ടിന്റെ ഇടവേളയില്‍ രമേഷേട്ടന്‍ എന്നോട് പറഞ്ഞു 'സംവിധായകന്‍ സച്ചി എന്നെ വിളിച്ചിരുന്നു എറണാകുളത്തുണ്ടെങ്കില്‍ ഒന്നു കാണാന്‍ പറ്റുമോ' എന്ന് ചോദിച്ചു. കേട്ടപാടെ സച്ചിയെന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ ആരാധകനായ ഞാന്‍ ചാടി വീണ് നമുക്ക് ഒരുമിച്ച് പോകാം എന്ന് പറഞ്ഞു. അന്ന് വൈകിട്ട് ഷൂട്ടും കഴിഞ്ഞു ഞാനും രമേഷേട്ടനും കൂടി നേരെ കാക്കനാട് സച്ചിയേട്ടന്‍ പറഞ്ഞ വില്ലയിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ ഡോര്‍ തുറന്നതും ഞങ്ങളെ സ്വീകരിച്ചതുമെല്ലാം സച്ചിയേട്ടന്‍ തന്നെയായിരുന്നു. പഴയ നാടകക്കാരനായത് കൊണ്ടും ഇപ്പോഴും കൃത്യമായി നാടകങ്ങള്‍ വീക്ഷിക്കുന്നത് കൊണ്ടും രമേഷേട്ടനോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു സച്ചിയേട്ടന്. രമേഷേട്ടന്‍ എന്നെ സച്ചിയേട്ടന് പരിചയപ്പെടുത്തി.

കലാനിലയത്തിലെ നാടക വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞതിനു ശേഷം പതിയെ സച്ചിയേട്ടന്‍ വിളിപ്പിച്ച കാര്യം പറഞ്ഞു 'ഞാന്‍ അടുത്ത ചെയ്യാന്‍ പോകുന്ന സിനിമയില്‍ പൃഥിയും ബിജുവുമാണ് നായകന്മാര്‍ അതിലെ ഒരു പ്രധാന വേഷം ചേട്ടന്‍ ചെയ്യണം. പൃഥി ചെയ്യുന്ന കോശി എന്ന കഥാപാത്രത്തിന്റെ ഡ്രൈവര്‍ വേഷമാണ്. കോശി ജയിലില്‍ പോകുന്ന കുറച്ചു സീനുകള്‍ ഒഴികെ പൃഥ്വിരാജ് വരുന്ന ഭൂരിഭാഗം സീനുകളിലും ചേട്ടന്‍ ഉണ്ട്. അട്ടപ്പാടിയാണ് ലൊക്കേഷന്‍. ചേട്ടന്‍ മുഴുവന്‍ സമയവും ലൊക്കേഷനില്‍ കാണണം.ഇതിന്റെയിടയില്‍ കേറി മറ്റൊരു വള്ളിയും പിടിക്കരുത് '. കേട്ടിരുന്ന എനിക്ക് തന്നെ രോമാഞ്ചം വന്നു അപ്പോള്‍ പിന്നെ രമേഷേട്ടന്റെ കാര്യം പറയേണ്ടല്ലോ സമ്മതം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ലായിരുന്നു. അപ്പോള്‍ തന്നെ കുമാരന്‍ എന്ന കഥാപാത്രത്തെ പറ്റി സച്ചിയേട്ടന്‍ രമേഷേട്ടന് വിശദീകരിച്ചു കൊടുത്തു. കുമാരന്‍ മുണ്ട് മടക്കി കുത്തുന്നതും വണ്ടിയില്‍ ചാരി നില്‍ക്കുന്നതടക്കം ഒരു കഥാപാത്രത്തിന്റെ സൂക്ഷ്മ വിവരണം ഒരു എഴുത്തുകാരന്‍ നടനോട് പറഞ്ഞു കൊടുക്കുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കിയിരുന്നു

. എല്ലാം കഴിഞ്ഞു ഒരു ചായ കുടിയും കഴിഞ്ഞപ്പോള്‍ സച്ചിയേട്ടന്‍ പതിയെ എന്റെ വിശേഷങ്ങള്‍ ചോദിച്ചു. 'എന്നും ടെലിവിഷനില്‍ നില്‍കാനാണോ ഉദ്ദേശം നീ സിനിമ എഴുതുന്നില്ലേ.?'എന്നു ചോദിച്ചു. സിനിമ എഴുതാന്‍ ആഗ്രഹമുണ്ടെന്നും മനസ്സിലുള്ള കുറച്ചു കഥകള്‍ സമയം വരുമ്പോള്‍ എഴുതാനാണ് ഉദ്ദേശമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ സച്ചിയേട്ടന്‍ പഴയ വക്കീലിന്റെ കാര്‍ക്കശ്യത്തോടെ എന്നോട് പറഞ്ഞു 'ഇത് പഴയ പാരലല്‍ കോളേജ് അധ്യാപകര്‍ പറയുന്നത് പോലെയാണ്. സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആഗ്രഹം ഉണ്ട് സമയം വരട്ടെ നോക്കാം എന്നു പറയും. പക്ഷെ കാലാകാലം പാരലല്‍ കോളേജില്‍ പഠിപ്പിച്ചു അവര്‍ കാലം കഴിക്കും. അതു കൊണ്ടു ആ അവസ്ഥ നിനക്ക് വരരുത്. എന്നും ടെലിവിഷന്‍ തന്നെ നില്‍ക്കാതെ കിട്ടുന്ന അവസരങ്ങള്‍ മുതലാക്കി സിനിമകള്‍ ചെയ്യണം' എന്നും പറഞ്ഞാണ് അദ്ദേഹം യാത്രയാക്കിയതെന്ന് അഫ്‌സല്‍ പറയുന്നു.

 

Read more topics: # afsa,# face book,# post about,# sachy
afsal face book post about sachy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES